പല്ലുതേക്കുന്നതിനിടെ വീട്ടമ്മയുടെ കൈ വഴുതി ബ്രഷ് വിഴുങ്ങിപ്പോയി, അഞ്ചു ദിവസത്തിന് ശേഷം പുറത്തെടുത്തു

കോട്ടയം: വയറിനും തൊണ്ടയിലും അസ്വസ്ഥതയുമായെത്തിയ വീട്ടമ്മയുടെ വയറ്റില്‍ നിന്നും പുറത്തെടുത്തത് ടൂത്ത്ബ്രഷ്. അഞ്ചു ദിവസം മുന്‍പ് പല്ലുതേക്കുന്നതിനിടെ തൊണ്ടയിലെ തടസം നീക്കുന്നതിന് ബ്രഷ് ഉപയോഗിച്ച് കുത്തിയപ്പോള്‍ വിഴുങ്ങിപ്പോയ ബ്രഷാണ് പുറത്തെടുത്തത്.

മുണ്ടക്കയം സ്വദേശിയായ 40 കാരിയാണ് ബ്രഷ് വിഴുങ്ങിയത്. എന്നാല്‍, ഈ വിവരം വീട്ടുകാരെ അറിയിച്ചിരുന്നില്ല. ഇതിനിടെ, കഴിഞ്ഞ ദിവസം തൊണ്ടയില്‍ മുറിവും പഴുപ്പും ഉണ്ടായതോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് ബ്രഷ് കണ്ടെത്തിയത്. ഡോ.എന്‍ പ്രേമലതയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

സാധാരണയായി ആമാശയത്തില്‍ കുടുങ്ങുന്ന നീളമുള്ള വസ്തുക്കള്‍ അവിടെ വച്ചുതന്നെ ചെറു കഷണങ്ങളാക്കി മുറിച്ച് പുറത്തെടുക്കുകയാണ് ചെയ്യുക. എന്നാല്‍ 15 സെന്റീമീറ്റര്‍ നീളം വരുന്ന ബ്രഷ് ചെറുകഷണങ്ങളാക്കി പുറത്തെടുക്കുന്നത് അപകടത്തിന് ഇടയാകുമെന്ന് കണ്ട് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെ മുഴുവനായി പുറത്തെടുക്കുകയായിരുന്നു.