ആകാശം തുറക്കുന്നു, ആഭ്യന്തര സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍

ന്യൂഡല്‍ഹി: ആഭ്യന്തര വിമാന സര്‍വീസുകള്‍ ഈ മാസം 25ന് പുനരാരംഭിക്കും. കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ വിമാനത്താവളങ്ങളോടും വിമാന കമ്പനികളോടും 25ന് പ്രവര്‍ത്തനം നടത്താന്‍ തയ്യാറായിരിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശം പിന്നീട് പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യാത്രക്കാരെ കര്‍ശന നിബന്ധനകളോടെ ആയിരിക്കും യാത്രക്ക് അനുമതിക്കുക. എല്ലാവരുടെയും ഫോണില്‍ ആരോഗ്യ സേതു ആപ് നിര്‍ബന്ധം ആക്കുന്നതിനെക്കുറിച്ചു കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഈ മാസം ആദ്യം മുതല്‍തന്നെ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. എല്ലാ വിമാനത്താവളങ്ങളും പ്രവര്‍ത്തനത്തിനു സജ്ജമായിരിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ.) ആവശ്യപ്പെട്ടിരുന്നു. രണ്ടാഴ്ചയായി പ്രധാന വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധന നടന്നുവരികയായിരുന്നു.

Loading...

ലോക്ക്ഡൗണിനെത്തുടര്‍ന്നു കഴിഞ്ഞ മാര്‍ച്ച് 25 നാണ് രാജ്യത്തെ എല്ലാ ആഭ്യന്തര വിമാന സര്‍വീസുകളും നിര്‍ത്തിവച്ചത്. ചരക്കു വിമാനങ്ങളും വിദേശത്തു കുടുങ്ങിയ ഇന്ത്യക്കാരെ കൊണ്ടുവരാനുള്ള പ്രത്യേക സര്‍വീസുകളും മാത്രമാണ് അനുവവദിച്ചിരുന്നത്.