അത് ആരാണെന്ന കാര്യം കൃത്യമായി ഞങ്ങൾക്കറിയാം… പുതിയ ഐഎസ് തലവനെക്കുറിച്ച് ട്രംപിന്റെ ട്വീറ്റ് ഇങ്ങനെ

വാഷിങ്ടൺ: അൽ ബാഗ്ദാദിയ്ക്ക് പിന്നാലെ എത്തുന്ന ഐഎസിന്റെ പുതിയ തലവൻ ആരാണെന്ന് തങ്ങൾക്കറിയാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുതിയ തലവനെ തങ്ങൾക്കറിയാമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. ‘ഐഎസിന് പുതിയ തലവൻ ഉണ്ടായിരിക്കുന്നു. അത് ആരാണെന്ന കാര്യം കൃത്യമായി ഞങ്ങൾക്കറിയാം’ എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. എന്നാൽ പുതിയ തലവനെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ അമേരിക്ക പുറത്തുവിട്ടിട്ടില്ല.

അമേരിക്കയുടെ നേതൃത്വത്തിലുള്ള കമാൻഡോ ആക്രമണത്തിനിടെ ഐഎസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെയാണ് ഐഎസ് പുതിയ തലവനെ തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്.

Loading...

അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടതിനുപിന്നാലെ പുതിയ തലവനായി അബു ഇബ്രാഹിം അൽ ഹാഷിമി അൽ ഖുറൈശിയെ തിരഞ്ഞെടുത്തതായി കഴിഞ്ഞ ദിവസം ഐഎസ് വ്യക്തമാക്കിയിരുന്നു. ബാഗ്ദാദി കൊല്ലപ്പെട്ട വിവരവും ശബ്ദസന്ദേശത്തിലൂടെ ഐ.എസ്. സ്ഥിരീകരിച്ചിരുന്നു.

പുതിയ തലവൻ അബു ഇബ്രാഹിം അൽ ഹാഷിമിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ തങ്ങൾക്കറിയാമെന്ന് അമേരിക്ക വ്യക്തമാക്കിയിരിക്കുന്നത്.

ഒരൊറ്റ നിമിഷം കൊണ്ട് അഗ്‌നിഗോളമായി ബാഗ്ദാദി മാറുകയായിരുന്നു. യു.എസ്. നടപടിയിങ്ങനെ…

ഇരുട്ടിനെ കീറിമുറിച്ചെത്തിയ പരിശീലനം ലഭിച്ച നായ്ക്കളും അതിനുപിന്നിൽ യു.എസിന്റെ പ്രത്യേക കമാൻഡോകളും ഒറ്റവാതിലുള്ള ആ തുരങ്കം വളഞ്ഞപ്പോൾ അയാൾക്ക് രക്ഷപ്പെടാൻ ഒരു പഴുതും അവശേഷിച്ചിരുന്നില്ല. കണ്ണടച്ചുതുറക്കുന്ന വേഗത്തിൽ, ബാരിഷ ഗ്രാമത്തെ നടുക്കി ആ കൊടുംഭീകരൻ സ്വയം ചിതറിത്തെറിച്ചു. ഒപ്പം അയാൾ മനുഷ്യകവചങ്ങളായി കൂടെക്കൂട്ടിയിരുന്ന മൂന്നുകുഞ്ഞുങ്ങളും. യു.എസിന്റെ ‘കായ്ല മുള്ളർ’ ഓപ്പറേഷനിൽ, വർഷങ്ങളോളം ലോകത്തെ വിറപ്പിച്ച ഐ.എസ്. തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ അന്ത്യം ഇങ്ങനെയായിരുന്നു. ഹെലികോപ്റ്ററിലിറങ്ങിയ സൈന്യത്തിന് അയാളെ ജീവനോടെ പിടികൂടാനായില്ല.

സിറിയയിലെ ഇഡ്ലിബ് പ്രവിശ്യയിലെ ഉൾനാടൻ ഗ്രാമമായ ബാരിഷയിലായിരുന്നു ബാഗ്ദാദിയുടെ ഒളിത്താവളം. തുർക്കി അതിർത്തിയിൽനിന്ന് അഞ്ചുകിലോമീറ്റർമാത്രം അകലെയാണിത്.

ബാഗ്ദാദിയുടെ അടുത്ത സഹായിയായ ഇസ്മയിൽ അൽ ഏതാവിയിൽനിന്ന് ഇറാഖ് ഇന്റലിജൻസിനാണ് ബാഗ്ദാദിയെക്കുറിച്ചുള്ള ആദ്യസൂചന ലഭിക്കുന്നത്. പച്ചക്കറി നിറച്ച ബസുകളിൽ സഞ്ചരിച്ചായിരുന്നു ബാഗ്ദാദി അനുയായികളുമായി ചർച്ച നടത്തുന്നത്. എന്നാൽ ഇസ്മയിൽ തുർക്കിയുടെ പിടിയിലാകുകയും പിന്നീട് ഇറാഖിനു കൈമാറുകയും ചെയ്തതോടെ ബാഗ്ദാദിയുടെ നീക്കങ്ങൾ ഇയാളിൽനിന്ന് മനസ്സിലാക്കി.

ഒരുമാസം മുമ്പാണ് ബാഗ്ദാദി ഇഡ്ലിബിലുണ്ടെന്ന് യു.എസ്. ഇന്റലിജൻസിന് വിവരം ലഭിക്കുന്നത്. കുർദ് സൈന്യവും ചില നിർണായകവിവരങ്ങൾ നൽകിയതായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. രണ്ടാഴ്ചമുമ്പ് ഒളിത്താവളം ഇന്റലിജൻസ് ഉദ്യോഗസ്ഥർ കൃത്യമായി കണ്ടെത്തി.

അതേസമയം, തങ്ങളാണ് വിവരങ്ങൾ നൽകിയതെന്ന് കുർദിഷ് സൈന്യത്തിന്റെ നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസിന്റെ കമാൻഡർ മസ്ലോം അബ്ദി അവകാശപ്പെട്ടു.

പഴുതടച്ച ആസൂത്രണങ്ങൾക്കൊടുവിൽ ശനിയാഴ്ച പുലർച്ചെ പശ്ചിമ ഇറാഖിലെ അജ്ഞാത വ്യോമതാവളത്തിൽനിന്ന് സൈനികരും സൈനികപരിശീലനം ലഭിച്ച നായകളുമുൾപ്പെടുന്ന സംഘം എട്ടു ഹെലികോപ്റ്ററുകളിലായി പറന്നുയർന്നു. ഒരുമണിക്കൂർ പത്തുമിനിറ്റുകൊണ്ട് ലക്ഷ്യസ്ഥാനത്ത്.

ഭീകരവേട്ടയിൽ പ്രത്യേകപരിശീലനം ലഭിച്ച ഡെൽറ്റ ഫോഴ്സാണ് ഓപ്പറേഷൻ കായ്ല മുള്ളറിൽ പങ്കെടുത്തത്.