ട്രംപ് ഇന്ത്യയിലേക്ക് തിരിച്ചു; നരേന്ദ്രമോദി തന്റെ അടുത്ത സുഹൃത്തെന്ന് ട്രംപ്

വാഷിങ്ടണ്‍; രണ്ട് ദിവസത്തെ ഇന്ത്യാസന്ദര്‍ശനത്തിനായി എത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലേക്ക് തിരിച്ചു. ട്രംപും ഭാര്യ മെലാനിയ ട്രംപും മേരിലാന്‍ഡിലെ ആന്‍ഡ്രൂസ് എയര്‍ഫോഴ്‌സ് ബേസില്‍ നിന്നാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. നരേന്ദ്രമോദി തന്റെ അടുത്ത സുഹൃത്താണ്,മോദിയുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളതെന്നും പുറപ്പെടുന്നതിന് മുന്‍പ് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഒപ്പം ഇന്ത്യയിലെ ജനങ്ങളോട് ഒത്തു ചേരാന്‍ താന്‍ കാത്തിരിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഭാര്യ മെലാനിയയെ കൂടാതെ മകള്‍ ഇവാന്‍ക ട്രംപും ഇവാന്‍കയുടെ ഭര്‍ത്താവ് ജെറാദ് കുഷ്‌നറും ട്രംപിനൊപ്പം ഇന്ത്യയിലെത്തുന്നുണ്ട്. ഫെബ്രുവരി 24,25, തിയതികളിലാണ് ട്രംപിന്റെ ഇന്ത്യാസന്ദര്‍ശനം. ഫെബ്രുവരി 24,25 തിയതികളിലാണ് ട്രംപ് ഇന്ത്യയിലുണ്ടാവുക. തിങ്കളാഴ്ച ഉച്ചയോടെ അഹമ്മദാബാദില്‍ ട്രംപ് വിമാനം ഇറങ്ങും. ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വിപുലമായ ഒരുക്കങ്ങളാണ് ഗുജറാത്ത്-കേന്ദ്രസര്‍ക്കാരുകള്‍ നടത്തിയിരിക്കുന്നത്. അഹമ്മദാബാദിലെ നമസ്‌തേ ട്രംപ് പരിപാടി, ആഗ്രയില്‍ താജ്മഹല്‍ സന്ദര്‍ശനം, ഡല്‍ഹിയില്‍ നയതന്ത്രചര്‍ച്ച എന്നിവയാണ് മുപ്പത്താറു മണിക്കൂര്‍ സന്ദര്‍ശനത്തിലെ പ്രധാനപരിപാടികള്‍ ചൊവ്വാഴ്ച ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസിലാണ് നയതന്ത്ര ചര്‍ച്ചകള്‍. രാവിലെ രാജ്ഘട്ടില്‍ മഹാത്മാ ഗാന്ധി സമാധിയില്‍ പുഷ്പചക്രം സമര്‍പ്പിച്ച ശേഷം രാഷ്ട്രപതി ഭവനില്‍ നല്‍കുന്ന ആചാരപരമായ സ്വീകരണം ട്രംപ് ഏറ്റുവാങ്ങും.

Loading...

നാളെ എത്തുന്ന യു എസ് പ്രസിഡന്‍റെ ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും രാജകീയ സ്വീകരണമാണ് ഒരുക്കുന്നത്. വിമാനത്താവളത്തിൽ നിന്ന് അമർ വിലാസ് കൊട്ടാരത്തിലേക്കുള്ള 10 കിലോമീറ്റർ ദൂരം ഹരിതമേഖലയാക്കി മാറ്റിക്കഴിഞ്ഞു. ഒറ്റരാത്രി കൊണ്ട് 16,000 ചെടി സസ്യങ്ങളാണ് റോഡരികിൽ നിരന്നത്. ട്രംപ് പാതയിലൂടെ കടന്നു പോകുമ്പോൾ 60, 000 ഇന്ത്യൻ – അമേരിക്കൻ പതാകകൾ കൈയിലേന്തിയ കുട്ടികൾ റോഡിനിരുവശവും അണിനിരക്കും.

21 കേന്ദ്രങ്ങളിലായി അണിനിരക്കുന്ന 3000 നർത്തകർ സംസ്ഥാനത്തിന്‍റെ സാംസ്കാരിക പാരമ്പര്യം പ്രകടിപ്പിക്കും. വിമാനത്താവളത്തിൽ നിന്ന് താജ് മഹലിലേക്കുള്ള എട്ട് മിനിറ്റ് യാത്രയിൽ ഇതെല്ലാം ട്രംപ് കാണുമെന്നും ആസ്വദിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ട്രംപിന്‍റെ സന്ദർശനം ദൂരദർശൻ തത്സമയം സംപ്രേഷണം ചെയ്യും. ട്രംപ് യാത്ര ചെയ്യുന്ന വഴികളിലും താജ് മഹലിന് ഉള്ളിലുമായി ഒന്നിലധികം ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. അതേസമയം, പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ യു എസ് പ്രസിഡന്‍റ് കാണില്ല.

അതേസമയം, യു എസ് അനുചരസംഘത്തെ പ്രീതിപ്പെടുത്തുന്നതിന്‍റെ ഭാഗമായി താജ് മഹലിന് ചുറ്റും കറങ്ങിത്തിരിഞ്ഞിരുന്ന പശുക്കളെ പുറത്ത് കടത്തിയിരുന്നു. തെരുവു നായ്ക്കളെയും നഗരത്തിന് പുറത്ത് കടത്തിയിരുന്നു. ഈ മാസമാദ്യം താജ് മഹൽ സന്ദർശിക്കാൻ എത്തിയ ഒരു ഡാനിഷ് സഞ്ചാരിയെ പശു ആക്രമിച്ചിരുന്നു. പശുവിന്‍റെ ചിത്രമെടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ആക്രമണം നേരിട്ടത്. ആക്രമണത്തിൽ ഇയാൾക്ക് ചെറിയ ഒടിവുകളും തലയ്ക്ക് ചെറിയ പരിക്കുകളും പറ്റിയിരുന്നു.

എന്നാൽ, ആഗ്ര ഭരണകൂടത്തെ പ്രതിസന്ധിയിലാക്കുന്നത് പ്രദേശത്ത് കാണപ്പെടുന്ന കുരങ്ങന്മാരാണ്. 500 മുതൽ 5000 വരെ കുരങ്ങന്മാർ ഇവിടെയുണ്ടെന്നാണ് കണക്ക് കൂട്ടുന്നത്. നിയന്ത്രണവിധേയമല്ലാത്ത കുരങ്ങന്മാരെ ഭരണകൂടം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. കുരങ്ങന്മാരെ നിയന്ത്രിക്കാൻ വേണ്ടി മാത്രം 125 ഓളം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.