കശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാം; വാഗ്ദാനം ആവര്‍ത്തിച്ച് ട്രംപ്

ഡവോസ്: കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടാമെന്ന വാഗ്ദാനം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്നാണ് ട്രംപ് വീണ്ടും അറിയിച്ചിരിക്കുന്നത്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ട്രംപിന്റെ വാഗ്ദാനം. സ്വിറ്റ്‌സര്‍ലാന്റിലെ ഡാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറം വാര്‍ഷിക യോഗത്തിന് ശേഷമായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.

ഇമ്രാന്‍ ഖാനുമായുള്ള കൂടിക്കാഴ്ചയില്‍ കശ്മീരിനെക്കുറിച്ചും ഇന്ത്യ,പാകിസ്താന്‍ ബന്ധത്തെ സംബന്ധിച്ചും സംസാരിച്ചതായി ട്രംപ് പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ തങ്ങള്‍ക്ക് സഹായിക്കാന്‍ കഴിയുമെങ്കില്‍ തീര്‍ച്ചയായും സഹായിക്കുമെന്നും തങ്ങള്‍ ഇത് നിരീക്ഷിച്ചുവരികയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.ഇത് ഏഴാം തവണയാണ് കശ്മീര്‍ വിഷയത്തില്‍ ഇടപെടാനുള്ള താല്‍പര്യം ട്രംപ് പ്രകടിപ്പിക്കുന്നത്.

Loading...

2019 ജൂലൈയില്‍ ഇമ്രാന്‍ ഖാന്റെ വൈറ്റ് ഹൗസ് സന്ദര്‍ശനത്തിനിടെയായിരുന്നു ആവശ്യമെങ്കില്‍ വിഷയത്തില്‍ ഇടപെടാമെന്ന നിര്‍ദേശം ട്രംപ് ആദ്യമായി മുന്നോട്ടുവെച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു ട്രംപിന്റെ വാദം. ഇമ്രാന്‍ ഖാന്‍ ഈ നിര്‍ദേശത്തെ സ്വാഗതം ചെയ്‌തെങ്കിലും ട്രംപിന്റെ വാദത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് തള്ളി.പിന്നാലെ ഓഗസ്റ്റ്‌ 1ന് വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയും മധ്യസ്ഥത വഹിക്കാനുള്ള താല്‍പര്യം ട്രംപ് ആവര്‍ത്തിച്ചു.

രണ്ട് രാജ്യങ്ങളും ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും വിഷയത്തില്‍ ഇടപെടുമെന്നായിരുന്നു ട്രംപ് വ്യക്തമാക്കിയത്. ഓഗസ്റ്റ്‌ 26ന് ഫ്രാന്‍സില്‍നടന്ന ചടങ്ങിനിടെയും ട്രംപ് മാധ്യമങ്ങള്‍ക്ക് സമാനമായ പ്രതികരണം നല്‍കി.ഓഗസ്റ്റ്‌ 29നും ട്രംപ് ഇക്കാര്യം ആവര്‍ത്തിച്ചു. വിഷയം പരിഹരിക്കാന്‍ തന്നാലാവും വിധത്തില്‍ ഇടപെടാന്‍ തയ്യാറാണെന്നായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് ട്രംപ് നല്‍കിയ മറുപടി. സെപ്റ്റംബര്‍ 9ന് പ്രശ്‌നം പരിഹരിക്കാനായി ഇടപെടാന്‍ താന്‍ തയ്യാര്‍ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. സെപ്റ്റംബര്‍ 23ന് യുഎന്‍ പൊതുസഭാ സമ്മേളനത്തിന് ശേഷം നടന്ന ചര്‍ച്ചയ്ക്കിടെയും വിഷയത്തില്‍ ഇടപെടാനുള്ള താല്‍പര്യം ട്രംപ് പ്രകടിപ്പിച്ചു. സെപ്തംബര്‍ 25നും സമാനമായിരുന്നു പ്രതികരണം.