ജെസിയുടെ വാട്‌സ്ആപ്പ് വീഡിയോ ഷെയര്‍ ചെയ്ത യുവാവിനും ഡബിള്‍ ഹോഴ്‌സിന്റെ മുട്ടന്‍പണി ; അയച്ചത് 20 കോടിയുടെ വക്കീല്‍ നോട്ടീസ്‌

കൊച്ചി: ഡബിള്‍ ഹോഴ്‌സിന്റെ കള്ളത്തരം തുറന്നു കാട്ടുന്ന ജെസിയുടെ വാട്‌സ്ആപ്പ് വീഡിയോ ഷെയര്‍ ചെയ്തപ്പോള്‍ ഇങ്ങനൊരു പണി പുറകെ വരുമെന്ന് ഷിയാസ് സ്വപ്‌നത്തില്‍ പോലും വിചാരിച്ചതല്ല. സത്യസന്ധതയ്ക്ക് ജസിയ്ക്ക് ലഭിച്ച അതെ സമ്മാനം തന്നെയാണ് ഡബിള്‍ ഹോഴ്‌സ് വക ഈ യുവാവിനും ലഭിച്ചത്. 20 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള വക്കീല്‍ നോട്ടീസ്.ഡബിൾ ഹോഴ്സ് മട്ട ബ്രോക്കൺ റൈസ് സൂപ്പറിൽ മായം കലർന്നിട്ടുണ്ടെന്ന് ജെസി നാരായണൻ തെളിവുസഹിതം സ്ഥാപിക്കുന്ന വീഡിയോ സെയ്ദ് ഷിയാസ് മിർസ തന്റെ ഫേസ്‌ബുക്കിൽ അപ് ലോഡ് ചെയ്തതോടെയാണ് വീഡിയോ വൈറലായത്.

ജെസി ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ഇട്ട വീഡിയോ ഷിയാസ് ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്യുകയായിരുന്നു. ഈ വീഡിയക്ക് അഭൂതപൂർവമായ പ്രതികരണമാണ് ലഭിച്ചത്. 12 ലക്ഷത്തിലേറെപ്പേർ ഇതോടകം സെയ്ദിന്റെ പേജിൽ മാത്രം വീഡിയോ കണ്ടുകഴിഞ്ഞു. അമ്പതിനായിരത്തിൽപ്പരം ആളുകൾ ഷെയർ ചെയ്യുകയും ചെയ്തതോടെ ഡബിൾ ഹോഴ്സിനെതിരായ പ്രാഥമിക നടപടി ഭക്ഷ്യസുരക്ഷാ വകുപ്പ് ആരംഭിച്ചക്കുകയായിരുന്നു. വീഡിയോ കണ്ടതോടെ രാജമാണിക്യം, സെയ്ദിനെ ഫോണിൽ വിളിച്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിനു പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ജെസിയുടെ പക്കൽ നിന്ന് ആരോപണവിധേയമായ ബ്രോക്കൺ റൈസിന്റെ സാമ്പിൾ ശേഖരിച്ചു. സോഷ്യൽമീഡിയയിൽ പ്രതിഷേധം വ്യാപകമായതോടെ വീഡിയോ അപ്ലോഡ് ചെയ്ത സെയ്ദിന് ഭീഷണിയുമായി ഡബിൾ ഹോഴ്സ് രംഗത്തെത്തിയത്.

Loading...

അരിയിൽ മായമെന്ന് സർക്കാരിന്റെ പരിശോധനാ റിപ്പോർട്ട് പുറത്തു വന്നതോടെ മഞ്ഞില ഫുഡ് കമ്പനി വലിയ പ്രതിസന്ധിയിലായി. ഈ ബ്രാൻഡിന്റെ എല്ലാ സാധനങ്ങളേയും സംശയത്തോടെയാണ് ഉപഭോക്താക്കൾ കാണുന്നത്. ഡബിൾ ഹോഴ്‌സിന്റെ പൊടിയിയെന്നത് പച്ചരിയിൽ തവിടും തവിടെണ്ണയും ചേർത്താണ് അരിക്ക് കളർ നൽകിയതെന്ന് സർക്കാരിന്റെ പരിശോധനയിൽ വ്യക്തമായി. ഇതോടെ മായം കണ്ടെത്തിയ ബാച്ചിലുള്ള അരി വിപണിയിൽ നിന്നും പിൻവലിക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർ എം.ജി രാജമാണിക്യം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്ട് 2006 പ്രകാരമുള്ള നിയമ നടപടി കമ്പനിക്കെതിരെ സ്വീകരിക്കാനും തീരുമാനിച്ചു.

സർക്കാരിന്റെ പരിശോധനാ ഫലം പുറത്തു വന്നു. ഇതോടെ സത്യം തളിഞ്ഞു. അപ്പോഴും കള്ളത്തരം പുറത്തുകാട്ടി വീഡിയോ പോസ്റ്റ് ചെയ്ത ജെസിക്കെതിരെ നിയമനടപടി തുടങ്ങി. വക്കിൽ നോട്ടീസും അയച്ചു. വീഡിയോ കാരണം കമ്പനിയുടെ കച്ചവടം പൊളിഞ്ഞെന്ന് ആരോപിച്ചാണ് 20 കോടി നഷ്ടപരിഹാരം തേടി വക്കീൽ നോട്ടീസ് അയച്ചത്. ഇതിനെ നിയമപരമായ നേരിടാൻ ജെസി തീരുമാനിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഈ വീഡിയോ ഷെയർ ചെയ്ത സെയ്ദ് ഷിയാസ് മിർസയ്ക്കും വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ് ഡബിൾ ഹോഴ്‌സ് ഇറക്കുന്ന മഞ്ഞില ഫുഡ് കമ്പനി.

ആദ്യ തവണ കഴുകുമ്പോൾ തന്നെ നിറം മാറുന്ന അരി മൂന്നുതവണ കഴുകുമ്പോഴേക്കും പച്ചരിയുടെ നിറത്തിലാകുന്നത് വീഡിയോയിൽ കാണാമായിരുന്നു. ഒലിച്ചുപോയിരിക്കുന്നത് തവിടാണോ പെയിന്റാണോ എന്ന ചോദ്യത്തോടെയാണ് ജെസി വീഡിയോ തയ്യാറാക്കിയത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഉടനടി നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് രംഗത്തെത്തുകയായിരുന്നു. ഭക്ഷ്യസുരക്ഷാ കമ്മീഷണർ രാജമാണിക്യത്തിന്റെ നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥർ ഡബിൾ ഹോഴ്സിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഇതോടെയാണ് കള്ളി പുറത്തായത്. ഇതിന്റെ വൈരാഗ്യം തീർക്കാൻ കമ്പനിക്കുണ്ടായ നഷ്ടവും അതിന്റെ ഇരട്ടിയും നേടാനാണ് മഞ്ഞിലക്കാരുടെ ശ്രമം. ഇതിന് വേണ്ടിയാണ് വക്കിൽ നോട്ടീസ് അയച്ചിരിക്കുന്നത്. മഞ്ഞിലാസ് ഗ്രൂപ്പ് ചെയർമാൻ സജീവ് മഞ്ഞില വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്. ഇത് മറികടക്കാനാണ് ഡയറക്ടറായ സന്തോഷ് മഞ്ഞിലയെ കൊണ്ട് ജെസിക്കും സെയ്ദിനും വക്കിൽ നോട്ടീസ് അയച്ചത്.