ബിന്ദു കേസിലും ഷാഫിക്ക് പങ്കെന്ന് സംശയം; ഡിഎന്‍എ പരിശോധിക്കുവാന്‍ പോലീസ്

കൊച്ചി. നരബലിയുടെ പശ്ചാത്തലത്തില്‍ ആലപ്പുഴ കടക്കരപ്പള്ളി സ്വദേശി ബിന്ദു പദ്മനാഭ (51) തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ മുഹമ്മദ് ഷാഫിക്ക് പങ്കുണ്ടെന്ന് സംശയം. അതേസമയം ബിന്ദുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ സംഘം ഷാഫിയെ ചോദ്യം ചെയ്തുവെന്നാണ് പുറത്ത് വരുന്ന വിവരം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒന്നും തന്നെ ഷാഫിയില്‍ നിന്നോ മറ്റുപ്രതികളില്‍ നിന്നോ ലഭിച്ചിട്ടില്ല.

അതേസമയം ഷാഫി 16 വയസ് മുതല്‍ 52 വയസ്സ് വരെ താമസിച്ച സ്ഥലങ്ങളില്‍ ഷാഫിയുടെ പ്രവര്‍ത്തന മേഖലകളെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇക്കാലത്ത് ഷാഫി താമസിച്ച സ്ഥലങ്ങളില്‍ തെളിയാത്ത കുറ്റകൃത്യങ്ങളെക്കുറിച്ചും പോലീസ് വിവരം ശേഖരിക്കുന്നതായിട്ടാണ് വിവരം. ഇലന്തൂരില്‍ ഷാഫിയുടെ നേതൃത്വത്തില്‍ മറ്റ് കൊലപാതകങ്ങളൊന്നും നടത്തിയിട്ടില്ലെന്നാണ് പോലീസിന്റെ നിഗമനം. ഇയാള്‍ മുമ്പ് സമാന കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

Loading...

മുഹമ്മദ് ഷാഫിയുടെ ഡിഎന്‍എ ഫലം ലഭിക്കുന്നതോടെ മറ്റ് കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടോ എന്നതിലേക്ക് വിരല്‍ചൂണ്ടുമെന്ന പ്രതീക്ഷയും പോലീസിനുണ്ട്. പ്രതികളെ കണ്ടെത്തുവാന്‍ കഴിയാത്ത പല കേസുകളിലെയും പ്രതികളുടെ ഡിഎന്‍എ പോലീസിന്റെ പക്കല്‍ ഉണ്ട്. മറ്റ് കേസുകളില്‍ പിടിക്കപ്പെട്ടവരുടെ ഡിഎന്‍എ പരിശോധിക്കുമ്പോഴാണ് തെളിയാത്ത പല കേസുകളും തെളിയുന്നത്. ഇത്തരത്തില്‍ തെളിയാത്ത ഏതെങ്കിലും കേസില്‍ ഷാഫിക്ക് പങ്കുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.

ദൃക്‌സാക്ഷിയില്ലാത്ത പല കേസുകളിലും കുറ്റവാളിയിലേക്കെത്താന്‍ വഴിതെളിച്ചത് ഡിഎന്‍എ തെളിവുകളാണ്. പ്രതികളുടെ തലമുടി, തൊലി, ഉമിനാര്‍, രക്തം, അസ്ഥികള്‍ തുടങ്ങി എല്ലാ ശരീര കോശങ്ങളിലെയും ഡിഎന്‍എ ഒരേ സ്വഭാവമുള്ളതാണ്. അതിനാല്‍ തെളിയാത്ത കേസില്‍ ഷാഫിക്ക് പങ്കുണ്ടെങ്കില്‍ പോലീസിന് അത് മനസ്സിലാക്കുവാന്‍ കഴിയും.