കോവിഡ് രോഗികള്‍ക്ക് ആയൂര്‍വേദ ചികിത്സയ്ക്ക് അനുമതി, തീരുമാനത്തെ സ്വാ​ഗതം ചെയ്ത് സംവിധായകൻ ഡോ. ബിജു

കോവിഡ് ചികിത്സയ്ക്ക് ആയുർവേദത്തിന് അനുമതി നൽകിയ തീരുമാനം സ്വാ​ഗതാർഹമെന്ന് സംവിധായകൻ ഡോ. ബിജുകുമാർ ദാമോദരൻ. ഏറെ വൈകിയെങ്കിലും സ്വാഗതാർഹമായ തീരുമാനമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കോവിഡ് രോഗികൾക്ക് ആയൂർവേദ ചികിത്സയ്ക്കാണ് സർക്കാർ അനുമതി നൽകിയത്. ലക്ഷണം ഇല്ലാത്തവർക്കാണ് ആയുർവേദ ചികിത്സ നടത്താൻ അനുമതി. നേരിയ ലക്ഷണങ്ങൾ ഉള്ളവർക്കും ചികിത്സയാവാം. രോഗികളുടെ അനുമതിയോടെ മാത്രമെ ചികിത്സ പാടുള്ളൂ എന്നും സർക്കാർ വ്യക്തമാക്കി.
താത്പര്യം ഉള്ളവർക്ക് ആയൂർവേദ ചികിത്സ നൽകാമെന്ന് നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ അലോപ്പതി ഡോക്ടർമാരുടെ എതിർപ്പിനെ തുടർന്ന് സംസ്ഥാനം നിർദേശം നടപ്പിലാക്കിയിരുന്നില്ല.

ഡോ. ബിജുവിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ.
ഏറെ വൈകിയെങ്കിലും സ്വാഗതാർഹമായ തീരുമാനം. കോവിഡ് ചികിത്സയ്ക്ക് ആയുർവേദത്തിന് അനുമതി. ഇന്ത്യയിൽ നിരവധി സംസ്ഥാനങ്ങളിൽ ആയുർവേദവും ഹോമിയോയും ഉൾപ്പെടെ ഉള്ള പരമ്പരാഗത , ബദൽ വൈദ്യശാസ്ത്രങ്ങൾക്ക് കോവിഡ് ചികിൽസിക്കുവാൻ തടസ്സം ഉണ്ടായിരുന്നില്ല. അവിടങ്ങളിലൊക്കെ ഈ വൈദ്യശാസ്ത്രങ്ങൾ ഉപയോഗപ്പെടുത്തിയ രോഗികൾക്ക് പോസ്റ്റ് കോവിഡ് രോഗങ്ങൾ പിടിപെട്ടിട്ടില്ല .മാത്രവുമല്ല കോവിഡ് ചികിത്സാ ചിലവ് ഏറെ കുറവും ആയിരുന്നു എന്നതാണ് വസ്തുത. കേന്ദ്ര ആയുഷ് മന്ത്രാലയം കോവിഡ് ചികിത്സയ്ക്കായി ആയുർവേദം ഹോമിയോപ്പതി യുനാനി സിദ്ധ ഉൾപ്പെടെയുള്ള വൈദ്യശാസ്ത്രങ്ങൾക്കായി പ്രത്യേകം ഗൈഡ് ലൈനും ചികിത്സാ പ്രോട്ടോക്കോളും മാസങ്ങൾക്ക് മുൻപേ പുറത്തിറക്കിയിരുന്നു.

Loading...

നിരവധി സംസ്ഥാനങ്ങൾ കോവിഡ് ചികിത്സയിൽ കേന്ദ്ര മന്ത്രാലയത്തിന്റെ ആയുഷ് പ്രോട്ടോക്കോളും ഗൈഡ് ലൈനും അനുസരിച്ചു ആയുഷ് ചികിത്സാ ഫലപ്രദമായി ഉപയോഗപ്പെടുത്തിയിരുന്നു. അപ്പോഴും കേരളത്തിൽ ആയുർവേദത്തിനും ഹോമിയോയ്ക്കും കോവിഡ് ചികിത്സയ്ക്ക് അനുമതി ഉണ്ടായിരുന്നില്ല. ഒടുവിൽ ആയുർവേദ ഡോക്ടർമാരുടെയും സംഘടനകളുടെയും നിരന്തര ഇടപെടലിന്റെ ഫലമായി മാസങ്ങൾക്ക് ശേഷം ഇന്ന് ആയുർവേദത്തിന് കോവിഡ് ചികിത്സാ അനുമതി നൽകി. ആയുഷ് മന്ത്രാലയത്തിന്റെ കോവിഡ് ചികിത്സാ ഗൈഡ്ലൈനും പ്രൊട്ടക്കോളും അനുസരിച്ചുള്ള ചികിത്സയ്ക്കാണ് അനുവാദം. ആയുഷ് മന്ത്രാലയം ഹോമിയോപ്പതിക്കും കോവിഡ് ചികിത്സാ പ്രോട്ടോക്കോളും ഗൈഡ് ലൈനും പുറത്തിറക്കിയിരുന്നു. പക്ഷെ ഹോമിയോപ്പതി ഇപ്പോഴും കേരളത്തിൽ കോവിഡ് ചികിത്സയിൽ പടിക്ക് പുറത്തു തന്നെ നിർത്തിയിരിക്കുക ആണ്..കേരളത്തിന്റെ സ്വന്തം ആയുർവേദത്തിന് എങ്കിലും 10 മാസം ആകുമ്പോൾ പടിയ്ക്ക് അകത്തേക്ക് കയറാൻ അനുമതി ലഭിച്ചു എന്നത് സന്തോഷം. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ ഇടപെടലുകളും ആയുർവേദ സംഘടനകളുടെയും ഡോക്ടർമാരുടെയും നിരന്തരമായ നിവേദനങ്ങളും ഒടുവിൽ ഫലം കണ്ടു..കേരളത്തിൽ കോവിഡ് ചികിത്സാ രംഗത്ത് പോസ്റ്റ് കോവിഡ് രോഗം കുറയ്ക്കാനും , നിലവിൽ സ്വകാര്യ ആശുപത്രികളിലെ കഴുത്തറക്കുന്ന കോവിഡ് ചികിത്സാ ചെലവുകളിൽ നിന്നും വിടുതൽ കിട്ടാനും ഈ തീരുമാനം സഹായിക്കും.