വനിതാമതില്‍ വിജയിച്ചു ;കേരള ഭരണകൂടത്തിനും മുഖ്യ ഭരണകര്‍ത്താവിനും അണികള്‍ക്കും സന്തോഷിക്കാം ;ഡോ. സി.റ്റി.വില്യം എഴുതുന്നു

ഡോ. സി.റ്റി.വില്യം

മതിലുകള്‍ എക്കാലത്തും വിഭജനത്തിന്റെയും വിഭാഗീയതയുടെയും പ്രതീകമാണ്. മതിലുകള്‍ മനുഷ്യന്‍ നിര്‍മ്മിക്കുമ്പോള്‍ അവിടെ വിഭജനവും വിഭാഗീയതയും കൃത്യമാവുന്നു. അത് മനുഷ്യസമൂഹത്തിലെ ഒരു പ്രത്യേക വിഭാഗം പണിയുമ്പോള്‍ അവിടെ വിഭജനവും വിഭാഗീയതയും വര്‍ഗ്ഗീയതയും പൂര്‍ണ്ണമാവുന്നു. കേരളത്തില്‍ ഭരണകൂടത്തിന്റെ അല്ലെങ്കില്‍ മുഖ്യ ഭരണകര്‍ത്താവിന്റെ നേതൃത്തത്തില്‍ പണിതുയര്‍ത്തിയ മതില്‍ ഇത്തരത്തിലുള്ള പൂര്‍ണ്ണതയെ പ്രാപിച്ചിരിക്കുന്നു. മേല്‍പ്പറഞ്ഞ വസ്തുതകളെ വിശ്വസിക്കാമെങ്കില്‍ മതിലുകള്‍ ഒരുകാലത്തും നവോത്ഥാന സഹൃദം പുലര്‍ത്തിയതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നില്ല.

കേരളത്തില്‍ മതില്‍ നിര്‍മ്മിക്കപ്പെട്ടത് നവോത്ഥാനവും സ്ത്രീ-പുരുഷ തുല്യതയും ദൃഡീകരിക്കാന്‍ വേണ്ടിയായിരുന്നെന്ന് ഭരണകൂടം പ്രഖ്യാപിക്കുന്നു. ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ്‌ കേരള ഭരണകൂടം മതില്‍ നിര്‍മ്മിതിക്ക് തുനിഞ്ഞതെന്നതും ശ്രദ്ധേയമാണ്. ഈ വസ്തുതകളെല്ലാം ശരിയെങ്കില്‍ കേരളത്തില്‍ ഇപ്പോള്‍ കാണുന്ന വിഭജിത-വിഭാഗീയ-വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് നിമിത്തമായതും നവോത്ഥാനത്തിന്റെ മറവിലും സുപ്രീംകോടതി വിധിയുടെ മറവിലും പണിതുയര്‍ത്തിയ ഭരണകൂട മതിലാണ് എന്നും പറയേണ്ടിവരും. അതേസമയം സദുദ്ദേശത്തിന്റെ കൃത്രിമ വെളിച്ചത്തില്‍ പരിശോധിക്കുമ്പോള്‍ നമുക്ക് ഈ ഭരണകൂട മതിലിനെ മഹത്വവല്‍ക്കരിക്കുകയും ആവാം. ഈ മഹത്വവല്‍ക്കരണമാണ് ഇന്ന് കേരളത്തില്‍ ഉടനീളം നടക്കുന്നതും.

ഇവിടെ കേരളത്തിന്റെ ഭരണകര്‍ത്താവായ മുഖ്യമന്ത്രി നേരിട്ടാണ് മതില്‍ നിര്‍മ്മിതിക്കുള്ള സംഘാടനത്തിന് നേതൃത്തം കൊടുത്തതെന്നതും ശ്രദ്ധേയമാണ്. സ്ത്രീ-പുരുഷ തുല്യത ഉറപ്പുവരുത്തുന്നതിന്നായി സ്ത്രീകളില്‍ ഐക്യദാര്‍ഢ്യം ഊട്ടിയുറപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി ലക്ഷ്യം വച്ചത്. അതില്‍ പ്രഥമ ദൃഷ്ട്യാ തെറ്റുപറയാനുമാവില്ല. അതേസമയം മേല്‍പ്പറഞ്ഞ വിഭജിത-വിഭാഗീയ-വര്‍ഗ്ഗീയ നിര്‍മ്മിതിക്കും കലാപങ്ങള്‍ക്കും ഈ മതില്‍ മുഖ്യ നിമിത്തമായെന്ന സത്യവും പറയാതെ വയ്യ. ഒപ്പം ലിംഗ വിവേചനം, രാഷ്ട്രീയം, ജാതി, മതം, വര്‍ഗ്ഗം, സമുദായം എന്നിങ്ങനെ സമൂഹത്തില്‍ ഒരു സ്വാര്‍ത്ഥബോധം വളര്‍ത്തിയെടുക്കുന്നതിലും മതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചെന്നും നമുക്ക് പറയേണ്ടിവരും.

വസ്തുതകള്‍ ഇതൊക്കെയാണെങ്കിലും വനിതാമതില്‍ വിജയിച്ചു. റെക്കോര്‍ഡുകളോടെ അദ്ധ്യായമായെന്നും ചരിത്രമായെന്നും നമുക്ക് ആലങ്കാരികമായി ഉദ്ഘോഷിക്കാം. മതില്‍ നിര്‍മ്മിതിക്കും സംഘാടനത്തിനും ചുക്കാന്‍ പിടിച്ച കേരള ഭരണകൂടത്തിനും മുഖ്യ ഭരണകര്‍ത്താവിനും അണികള്‍ക്കും സന്തോഷിക്കാം, ആനന്ദിക്കാം.

അതേസമയം നമുക്ക് പറയാനുള്ളത് പറയാതിരിക്കാനാവില്ല. അതൊക്കെ കേള്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍ കേള്‍ക്കുകയും വേണം. വനിതാമതില്‍ ഉയര്‍ത്തപ്പെട്ട നാളുകള്‍ക്ക് അനുബന്ധമായിതന്നെ ശബരിമല യുവതി പ്രവേശവും സാധ്യമാക്കിയെന്നത് ഒരിക്കലും സ്വാഭാവികമല്ല. വനിതകള്‍ അറിയാതെ, അണികള്‍ അറിയാതെ ഈ മതില്‍ നിര്‍മ്മിതിയില്‍ ഒരു കുടില രാഷ്ട്രീയ നിര്‍മ്മിതി കൂടി ഉണ്ടായിരുന്നതിന്റെ തെളിവുകൂടിയാണ് ശബരിമല യുവതി പ്രവേശം. ഒരു സുരക്ഷിത പരിചപോലെ പശ്ചാത്തലത്തില്‍ നിലകൊണ്ട സുപ്രീംകോടതി വിധി നടപ്പാക്കിയെന്ന സത്യം നിലനില്‍ക്കുമ്പോഴും, ഒരു ഭരണകര്‍ത്താവും അയാളുടെ ക്രമസമാധാന കൂട്ടാളികളും കൂടി നടത്തിയ ഒരു പൊളിറ്റിക്കല്‍-സോഷ്യോളജിക്കല്‍ എന്ജിനീയറിംഗിന്റെ രഹസ്യ രേഖാചിത്രങ്ങളും നമ്മുടെ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഈ രാഷ്ട്രീയ-സാമൂഹ്യശാസ്ത്ര തച്ചുശാസ്ത്രം എത്രത്തോളം അധാര്‍മ്മികമായിരുന്നു എന്നത് അന്വേഷിക്കാനും കണ്ടെത്താനും കേരളത്തിലെ ജനങ്ങള്‍ക്ക് അധികാരവും അവകാശവുമുണ്ടെന്നതും ഭരണകൂടം ഓര്‍ത്താല്‍ നന്ന്.

മതില്‍ നിര്‍മ്മിതിയെ തുടര്‍ന്നുണ്ടായ ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് കേരളത്തില്‍ അശാന്തിയും അസമാധാനവും കത്തിപ്പടര്‍ന്നു. ഇപ്പോള്‍ അനൌദ്യോഗികമായി ലഭ്യമായ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാവുന്നത് ഏതാണ്ട് പതിനായിരക്കണക്കിന്നു കേസുകളും അറസ്റ്റുകളും റിമാണ്ടുകളും കേരളത്തില്‍ സംഭവിച്ചുവെന്നാണ്. വരുംനാളുകളില്‍ ഇതില്‍ കാര്യമായ വര്‍ദ്ധന ഉണ്ടാവുമെന്നും കരുതേണ്ടിയിരിക്കുന്നു.

മതില്‍ നിര്‍മ്മാണവും ശബരിമല യുവതി പ്രവേശവും തമ്മില്‍ ആസൂത്രിതവും ഘടനാപരവുമായ ബന്ധമുണ്ടായിരുന്നു എന്നുപറയുന്നതില്‍ തെറ്റില്ല. മാധ്യമങ്ങള്‍ പുറത്തുവിടുന്ന വര്‍ത്തമാനങ്ങള്‍ പരിശോധിക്കുമ്പോള്‍ ഈ രഹസ്യ ബന്ധം നമുക്ക് സ്ഥാപിച്ചെടുക്കാനാവും.

അതോടൊപ്പം തന്നെ ശബരിമല പ്രവേശം സാധ്യമാക്കിയ യുവതികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് അതൊരു സാമൂഹ്യ പ്രതിജ്ഞാ ബദ്ധതയുടെ ദൌത്യ പൂര്‍ത്തീകരണം മാത്രമായിരുന്നെന്നും കാണാവുന്നതാണ്. യുവതികളുടെ ശബരിമല പ്രവേശത്തിന് മതിലൊരുക്കി സുരക്ഷ ഏര്‍പ്പെടുത്തിയ ഭരണകൂടത്തിനും ഭരണകര്‍ത്താവിനും അതൊരു രാഷ്ട്രീയാഹന്തയുടെ ദൌത്യ പൂര്‍ത്തീകരണവും ആയിരുന്നെന്നതും വസ്തുതാപരമായ സത്യമാണ്.

ഈ പരിസരത്തുനിന്ന് ചിന്തിക്കുമ്പോള്‍ നമുക്ക് മനസ്സിലാവുന്നത് മതില്‍ നിര്‍മ്മിതിയും, ശബരിമല യുവതി പ്രവേശവും, സുപ്രീംകോടതി വിധി നടപ്പാക്കലും കേവലം രാഷ്ട്രീയ ഉപകരണങ്ങള്‍ മാത്രമായിരുന്നു എന്നാണ്. മതില്‍ നിര്‍മ്മിച്ചവരും മതിലില്‍ ചാരിനിന്നവരും പക്ഷെ, ഇതൊന്നും ഇപ്പോള്‍ മനസ്സിലാക്കാന്‍ ഇടയില്ല. അവരെ അതൊക്കെ മനസ്സിലാക്കി കൊടുക്കേണ്ട ചുമതല കാലത്തിനാണ്. ചരിത്രത്തിനാണ്.

ഓരോ വ്യക്തിക്കും സമൂഹത്തിനും സാമാന്യേന മൂന്നു മനശാസ്ത്ര തലങ്ങളുള്ളതായി മനശാസ്ത്രം പറയുന്നുണ്ട്. Id അഥവാ വ്യക്തിയിലെ ജന്മവാസനാസഞ്ചയം (Instinct), Ego അഥവാ അഹംബോധം അല്ലെങ്കില്‍ അഹങ്കാരം, Super ego അഥവാ വിഷിഷ്ടാന്തകരണം എന്നിവയാണ് ആ മൂന്നുതലങ്ങള്‍. മതിലിന്റെ മനശാസ്ത്രം പരിശോധിക്കുമ്പോള്‍ മനസ്സിലാവുന്നത് നമ്മുടെ ഭരണകൂടത്തിനും മുഖ്യ ഭരണകര്‍ത്താവിനും മൂന്നാം തലമായ Super ego അഥവാ വിഷിഷ്ടാന്തകരണം എന്ന അവസ്ഥാവിശേഷം ഉണ്ടായിരുന്നു എന്നാണ്. ഇതൊരു മനോരോഗമല്ല. അതേസമയം മനശാസ്ത്രപരമായ സമീപനം കൊണ്ട് തിരുത്തിയെടുക്കാവുന്ന മനോനിലയാണ്.

എന്താണ് Super ego അഥവാ വിഷിഷ്ടാന്തകരണം എന്ന അവസ്ഥ. Id അഥവാ വ്യക്തിയിലെ ജന്മവാസനാസഞ്ചയം (Instinct), Ego അഥവാ അഹംബോധം അല്ലെങ്കില്‍ അഹങ്കാരം തുടങ്ങിയവയുടെ ഒരു പ്ലാറ്റ്ഫോമില്‍ നിന്നുകൊണ്ടുള്ള അങ്ങേയറ്റത്തെ വിശിഷ്ടമായ ഒരു അന്തകരണത്തിന് അടിമപ്പെടുകയാണ് ഇവിടെ Super ego അഥവാ വിഷിഷ്ടാന്തകരണം എന്ന അവസ്ഥക്ക് വിധേയനാവുന്ന വ്യക്തി അല്ലെങ്കില്‍ സമൂഹം. ഇതൊരുതരം ചോദ്യം ചെയ്യാനാവാത്ത പിതൃ സ്വഭാവമുള്ള അഹംബോധവും അഹങ്കാരവുമാണ് (Parental Ego). താന്‍ ചെയ്യുന്നതാണ് ധാര്‍മ്മികത, താന്‍ ചെയ്യുന്നതാണ് പരമമായ ശരി എന്നൊരു അവസ്ഥയാണ് ഇത്. ഇത്തരക്കാര്‍ കൂടുതലും കാര്യങ്ങള്‍ ചെയ്യുന്നത് അവരുടെ അബോധതലങ്ങളില്‍ (Unconsciousness) നിന്നുകൊണ്ടാവും. ഇത്തരക്കാര്‍ക്ക് മറ്റുള്ളവരുടെ ശരിയും തെറ്റും ധാര്‍മ്മികതയും വേദനയും കഷ്ടപ്പാടും ദുരിതങ്ങളും ഒന്നും ഈ അവസ്ഥയില്‍ മനസ്സിലാവില്ല. നമ്മുടെ ഭരണകൂടത്തിന്റെ അഥവാ മുഖ്യ ഭരണകര്‍ത്താവിന്റെ മാനസികാവസ്ഥയും പിതൃ സ്വഭാവമുള്ള അഹംബോധവും അഹങ്കാരവുമാണ് (Parental Ego) എന്ന് മനശാസ്ത്രപരമായി ഈ സന്ദര്‍ഭത്തില്‍ നമുക്ക് ഉറപ്പിക്കേണ്ടിവരും.

അതുകൊണ്ടാണ് സുപ്രീംകോടതി വിധിയുടെ ശരിയുടെ പിന്‍ ബലത്തില്‍ നിന്നുകൊണ്ട് മതിലിന്‍റെ ശരിയിലൂടെ അല്ലെങ്കില്‍ വഴിയിലൂടെ പിതൃ സ്വഭാവമുള്ള അഹംബോധത്തോടെയും അഹങ്കാരത്തോടെയും ഇവിടെ ഒരു ഭരണകൂട ശരി ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ചത്. അതുകൊണ്ട് സമൂഹത്തിന്റെ ശരിയും തെറ്റും ധാര്‍മ്മികതയും വേദനയും കഷ്ടപ്പാടും ദുരിതങ്ങളും ഒന്നും തന്നെ ഭരണകൂടത്തിന്റെ അല്ലെങ്കില്‍ മുഖ്യ ഭരണകര്‍ത്താവിന്റെ അബോധതല ജന്യമായ ചെയ്തികള്‍ക്ക് കാണാനായില്ല.

കേരളത്തിലെ പതിനായിരക്കണക്കിന്ന്‍ ജനങ്ങളെ കലാപഭൂമിയിലേക്ക് തള്ളിവിട്ട ഭരണകൂടത്തിന്‍റെ അഥവാ മുഖ്യ ഭരണകര്‍ത്താവിന്റെ മനോനിലയെ അതുകൊണ്ടുതന്നെ മനശാസ്ത്രപരമായും സാമൂഹ്യശാസ്ത്രപരമായും പരിശോധിക്കാന്‍ നാം നിര്‍ബന്ധിതരാവുന്നു. മതിലിന്റെ നിര്‍മ്മിതി മുതല്‍ ശബരിമല യുവതി പ്രവേശം വരെയുള്ള സംഭവങ്ങളുടെ മനശാസ്ത്രം നമ്മെ പഠിപ്പിക്കുന്നതും അതാണ്‌. കേരളത്തിന്റെ മുഖ്യ ഭരണകര്‍ത്താവിന്റെ ഉപദേശകസമിതിയില്‍ മനശാസ്ത്രജ്ഞരെയും സാമൂഹ്യശാസ്ത്രജ്ഞരെയും കൂടി ഉള്‍പ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

Top