വേണ്ട മുന്നൊരുക്കങ്ങള്‍ നടത്താതെ ഡാമുകൾ അപ്രതീക്ഷിതമായി തുറന്നുവിട്ടതാണ് പ്രളയം ഇത്ര രൂക്ഷമാക്കാൻ കാരണമായത്, ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പൊലീത്ത

കേരളത്തെ വിഴുങ്ങിയ പ്രളയം സര്‍ക്കാരിന്‍റെ ബുദ്ധിശൂന്യത കാരണമെന്ന് ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പോലീത്ത. മുമ്പ് വെള്ളപ്പൊക്കം ഉണ്ടായപ്പോൾ പെയ്ത മഴ തന്നെയേ ഇപ്പോഴും ഉണ്ടായിട്ടുള്ളൂ. വേണ്ട മുന്നൊരുക്കങ്ങള്‍ നടത്താതെ ഡാമുകൾ അപ്രതീക്ഷിതമായി തുറന്നുവിട്ടതാണ് പ്രളയം ഇത്ര രൂക്ഷമാക്കാൻ കാരണമായത്. പ്രളയകാലത്ത് മാനവികത പ്രകടമായ നാട്ടിൽ ഇപ്പോൾ ഉണ്ടാകുന്ന ധ്രുവീകരണം വരാൻ പോകുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണെന്നും അദേഹം കുറ്റപ്പെടുത്തി. മാരാമണ്‍ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാർത്തോമാ സുവിശേഷ പ്രസംഗ സംഘത്തിന്‍റെ ആഭിമുഖ്യത്തിൽ മാരാമൺ പമ്പാ മണൽപ്പുറത്ത് സംഘടിപ്പിക്കുന്ന 1 24-ാമത് മാരാമൺ കൺവെൻഷന്‍ ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. കൺവെൻഷന്‍റെ ഉദ്ഘാടന സമ്മേളനത്തിൽ മാർത്തോമാ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്‍റ് ഡോ. യുയാകിം മാർ കുറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എൻ.കെ പ്രേമചന്ദ്രൻ എം.പി, ആന്‍റോ ആന്‍റണി എം.പി, മുൻ എം.പി തമ്പാൻ തോമസ് തുടങ്ങി വിവിധ സാമൂഹിക സാംസ്കാരിക രംഗത്ത് ഉള്ളവർ പങ്കെടുത്തു.