ഡോ. ഷംഷീര്‍ വയലിലിനു യുഎന്നില്‍ സ്വീകരണം

ന്യൂയോര്‍ക്ക്: മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന വ്യക്തിപ്രഭാവമുള്ള ഡോ. ഷംഷീര്‍ വയലില്‍ ഐക്യരാഷ്‌ട്ര സംഘടനയുടെ ന്യൂയോര്‍ക്കിലുള്ള ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നടന്ന പ്രത്യേക സമ്മേളനത്തില്‍ വെച്ച് ആദരിക്കപ്പെട്ടപ്പോള്‍ ആ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ഏറേ അഭിമാനവും സന്തോഷവുമുളവാക്കി. ഇത്തരമൊരു ആദരവിനും അംഗീകാരത്തിനും തികച്ചും യോഗ്യനും അര്‍ഹനുമാണ് ഡോ. ഷംഷീര്‍ എന്ന് അദ്ദേഹത്തെ അടുത്തറിയാവുന്നര്‍ക്ക് അറിയാം. തന്റെ കഴിവും പ്രാപ്തിയും ലോകനന്മയ്ക്കായി വിനിയോഗിച്ച ഈ പ്രതിഭാശാലിയെക്കുറിച്ച് ഇത്തരുണത്തില്‍ അല്പം പ്രതിപാദിക്കുന്നത് ഉചിതമാണെന്നു തോന്നി.

യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ.) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വി.പി.എസ്. ഹെല്‍‌ത്ത് കെയര്‍ സ്ഥാപകനും പ്രമുഖ വ്യവസായിയുമാണ് ഡോ. ഷംഷീര്‍. യു.എ.ഇ, ഒമാന്‍, ഇന്ത്യ, നോര്‍ത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഹെല്‍ത്ത് കെയര്‍ സിസ്റ്റം സ്ഥാപിച്ച് ആരോഗ്യമേഖലകളില്‍ നിരവധി പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തി ജനോപകാരപ്രദമായ ഒട്ടനവധി സത്ക്കര്‍മ്മങ്ങളും അദ്ദേഹം നടത്തിവരുന്നു. ബ്രസ്റ്റ് ക്യാന്‍സറിനെക്കുറിച്ച് അദ്ദേഹം നടത്തിയിട്ടുള്ള പഠനത്തിലും ഗവേഷണത്തിലും ഗിന്നസ് ബുക്ക്സ് ഓഫ് റെക്കോര്‍ഡ്സില്‍ അദ്ദേഹത്തിന്റെ പേര് ആലേഖനം ചെയ്തിട്ടുണ്ട്. ആരോഗ്യ-മനുഷ്യാവകാശ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി നിരവധി പുരസ്ക്കാരങ്ങള്‍ യു.എ.ഇ. ഭരണാധികാരികളില്‍ നിന്നും, ഇന്ത്യന്‍ പ്രസിഡന്റില്‍ നിന്നും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പ്രമുഖ ഇന്ത്യന്‍ വ്യവസായി എം.എ. യൂസഫ് അലിയുടെ ജാമാതാവാണ് ഡോ. ഷംഷീര്‍.

Loading...

IMG_3017

ജാതി-മത-ദേശ-ഭാഷാ വ്യത്യാസങ്ങളില്ലാതെ അദ്ദേഹത്തിന്റെ കാരുണ്യഹസ്തങ്ങളെത്തിയത് വിദൂര ദേശങ്ങളിലാണ്. വാക്കുകളിലൂടെയല്ല പ്രവര്‍ത്തികളിലൂടെയാണ് നാം നന്മ ചെയ്യേണ്ടതെന്ന അദ്ദേഹത്തിന്റെ അടിസ്ഥാന തത്വം നമുക്കു കാണിച്ചു തരുന്നത് വിശ്വമാനവികതയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിക്കൊടുത്ത സൗജന്യ ഹൃദയശസ്ത്രക്രിയകളിലൂടെ നിരവധി പേരുടെ ജീവനാണ് അദ്ദേഹം തിരികെ നല്‍കിയത്. അവരില്‍ അറബ് വംശജരും, ഇന്ത്യാക്കാരും, ആഫ്രിക്കക്കാരുമൊക്കെയുണ്ട്. തന്മൂലം ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. നേപ്പാള്‍ ഭൂകമ്പത്തിന്റെ ഇരകളായിത്തീര്‍ന്ന ഹതഭാഗ്യര്‍ക്ക് അദ്ദേഹത്തിന്റെ കാരുണ്യം ലഭിച്ചിട്ടുണ്ട്.

ഒരു ഡോക്ടര്‍ എന്നതിലുപരി ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയാണദ്ദേഹം. അതുകൊണ്ടുതന്നെയാകണം വര്‍ഷങ്ങളായി പ്രവാസികള്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്ന ‘പ്രവാസി വോട്ടവകാശം’ എന്ന വിഷയം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. പ്രവാസികള്‍ക്ക് അവരുടെ മൗലികാവകാശമായ വോട്ട് രേഖപ്പെടുത്താനുള്ള നിയമത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച ഇന്ത്യാ ഗവണ്മെന്റിനെ സുപ്രീം കോടതിയില്‍ നിയമപരമായി നേരിട്ട് അനുകൂല വിധി സമ്പാദിച്ച വ്യക്തിത്വവും അദ്ദേഹത്തിന് സ്വന്തം. സുപ്രീം കോടതി അഭിഭാഷകനും, വോട്ടവകാശത്തിനുവേണ്ടി സുപ്രീം കോടതിയില്‍ നിയമയുദ്ധം നടത്തിയ ഹാരിസ് ബീരാനും ന്യൂയോര്‍ക്കിലെ ചടങ്ങില്‍ അദ്ദേഹത്തെ അനുഗമിച്ചിരുന്നു.

IMG_3041

യു.എന്‍. ആസ്ഥാനത്തു നടന്ന പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷി നിര്‍ത്തി, പുരസ്ക്കാരം ഏറ്റുവാങ്ങിയ ഡോ. ഷംഷീറിന്റെ ഹ്രസ്വ പ്രഭാഷണം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഐക്യരാഷ്ട്ര സംഘടനക്ക് വേണ്ടി കുറെ സൗജന്യ ഹൃദയ ശസ്ത്രക്രിയ ചെയ്തുകൊടുക്കാന്‍ താന്‍ തയ്യാറാണെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ഹര്‍ഷാരവത്തോടെയാണ് സദസ്യര്‍ സ്വാഗതം ചെയ്തത്. വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍, ഇറ്റലി, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍, ലോകപ്രശസ്തരായ ഡോക്ടര്‍മാര്‍, വ്യവസായ പ്രമുഖര്‍, അമേരിക്കന്‍ മുഖ്യധാരാ മാധ്യമ പ്രതിനിധികള്‍, ലോകപ്രശസ്ത സന്നദ്ധസേവാ സംഘടനാ പ്രതിനിധികള്‍, ഐക്യരാഷ്ട്ര സഭ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരടങ്ങിയ സദസ്യരുടെ കൈയ്യടികള്‍ക്കിടയില്‍ യു.എ.ഇ. നയതന്ത്രപ്രതിനിധി ശ്രീമതി ലന നുസൈബ (Lana Nusseibeh)യാണ് ഡോ. ഷംഷീറിന് പുരസ്ക്കാരം കൈമാറിയത്.

ഡോ. ഷംഷീറിനൊപ്പമുണ്ടായിരുന്ന വി.പി.എസ്. ഹെല്‍ത്ത് കെയര്‍ എന്ന സ്ഥാപനത്തില്‍ നിന്നും ഡോ. ചാള്‍സ് സ്റ്റാന്‍ഫോര്‍ഡ്, ഡോ. ഷാജിര്‍ ഗഫാര്‍, അന്‍ഷുള്‍ ശര്‍മ്മ, മുഹമ്മദ് സര്‍‌ഫ്രോസ് എന്നിവരോടൊപ്പം അഡ്വ. ഹാരിസ് ബീരാന്‍, വ്യവസായ പ്രമുഖനും കുടുംബ സുഹൃത്തുമായ അബ്ദുള്‍ ഖാദിര്‍ മുഹമ്മദ്, ജയ്ഹിന്ദ് ടി.വി. മിഡില്‍ ഈസ്റ്റ് റീജിയന്‍ ബ്യൂറോ ചീഫ് എല്‍‌വിസ് ചുമ്മാര്‍ എന്നിവരുമുണ്ടായിരുന്നു.

IMG_3076

വി.പി.എസ്. ഹെല്‍ത്ത് കെയറും ഗ്ലോബല്‍ പാര്‍ട്ണര്‍ഷിപ്പ് ഫോറവും ചേര്‍ന്ന് സംഘടിപ്പിച്ച ഈ സമ്മേളനത്തില്‍ ഗ്ലോബല്‍ പാര്‍ട്ണര്‍ഷിപ്പ് ഫോറത്തിന്റെ സ്ഥാപകനും ചെയര്‍മാനുമായ അമീര്‍ ഡോസ്സാല്‍ (Amir Dossal), അല്‍ജസീറ ടി.വി. അവതാരകരിലൊരാളായ അലി വെല്‍‌ഷിയും എം.സി.മാരായിരുന്നു.

സമ്മേളനത്തില്‍ പങ്കെടുത്ത് സദസ്യരെ അഭിസംബോധന ചെയ്തവരില്‍ ചിലരുടെ പേരുകള്‍: ഹോസേ റാമോസ് ഹോര്‍ട്ട (നോബേല്‍ സമ്മാന ജേതാവ് – സമാധാനം), ഡോ. പ്രകാശ് മസാന്‍ (ചെയര്‍മാന്‍ ആന്റ് സി.ഇ.ഒ., ഗ്ലോബല്‍ മെഡിക്കല്‍ എജ്യുക്കേഷന്‍), ഡോ. അസീസ ഷാദ് (അസ്‌ലാന്‍ പ്രൊജക്റ്റ്), പൗലോ കമ്പാനീനി (ഇറ്റാലിയന്‍ കോണ്‍സുലര്‍ ഓഫീസര്‍), ലനാ നുസൈബ (യു.എ.ഇ. മിഷന്‍ പെര്‍മനന്റ് റപ്രസന്റേറ്റീവ്), സിന ആന്റിയ നാറിവെല്ലോ (പെര്‍മനന്റ് റപ്രസന്റേറ്റീവ് ഓഫ് മഡഗാസ്കര്‍ മിഷന്‍).

സമൂഹത്തിലെ ഉന്നതസ്ഥാനീയരായ വ്യക്തികള്‍ പങ്കെടുത്ത ഈ സമ്മേളനത്തില്‍ പങ്കെടുത്ത മലയാളികളായ വര്‍ക്കി ഏബ്രഹാം (വ്യവസായ പ്രമുഖന്‍/മലയാളം ഐ.പി.ടി.വി. ചെയര്‍മാന്‍), ഗുരു ദിലീപ്ജി (യോഗാചാര്യന്‍/ഇന്റര്‍ഫെയ്ത്ത് പ്രൊമോട്ടര്‍) എന്നിവര്‍ക്ക് കൃതജ്ഞത രേഖപ്പെടുത്തുന്നു.

ഇനിയുമേറെ നന്മകള്‍ ചെയ്യാന്‍ ഡോ. ഷംഷീറിനും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്കും കഴിയട്ടേ എന്നും, ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും അവരുടെ സേവനങ്ങള്‍ ലഭ്യമാകാന്‍ ദൈവം അനുഗ്രഹിക്കട്ടേ എന്നും ആശംസിക്കുന്നു.