ദേവനന്ദയുടെ അച്ഛന്‍ ചങ്ക് തകര്‍ന്ന് മൃതദേഹത്തിനരികിലേക്ക് വരുന്നത് കാണുമ്പോള്‍ നിര്‍വികാരം അത് മൊബൈലില്‍ പിടിക്കുന്ന കാഴ്ചക്കാര്‍, വിമര്‍ശന കുറിപ്പ്

ഒരു ക്യാമറയും കയ്യില്‍ പിടിച്ച് എന്തും ചിത്രീകരിക്കാം എന്ന ചിലരുടെ ധരണയ്ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് യുവ ഡോക്ടറും എഴുത്തുകാരിയുമായ ഷിംന അസീസ്. കൈയിലൊരു ക്യാമറയും നെറ്റും ഉണ്ടെന്ന് വെച്ച് മനുഷ്യത്വവും മനുഷ്യന്റെ സ്വകാര്യതയും മൊബൈല്‍ ഫോണിന് കൂട്ടിക്കൊടുക്കരുതെന്ന് ഷിന പറയുന്നു.

കൈയിലൊരു ക്യാമറയും നെറ്റും ഉണ്ടെന്ന് വെച്ച് മനുഷ്യത്വവും മനുഷ്യന്റെ സ്വകാര്യതയും മൊബൈല്‍ ഫോണിന് കൂട്ടിക്കൊടുക്കരുത്. മാധ്യമങ്ങള്‍ ചെയ്യുന്ന ദ്രോഹത്തിന്റെ വ്യാപ്തിയും തീര്‍ച്ചയായും പുന:പരിശോധിക്കണം. ഈ ദൃശ്യങ്ങളും വാര്‍ത്തയും കുഞ്ഞുങ്ങളും പ്രായമായവരും രോഗികളുമടക്കം കാണുന്നുവെന്നത് നിങ്ങള്‍ മറന്ന് പോകുന്നതാണോ? പേരിനൊരല്‍പം വിവേകമാകാം. സ്വന്തം മൂക്കിന്‍ തുമ്പത്ത് ദുരന്തമണയും വരെ മാത്രമേ ഫോട്ടോഗ്രഫിക് സ്‌കില്‍സ് തേച്ച് മിനുക്കാന്‍ തോന്നൂ. അതിന് പ്രത്യേകിച്ച് നേരമോ കാലമോ മുഹൂര്‍ത്തമോ വേണ്ട താനും. ജീവിതമാണ്, അടുത്ത നിമിഷം എന്തെന്നറിയില്ല. ക്യാമറക്ക് പിന്നില്‍ നിന്നും മുന്നിലേക്ക് നീങ്ങി നില്‍ക്കേണ്ട ഗതികേട് ആര്‍ക്കും വരാതിരിക്കട്ടെ.- ഷിംന ഫേസ്ബുക്കില്‍ കുറിച്ചു.

Loading...

ദേവനന്ദയുടെ അച്ഛന്‍ ചങ്ക് തകര്‍ന്ന് ആ കുഞ്ഞിന്റെ മൃതദേഹത്തിനരികിലേക്ക് വരുന്നത് കാണുമ്പോള്‍ നിര്‍വികാരം അത് മൊബൈലില്‍ പിടിക്കുന്ന കാഴ്ചക്കാര്‍. അവര്‍ വില്‍ക്കുന്ന വികാരം മനുഷ്യന്റെ നിസ്സഹായത. ഡല്‍ഹിയില്‍ ഒരാളുടെ നെഞ്ചത്ത് കയറിയിരുന്ന് കല്ല് കൊണ്ട് തലയടിച്ച് പൊളിച്ച് ചോരയൊലിച്ച് കിടക്കുന്നവന്റെ നെഞ്ചത്ത് കയറി നിന്ന് ജയ്ശ്രീറാം വിളിക്കുന്നത് കൈ വിറയ്ക്കാതെ പകര്‍ത്തിയ മൊബൈല്‍ വീഡിയോഗ്രാഫര്‍. വില്‍പന വര്‍ഗീയത. ട്രെയിനിനകത്ത് അമ്മ മുല കൊടുക്കാന്‍ വേണ്ടി കുഞ്ഞിനടുത്തേക്ക് കുനിഞ്ഞിരുന്നാല്‍ മുകളിലുള്ള ബര്‍ത്തില്‍ നിന്നുള്ള ഫോട്ടോഗ്രഫി.
സൂക്കേട് തള്ളക്ക് പിറക്കായ്മ.

ഒരപകടം നടന്ന് കഴിഞ്ഞാല്‍ അത് ഇനിയെങ്കിലും ഒഴിവാക്കാനുള്ള കാര്യങ്ങള്‍ക്ക് സുഗമമാകാനുള്ള നടപടികള്‍ക്ക് വേണ്ടി റിപ്പോര്‍ട്ടിംഗ് നടത്തേണ്ട നേരത്ത് വീട്ടിലെ അംഗങ്ങളുടെ എണ്ണം കുറഞ്ഞവരുടെ ആര്‍ത്തനാദം പകര്‍ത്തി വരെ റേറ്റിംഗ് കൂട്ടുന്ന ന്യൂസ് ചാനലുകളുടെ മനശാസ്ത്രം? ആരാന്റമ്മക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല ചേലാണ്. തീര്‍ന്നില്ല. ലൈംഗികവേഴ്ചയും നഗ്‌നചിത്രങ്ങളും ഒളിഞ്ഞോ അല്ലാതെയോ പകര്‍ത്തുന്നതിന് സമാനമായ അശ്‌ളീലമാണ് മനുഷ്യന്റെ വേദനയും കോപവും ആക്രമണത്വരയും പരിക്കുകളും മറ്റ് സ്വകാര്യതകളും അനുമതിയില്ലാതെ പകര്‍ത്തുന്നതും പ്രചരിപ്പിക്കുന്നതും എന്ന് എന്നാണ് നമ്മള്‍ തിരിച്ചറിയുക? ‘സ്വകാര്യത’ എന്നൊരു സാധനം ഉണ്ടെന്നെങ്കിലും എന്നാണ് നമ്മള്‍ മനസ്സിലാക്കുക?

കൈയിലൊരു ക്യാമറയും നെറ്റും ഉണ്ടെന്ന് വെച്ച് മനുഷ്യത്വവും മനുഷ്യന്റെ സ്വകാര്യതയും മൊബൈല്‍ ഫോണിന് കൂട്ടിക്കൊടുക്കരുത്. മാധ്യമങ്ങള്‍ ചെയ്യുന്ന ദ്രോഹത്തിന്റെ വ്യാപ്തിയും തീര്‍ച്ചയായും പുന:പരിശോധിക്കണം. ഈ ദൃശ്യങ്ങളും വാര്‍ത്തയും കുഞ്ഞുങ്ങളും പ്രായമായവരും രോഗികളുമടക്കം കാണുന്നുവെന്നത് നിങ്ങള്‍ മറന്ന് പോകുന്നതാണോ? പേരിനൊരല്‍പം വിവേകമാകാം. സ്വന്തം മൂക്കിന്‍ തുമ്പത്ത് ദുരന്തമണയും വരെ മാത്രമേ ഫോട്ടോഗ്രഫിക് സ്‌കില്‍സ് തേച്ച് മിനുക്കാന്‍ തോന്നൂ. അതിന് പ്രത്യേകിച്ച് നേരമോ കാലമോ മുഹൂര്‍ത്തമോ വേണ്ട താനും. ജീവിതമാണ്, അടുത്ത നിമിഷം എന്തെന്നറിയില്ല. ക്യാമറക്ക് പിന്നില്‍ നിന്നും മുന്നിലേക്ക് നീങ്ങി നില്‍ക്കേണ്ട ഗതികേട് ആര്‍ക്കും വരാതിരിക്കട്ടെ.

Dr. Shimna Azeez