വളർത്തു മൃഗങ്ങൾ ഉൾപ്പെടെയുള്ളവയുടെ കടിയേറ്റാൽ പേവിഷബാധയ്ക്കുള്ള കുത്തിവെയ്പ്പ് എടുക്കണോ? അതോ ടിടി മതിയോ? ഡോക്ടർ ഷിംന അസീസിന്റെ കുറിപ്പ്

ഏലി, അണ്ണാൻ, വളർത്തു മൃഗങ്ങൾ ഉൾപ്പെടെയുള്ളവയുടെ കടിയേറ്റാൽ പേവിഷബാധയ്ക്കുള്ള കുത്തിവയ്‌പ്പോ ടിടിയോ എടുക്കാൻ ഡോക്ടർമാർ നിർദേശിക്കാറുണ്ട്. എന്നാൽ അന്നങ്ങനെയുള്ള കാര്യത്തിൽ പൊതുജനത്തിന് വലിയ ധാരണയൊന്നുമില്ല. ഇങ്ങനെയുള്ള കാര്യങ്ങൾ പലരും ഒട്ടും കാര്യമാക്കാതെ വെറുതെ വിടാറാണ് പതിവ്. ഈ വിഷയത്തെപ്പറ്റിയുള്ള പൊതുവായ കാര്യങ്ങൾ
എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ള കാര്യം നർമ്മത്തോടെ അവതരിപ്പിച്ചിരിക്കുകയാണ് ഡോക്ടർ ഷിംന അസീസ്.

ഡോക്ടർ ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പ്:

Loading...

സാരീടെ ബ്ലൗസ്‌ തയ്‌ക്കാൻ കൊടുത്തത്‌ വാങ്ങാൻ സ്‌ഥിരം തയ്യൽകടയിൽ ചെന്നതായിരുന്നു. ട്രയൽ റൂമിൽ കേറിയ നേരത്താണ്‌ പുറത്ത്‌ നിന്ന്‌ ആ ചൂടൻ ചർച്ച- ” പണ്ടൊക്കെ ഓടിന്റെ മോളീന്ന്‌ ഒലിച്ച്‌ വരുന്ന മഴവെള്ളം ബക്കറ്റിൽ പിടിച്ചാ പാത്രം മോറിയിരുന്നത്‌. അന്നൊന്നും ഒരു എലിപ്പനിയും ഇല്ലായിരുന്നു. ഇപ്പോ വാട്ട്‌സാപ്പിലും ഇതൊക്കെ തന്നെ വായിച്ചു” ബ്ലൗസ്‌ ഫിറ്റിംഗ്‌ നോക്കി സന്തോഷിയായി ഡ്രസ്‌ മാറി പുറത്തിറങ്ങിയപ്പോ “എലിപ്പനിയൊക്കെ പണ്ടും ഉണ്ടായിരുന്നുട്ടോ ചേച്ചീ” എന്ന്‌ അകത്തൂന്ന്‌ കേട്ടതിന്‌ മറുപടി പറഞ്ഞു. ഇത്‌ കേട്ടതോടെ ചേച്ചിക്ക്‌ മാരക ആവേശം. “അതല്ല ഡോക്‌ടറെ, ദേ ആ ഇരിക്കുന്ന ടൈലറുടെ മോന്റെ കൈയിലൊരു എലി ഓട്ടിൻപുറത്ത്‌ നിന്ന്‌ വീണു, ചെറിയൊരു മുറിവായി. ഇപ്പോ സൂചി വെക്കണമെന്ന്‌ പറഞ്ഞ്‌ വീട്ടുകാരും അയലോക്കക്കാരും ബഹളം. പോരാത്തേന്‌ അടുത്തൊരു കുഞ്ഞി ക്ലിനിക്കിലെ ഡോക്‌ടറും മെഡിക്കൽ കോളേജിൽ കാണിക്കാൻ പറഞ്ഞു”. ഇത്രേം പറഞ്ഞ്‌ ചേച്ചി ഫോണിലുള്ള മോന്റെ മുറിവിന്റെ ഫോട്ടോ കാണിച്ചു. ഒരു ഇത്തിരിക്കുഞ്ഞൻ പോറൽ, അത്ര തന്നെ. അപ്പോ തന്നെ വൃത്തിയായി കഴുകീട്ടുമുണ്ട്‌. വെരി ഗുഡ്‌. “എലിയാന്ന്‌ ഉറപ്പാണോ ചേച്ചീ? പെരുച്ചാഴിയല്ലല്ലോ? പെരുച്ചാഴി മാന്തിയാലോ കടിച്ചാലോ പേവിഷത്തിനെതിരെ കുത്തിവെപ്പ്‌ വേണം. എലിക്ക്‌ വേണ്ട” “വീടിനകത്തെവിടെയാ ഡോക്‌ടറേ പെരുച്ചാഴി? ഇത്‌ എലി തന്നെയാ, ഞാൻ കണ്ടതാ.” രണ്ട്‌ വർഷം മുൻപ്‌ വരെ എലിയുടെ അച്‌ഛനും അമ്മയും പെരുച്ചാഴിയാണെന്ന്‌ കരുതിയിരുന്ന ‘കൊടൂര ബുദ്ധിമതിയായ’ ഞാൻ പെരുംഗൗരവത്തിൽ- “അത്‌ ശരി. എന്നാൽ പേവിഷബാധയുടെ കുത്തിവെപ്പ് വേണ്ട. അവന്‌ ടിടി എപ്പോ എടുത്തതാ?” “കഴിഞ്ഞ വർഷം പതിനഞ്ച്‌ വയസ്സായപ്പോ. അവന്‌ എല്ലാ കുത്തിവെപ്പും എടുത്തതാ.” “എന്നാൽ പിന്നെ സാധാരണ ഗതിയിൽ പത്ത്‌ കൊല്ലത്തിന്‌ വേറെ ടിടിയും വേണ്ട. മുറിവ്‌ ചെറുതാണെന്നല്ലേ പറഞ്ഞത്‌? നന്നായി കഴുകി മരുന്ന്‌ തേച്ചാൽ മാത്രം മതി. ഉണങ്ങിക്കോളും.” “ആ പിന്നേ- എലി, അണ്ണാൻ, മുയൽ എന്നീ ജീവികൾ കടിക്കുകയോ മാന്തുകയോ ചെയ്‌താൽ ടിടി കുത്തിവെപ്പ്‌ മാത്രം മതി. മറ്റ്‌ മൃഗങ്ങളാണെങ്കിൽ പേവിഷബാധയുടെ കുത്തിവെപ്പ്‌ വേണ്ടി വന്നേക്കാം. ഉപദ്രവിച്ചത്‌ ഏത്‌ ജീവിയാണെങ്കിലും മുറിവ്‌ വലുതാണെങ്കിൽ നിർബന്ധമായും ഡോക്‌ടറെ കാണണം, മരുന്ന്‌ വേണം. പക്ഷേ, ഈ കേസിൽ പേ വരില്ല. പക്ഷികളിൽ നിന്നും അവയുടെ മുട്ടയിൽ നിന്നുമൊന്നും പേ വരില്ല. ഭയക്കേണ്ട.” “അപ്പോ ഇനി ഡോക്‌ടറെ കാണേണ്ട?” “മെഡിക്കൽ കോളേജിലെ പ്രിവന്റീവ്‌ ക്ലിനിക്കിൽ വന്നാലും കാണാനുള്ളത്‌ എന്നെയോ എന്റെ ചങ്ങാതിമാരെയോ ആണ്‌. ഇനി നിർബന്ധാച്ചാൽ, എന്നെ ഒന്നൂടി കണ്ണ്‌ തുറന്ന്‌ നോക്കി കണ്ടോളൂ. ” ചേച്ചി ഉള്ളറിഞ്ഞൊരു ആശ്വാസച്ചിരി ചിരിച്ചു, ഞാനും. ഒരു ഡോക്‌ടറുടെ കൊച്ചു കൊച്ചുസന്തോഷങ്ങൾ.