ശ്രീ അമിത് ഷായും കോവിഡും ?: ഒരു മനുഷ്യജീവിക്ക് അസുഖം വരട്ടെയെന്ന് പ്രാർത്ഥിക്കുന്ന മനസ്സിനെ മുന്തിയയിനം സാനിറ്റൈസർ തന്നെ ഉപയോഗിച്ച് ക്ലീൻ ചെയ്യണം: ഡോ.സുൾഫി നൂഹു

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊറോണ ബാധിച്ചതിൽ സന്തോഷ പ്രകടനം നടത്തുന്നവർക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കേരളത്തിലെ വൈസ് പ്രസിഡന്റ് ഡോ. സുൾഫി നൂഹ് രം​ഗത്ത്. ഒരാൾക്ക് രോഗം ബാധിക്കുമ്പോൾ സന്തോഷിക്കുന്ന മനസ്സുകളെ നല്ല ഇനം ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കഴുകണമെന്നാണ് അദ്ദേഹം പറയുന്നത്. അമിത് ഷായ്ക്ക് കൊറോണ ബാധിച്ചതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ ചിലർ നടത്തിയ ആഹ്ലാദ പ്രകടനങ്ങൾക്കെതിരെയായിരുന്നു ഡോക്ടറുടെ പ്രതിഷേധം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇത്തരം വൈകൃതങ്ങൾക്കെതിരെയുള്ള തന്റെ വിയോജിപ്പ് അദ്ദേഹം രേഖപ്പെടുത്തിയത്.

ഡോ.സുൾഫി നൂഹിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം.

Loading...

ശ്രീ അമിത് ഷായും കോവിഡും ?
==========================
കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ അമിത് ഷാക്ക് രോഗം ബാധിച്ചതിൽ സന്തോഷിക്കുന്ന ചിലരെ സമൂഹമാധ്യമങ്ങളിൽ കണ്ടെത്തി. അത്തരം മനസ്സുകളെ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കഴുകണം . നല്ല ഇനം.

ശ്രീ അമിത്ഷാക്ക് മാത്രമല്ല ശ്രീ പിണറായി വിജയൻ, ശ്രീ നരേന്ദ്ര മോഡി, ശ്രീ രാഹുൽ ഗാന്ധി ,ഇവരിൽ ആർക്കുവേണമെങ്കിലും, എനിക്കും നിങ്ങൾക്കും എപ്പോൾ വേണമെങ്കിലും കോവിഡ് രോഗം ബാധിക്കാം. മറ്റുള്ളവരുടെ രോഗബാധയിൽ സന്തോഷം കണ്ടെത്തുന്ന മനസ്സ് രോഗാതുരമാണ് . സംശയമില്ല. ലോകത്തെമ്പാടും പല രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളും കോവിഡ് രോഗബാധയേറ്റു കിടപ്പിലായി.

ഭാരതത്തിൽ മാത്രം ഏതാണ്ട് 175 ഡോക്ടർമാർക്കാണ് രോഗ ബാധമൂലം ജീവൻ നഷ്ടപ്പെട്ടത്. രോഗം പടരാനുള്ള സാധ്യത എല്ലാവർക്കും ഒരുപോലെ തന്നെയാണ്. കരുതൽ കൂടുതൽ കൃത്യമായി ചെയ്യുന്നവർക്ക് രോഗത്തിനുള്ള സാധ്യത കുറയുമെന്ന് മാത്രം .എങ്കിലും ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും ഏറ്റവും റിസ്‌ക് കൂടുതൽ. പൊതുപ്രവർത്തകർക്കും പോലീസ് ഉദ്യോഗസ്ഥർക്കും ജനസമ്പർക്കം കൂടുന്ന എല്ലാ വിഭാഗക്കാർക്കും അസുഖം വരാനുള്ള സാധ്യത താരതമ്യേന കൂടുതൽ തന്നെയാണ്

ശ്രീ അമിത് ഷായെയും ശ്രീ രാഹുൽ ഗാന്ധിയെയും ശ്രീ പിണറായി വിജയനെയുംമൊക്കെ രാഷ്ട്രീയപരമായി എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യാം. എന്നാൽ അസുഖം വരുന്നതിൽ സന്തോഷിക്കുന്നത് ഒരിക്കലും സ്വീകാര്യമല്ല. കോവിഡ്19 ആയിക്കോട്ടെ മറ്റെന്തെങ്കിലും രോഗമായിക്കോട്ടെ ഒരു മനുഷ്യജീവിക്ക് അസുഖം വരട്ടെയെന്ന് പ്രാർത്ഥിക്കുന്ന മനസ്സിനെ മുന്തിയയിനം സാനിറ്റൈസർ തന്നെ ഉപയോഗിച്ച് ക്ലീൻ ചെയ്യണം.

ആർക്കുവേണമെങ്കിലും ക്ഷണിക്കപ്പെടാത്ത അതിഥിയായി കോവിഡ് 19കടന്നു വരാം. അടുത്ത വീട്ടിലെക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്ന അതേ മനസ്സാണ് മറ്റുള്ളവർക്ക് അസുഖം വരുമ്പോൾ സന്തോഷിക്കുന്നത്. ഒഴിവാക്കണം തീർച്ചയായും ഒഴിവാക്കണം.

ഇന്ന് നീ നാളെ ഞാൻ ഡോ സുൽഫി നൂഹു

ശ്രീ അമിത് ഷായും കോവിഡും ❗==========================കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ അമിത് ഷാക്ക് രോഗം…

Opublikowany przez Drsulphiego Noohu Niedziela, 2 sierpnia 2020