നോട്ട് നിരോധനം, മോദിയേ കത്തിക്കേണ്ട. തെറ്റുപറ്റി എന്ന് പ്രധാനമന്ത്രി പറഞ്ഞാൽ മതി- തോമസ് ഐസക്

അഗ്നിയിലൊന്നും പ്രധാനമന്ത്രി സ്വയം ഹോമിക്കേണ്ട, തെറ്റിപ്പോയി എന്നൊന്ന് ജനങ്ങളോട് പറഞ്ഞാല്‍ മതിയെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നോട്ടുനിരോധനം അമ്പത് ദിവസം പിന്നിടുമ്പോള്‍ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതത്തിന് ഇതാണ് പ്രധാനമന്ത്രിക്ക് ചെയ്യാനുളള പാപപരിഹാരമെന്നും ഐസക്ക് വ്യക്തമാക്കുന്നു. നോട്ട് റദ്ദാക്കല്‍ അങ്ങനെ ഒരു പ്രഹസനമായി മാറി. പണക്കാര്‍ക്ക് പറയത്തക്ക പ്രയാസമൊന്നും ഉണ്ടായില്ല. അവര്‍ ക്യൂ നിന്ന് കരയേണ്ടി വന്നില്ല.

അവര്‍ക്ക് ആവശ്യമുളള നോട്ടുകള്‍ കരിഞ്ചന്തയില്‍ സുലഭമായിരുന്നു. പക്ഷേ രാജ്യത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം പിന്നിട്ട രണ്ടുമാസവും വരാന്‍ പോകുന്ന രണ്ടുമൂന്നുമാസവും നരകദുരിതത്തിന്റെ കാലമാണെന്നും ഐസക്ക് പറയുന്നു. നോട്ട് റദ്ദാക്കല്‍ പ്രധാനമന്ത്രി മോഡിയുടെ ഹിമാലയന്‍ വിഡ്ഢിത്തമായി ചരിത്രം വിലയിരുത്തും. അധികാരാരോഹണത്തിനുശേഷം അദ്ദേഹമാണ് രാഷ്ട്രത്തിന്റെ ആഖ്യാനം രചിച്ചുകൊണ്ടിരിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ തലയ്ക്ക് പിടിച്ചോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ ഇന്ത്യയിലെ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിനു നേരെ ഇതുപോലൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഭരണകൂടം മുതിരില്ലായിരുന്നുവെന്നും ഐസക്ക് ലേഖനത്തില്‍ വ്യക്തമാക്കുന്നു.

Loading...