ഫ്രീക്കന്‍മാര്‍ ജാഗ്രതൈ… ബര്‍മുഡയിട്ടാല്‍ നിയമസഭാ ഹോസ്റ്റലിന്റെ ഏഴയലത്ത് പ്രവേശനമില്ല; നിയന്ത്രണം എം.എല്‍.എക്ക് ബാധകമല്ല!

തിരുവനന്തപുരം: അൽപ്പം പരിഷ്‌കാരിയായി നിയമസഭാ ഹോസ്റ്റലില്‍ എത്തുന്നവര്‍ ജാഗ്രത. ഹോസ്റ്റല്‍ വളപ്പില്‍ ബര്‍മുഡ ധരിച്ച് ആരും പ്രവേശിക്കാന്‍ പാടില്ലെന്ന് സുരക്ഷാ ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കി. ഹോസ്റ്റല്‍ വളപ്പിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങാന്‍ ബര്‍മുഡ ധരിച്ചെത്തിയവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു.

ബര്‍മുഡ സഭ്യതയ്ക്ക് നിരക്കാത്ത വസ്ത്രമാണെന്നാണ് സെക്യുരിറ്റിയുടെ കണ്ടെത്തല്‍. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ഹോസ്റ്റലില്‍ എം.എല്‍.എമാരുടെ കുടുംബാംഗങ്ങളും തങ്ങാറുണ്ട്. അതിനാല്‍ ബര്‍മുഡധാരികളെ കടത്തിവിടാന്‍ കഴിയില്ലെന്നാണ് സുരക്ഷാ ജീവനക്കാര്‍ പറയുന്നത്.

അതേസമയം, എം.എല്‍.എമാരുടെ മക്കളടക്കം പല ബന്ധുക്കളും ബര്‍മുഡ ധരിച്ച് ഹോസ്റ്റല്‍ പരിസരത്ത് നടക്കാറുണ്ട്. പ്രധാന കവാടത്തില്‍ കൂടി ഇവര്‍ പുറത്തുപോകുകയും തിരിച്ചുവരികയും ചെയ്യുന്നുണ്ട്. ഇതൊന്നും സുരക്ഷാ ജീവനക്കാര്‍ക്ക് സാദാചാര പ്രശ്‌നമാകുന്നില്ല. കണ്‍മുന്നില്‍ നടക്കുന്ന ഈ ‘സാദാചാര ലംഘനം’ ഇവര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് വിമര്‍ശനം.

സെക്യൂരിറ്റിയുടെ പുതിയ നിയന്ത്രണത്തിനെതിരെ വ്യാപക പ്രതിഷേധവുമുയരുന്നുണ്ട്. മുട്ടിനൊപ്പം ഇറക്കമുള്ള ബര്‍മുഡ എങ്ങനെയാണ് സഭ്യതയ്ക്ക് നിരക്കാത്തതെന്നാണ് ഇവര്‍ ചോദിക്കുന്നത്. ബര്‍മുഡ നിരോധിച്ചുകൊണ്ട് ഉത്തരവും ഇറക്കിയിട്ടില്ല. ജീവനക്കാര്‍ വാക്കാലുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. സുരക്ഷാ ജീവനക്കാരുടെ ‘സദാചാരബോധം’ ഹോസ്റ്റല്‍ വളപ്പിലെ ഭക്ഷണശാലകളെയും ബാധിക്കുന്നുണ്ട്. ഇവിടെ പ്രവര്‍ത്തിക്കുന്ന കോഫി ഹൗസില്‍ നിന്നും ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ ദിവസവും നിരവധി പേര്‍ എത്തുന്നുണ്ട്. ഹര്‍ത്താല്‍ ദിനങ്ങളില്‍ പോലും അടയ്ക്കാത്ത ഈ ഭക്ഷണശാലകള്‍ ജനങ്ങള്‍ക്ക് വലിയ ആശ്വാസവുമാണ്. സുരക്ഷാ ജീവനക്കാരുടെ നിയന്ത്രണം ഈ ഭക്ഷണശാലകളുടെ കച്ചവടത്തെയും ബാധിക്കുന്നതായി വിമര്‍ശനം ഉയരുന്നു.

എം.എല്‍.എ ഹോസ്റ്റല്‍ വളപ്പില്‍ വാഹനങ്ങള്‍ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണം ഇപ്പോഴും തുടരുന്നുണ്ട്. അനധികൃത പാര്‍ക്കിംഗ് തടയാനാണ് ഈ നടപടിയെന്ന് സുരക്ഷാജീവനക്കാര്‍ പറയുന്നു.

ഹോസ്റ്റലില്‍ എത്തുന്നവര്‍ വാഹനം പുറത്ത് പാര്‍ക്ക് ചെയ്യേണ്ട സ്ഥിതിയാണ്. എം.എല്‍.എമാരെ കാണാന്‍ എത്തുന്നവരാണ് ഇതുവഴി വലയുന്നത്. ദൂരയാത്രകള്‍ക്ക് പോകുന്നവര്‍ വാഹനം സുരക്ഷിതമായി പാര്‍ക്ക് ചെയ്യാനുള്ള സ്ഥലമായി ഹോസ്റ്റല്‍ വളപ്പ് കണ്ടെത്തിയതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. ഇതോടെ എം.എല്‍.എമാരുടെ വാഹനങ്ങള്‍ പോലും പാര്‍ക്ക് ചെയ്യാന്‍ ബുദ്ധിമുട്ട് നേരിട്ടുവെന്നാണ് സുരക്ഷാ വിഭാഗം ജീവനക്കാര്‍ പറയുന്നത്.