വെള്ളമെന്ന് കരുതി വിദ്യാര്‍ത്ഥിനി ക്ലാസില്‍ കൊണ്ടുവന്ന ആസിഡ് കഴിച്ച് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

ന്യൂഡല്‍ഹി: നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ക്ലാസില്‍ കൊണ്ടുപോയ ആസിഡ് കഴിച്ച് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ഹര്‍ഷ് വിഹാറിലെ ഒരു സ്‌കൂളിലാണ് സംഭവം.

ബാത്ത്‌റൂം ശുചിയാക്കുന്ന ആസിഡാണ് വിദ്യാര്‍ത്ഥി കുടിച്ചത്. സോഫ്റ്റ് ഡ്രിങ്കിന്റെ കുപ്പിയില്‍ വച്ചിരുന്ന ആസിഡ് പെണ്‍കുട്ടി അബദ്ധത്തില്‍ സ്‌കൂളില്‍ കൊണ്ടുവരികയായിരുന്നു.

ഉച്ചഭക്ഷണ സമയത്താണ് ദുരന്തമുണ്ടായത്. സംഭവത്തില്‍ കേസെടുത്തതായി നോര്‍ത്ത് ഈസ്റ്റ് ഡെപ്യൂട്ടി കമ്മീഷണര്‍ അതുല്‍ കുമാര്‍ താക്കൂര്‍ അറിച്ചു. ഐ.പി.സി 304 എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

ആരുടെ ജാഗ്രതക്കുറവാണ് അപകടത്തിലേക്ക് നയിച്ചതെന്ന് അന്വേഷിച്ചുവരികയാണെന്ന് അതുല്‍ കുമാര്‍ അറിയിച്ചു. അപകത്തിനിടയാക്കിയ ആസിഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. സഞ്ജന എന്ന വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്.

ആസിഡ് കഴിച്ച് അവശനിലയിലായ സഞ്ജന സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ അധ്യാപിക അവധി ആയിരുന്നതിനാല്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളെയും ഉച്ചഭക്ഷണത്തിന് ഇരുത്തിയിരുന്നത്.

ഇതിനിടെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മാറിക്കൊണ്ടുവന്ന ആസിഡ് സഞ്ജന അബദ്ധത്തില്‍ കുടിക്കുകയായിരുന്നു.