ജലക്ഷാമം രൂക്ഷം വീടിനകത്ത് സൂക്ഷിച്ച കുടിവെള്ളം മോഷണം പോയെന്ന പരാതിയുമായി വീട്ടുടമ

ജലക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സമയത്ത് വീട്ടില്‍ സൂക്ഷിച്ച കുടിവെള്ളം മോഷണം പോയെന്ന് കാണിച്ച് വീട്ടുടമ പൊലീസില്‍ പരാതി. നാസിക്കിലെ മന്‍മാഡ് പട്ടണത്തില്‍ ശ്രാവസ്തി നഗറില്‍ താമസിക്കുന്ന വിലാസ് അഹിരേയ്ക്കാണ് കുടിവെള്ളം നഷ്ടമായത്. മഹാരാഷ്ട്രയില്‍ വരള്‍ച്ചയുടെ പിടിയിലാണ് നാസിക്.
ജലക്ഷാമം മുന്‍കൂട്ടി കണ്ട് വീട്ടിലെ ടെറസില്‍ രണ്ടു ടാങ്കുകളിലായി 500 ലിറ്റര്‍ വെള്ളം സൂക്ഷിച്ചുവെച്ചിരുന്നതായി അഹിരേ പറയുന്നു. കഴിഞ്ഞ ദിവസം നോക്കിയപ്പോള്‍ ടാങ്കില്‍ കുറച്ചു വെള്ളമേ കണ്ടുള്ളൂ. 300 ലിറ്ററോളം ആരോ മോഷ്ടിച്ചുവെന്നാണ് വീട്ടുടമ പരാതിയില്‍ പറയുന്നത്.

അഹിരേയുടെ പരാതി സ്വീകരിച്ച് അന്വേഷണം തുടങ്ങിയതായി പോലീസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാര്‍ ധൂസര്‍ പറഞ്ഞു. വാഗ്ദര്‍ഡി അണക്കെട്ടില്‍ ജലനിരപ്പ് കുറഞ്ഞതിനാല്‍ മന്‍മാഡ് പട്ടണത്തില്‍ ജലവിതരണത്തിന്റെ താളംതെറ്റിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം മഴ തീരേ കുറഞ്ഞതാണ് ജലവിതാനം താഴാന്‍ കാരണമെന്ന് തദ്ദേശ ഭരണകൂടം പറയുന്നു.

Loading...