ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ആയതിന് പിന്നാലെ മോഹന്‍ലാല്‍ ചിത്രം ദൃശ്യം ടുവിന്റെ പതിപ്പ് ചോര്‍ന്നു. ടെലഗ്രാം ചാനലുകള്‍ വഴിയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പുകള്‍ പ്രചരിക്കുന്നത്. ഇന്നലെ അര്‍ദ്ധരാത്രി ആമസോണ്‍ പ്രൈമില്‍ സിനിമ റിലീസായി 2 മണിക്കൂറിനുള്ളിലാണ് വ്യാജ പതിപ്പ് പ്രചരിക്കാന്‍ ആരംഭിച്ചത്.റിലീസിന് പിന്നാലെ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറക്കിയത് നിര്‍ഭാഗ്യകരമായ സംഭവമാണെന്നും ആമസോണ്‍ പ്രൈം ഇതിനെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് സംവിധായകന് ജീതത്തു ജോസഫ് പ്രതികരിച്ചു.
ചിത്രത്തിനു ലഭിക്കുന്ന മികച്ച പ്രതികരണങ്ങളില്‍ താന്‍ സന്തുഷ്ടനാണെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യമായാണ് സൂപ്പര്‍താരത്തിന്റെ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുന്നത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ചിത്രത്തിന്റെ വ്യാജ പതിപ്പിറങ്ങിയത് അണിയറപ്രവര്‍ത്തകരെയും നിരാശരാക്കുകയാണ്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, മീന, സിദ്ദിഖ്, മുരളീ ഗോപി, ആശ ശരത്ത്, ഗണേഷ് കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.അര്‍ധരാത്രി 12ന് ആമസോണ്‍ പ്രൈം വിഡിയോയിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്. കോവിഡ് നിയന്ത്രണങ്ങള്‍ മൂലമാണ് ദൃശ്യം 2 ഒടിടി റിലീസാക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചത്.