വീണ്ടും കല്ലട… ഡ്രൈവർ മദ്യപിച്ച് ഓടിച്ച ബസ് അപകടത്തിപ്പെട്ടു

തിരുവനന്തപുരം: ഡ്രൈവർ മദ്യപിച്ച് വാഹനമോടിച്ചതിനെ തുടർന്ന് കല്ലട ബസ് അപകടത്തിൽപ്പെട്ടു. തിരുവനന്തപുരത്തു നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസ് കഴക്കൂട്ടത്തു വെച്ച് ഒരു കാറിനെ ഇടിയ്ക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിലാണ് ഡ്രൈവറെ മദ്യപിച്ച നിലയിൽ കണ്ടെത്തിയത്.

നേരത്തെ ബസിൽ വച്ച് യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കല്ലട ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്ക‌ിയിരുന്നു. ഗതഗാത മന്ത്രി എ.കെ.ശശീന്ദ്രന്റെ നിർദേശ പ്രകാരം ബസിലെ രണ്ടാം ഡ്രൈവറായ ഡൈവർ ജോൺസൺ ജോസഫിന്റെ ലൈസൻസാണ് റദ്ദാക്കിയത്.

Loading...

ബസിൽ ലൈംഗിക പീഡന ശ്രമമുണ്ടായെന്ന പരാതിയുമായി തമിഴ്നാട് സ്വദേശിയായ യുവതി രംഗത്തെത്തിയത് അടുത്തകാലത്തു ആയിരുന്നു. കണ്ണൂരിൽ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ബസിൽ പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ബസിലെ മറ്റ് യാത്രക്കാരാണ് ഡ്രൈവറെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയും ചെയ്തു. പിന്നാലെയാണ് മന്ത്രിയുടെ ഇടപെടൽ.

നേരത്തെ അശ്രദ്ധമായി വാഹനം ഓടിച്ചതിനെ തുടർന്ന് ബസിലുണ്ടായിരുന്ന മോഹനൻ എന്ന യാത്രക്കാരന്റെ തുടയെല്ല് പൊട്ടി എന്ന പരാതി ഉയർന്നിരുന്നു. വേദനയിൽ പുളഞ്ഞ ഇയാളെ ആശുപത്രിയിലെത്തിക്കാന്‍ പോലും ജീവനക്കാർ തയ്യാറായില്ലെന്നായിരുന്നു ആരോപണം.

സംഭവത്തിൽ പ്രതികരിച്ച ഗതാഗതമന്ത്രി നിയമനടപടികൾ സ്വീകരിച്ച് യാത്രാസുരക്ഷിതത്വം ഉറപ്പാക്കുമെന്നാണ് അറിയിച്ചത്.

യാത്രക്കാരെ ആക്രമിച്ച സംഭവത്തിൽ കല്ലട ബസിലെ ജീവനക്കാർക്കെതിരെ വധശ്രമത്തിന്‌ കേസെടുത്തതു. ജീവനക്കാര്‍ യാത്രക്കാരെ ആക്രമിച്ചെന്ന്‌ കല്ലട ട്രാവല്‍സ് നിയന്ത്രിക്കുന്നവർ സമ്മതിച്ചിരുന്നു. നാല്‌ ജീവനക്കാരെ അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌. വൈറ്റിലയില്‍ വച്ചുണ്ടായ ആക്രമണത്തില്‍ അധികൃതർ ഖേദപ്രകടനം നടത്തി.

യാത്രക്കാരെ ആക്രമിച്ച ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തെന്നു കല്ലട ട്രാവൽസ് പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ അറിയിച്ചു. അന്തർസംസ്ഥാന സർവീസ് നടത്തുന്ന സുരേഷ് കല്ലട ബസ് കമ്പനിയുടെ രണ്ടു ജീവനക്കാരെ തിങ്കളാഴ്ച കൊച്ചിയിൽ അറസ്റ്റ് ചെയ്തിരുന്നു.

യാത്രക്കാരെ ബസിൽ മർദിച്ച കേസിൽ കമ്പനിയുടമ സുരേഷ് കുമാറിനെ വിളിച്ചുവരുത്തി താക്കീതു ചെയ്യാനും സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചു. ബസ് കൊച്ചി മരട് പൊലീസ് പിടിച്ചെടുത്തു. കേസിൽ കൂടുതൽ പേർ പ്രതികളാകുമെന്നു പൊലീസ് അറിയിച്ചു.

അതേസമയം, കല്ലട ബസില്‍ നടന്നത് അതിക്രൂരമായ അക്രമമെന്നു സംഭവം പുറംലോകത്തെ അറിയിച്ച ഡോ. ജേക്കബ് ഫിലിപ് പറഞ്ഞു. യുവാക്കളെ റോഡില്‍ ഓടിച്ചിട്ട് അടിച്ചു‌. തലമുടി വലിച്ച് ബിയര്‍ കുപ്പി കൊണ്ട് അടിക്കാൻ ശ്രമിച്ചതും കണ്ടു. ജീവനക്കാർ തന്നെ ഫോണില്‍ വിളിക്കുകയും ദൃശ്യം ഒഴിവാക്കിയില്ലെങ്കില്‍ നിയമ നടപടി എടുക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്യതെന്നും അദ്ദേഹം പറഞ്ഞു. കല്ലട ജീവനക്കാരുടെ അതിക്രമത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ബംഗളൂരുവിലെ കല്ലടയുടെ ഓഫിസ് മലയാളികൾ ഉപരോധിച്ചു. വൈക്കത്തെ ബുക്കിങ് ഓഫിസ് എൽഡിഎഫ് പ്രവർത്തകർ പൂട്ടിച്ചു. അന്ന് സമൂഹമാധ്യമങ്ങളിലും പ്രതിഷേധം അലയടിച്ചിരുന്നു.