ധാക്ക: ട്രെയിന്‍ ഡ്രൈവര്‍മാര്‍ സൂക്ഷിക്കുക; എന്ജിന് ഓഫ് ചെയ്തേ സീറ്റില്‍ നിന്നു മാറാവൂ. ദീര്‍ഘദൂരയാത്രയ്ക്കിടെ ക്ഷീണം അകറ്റാനാണ് എന്ജിന് ഡ്രൈവര്‍ രാജ്ബാര്‍ഹി റെയില്‍വേ സ്റ്റേഷനിലിറങ്ങിയത്. ഗാര്‍ഡും ഇദ്ദേഹത്തിനൊപ്പം കൂടി. ഇവരില്ലാതെ 23 യാത്രക്കാരുമായി ട്രെയിന്‍ പിന്നോട്ട് പോയത് 26 കിലോമീറ്റര്‍!
ഇതേത്തുടര്‍ന്നു എന്ജിന് ഡ്രൈവര്‍ മുഹമ്മദ് അലിയെയും ഗാര്‍ഡ് സുഭാഷ് ചന്ദ്ര സര്‍ക്കാരിനെയും ബംഗ്ലാദേശ് റെയില്‍വേ സസ്പെന്‍ഡ് ചെയ്തു. ട്രെയിനോ യാത്രക്കാര്‍ക്കോ പരുക്കില്ല. എന്തായാലും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അഞ്ചംഗ കമ്മിറ്റിക്കു ബംഗ്ലാദേശ് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്.
ഫരീദ്പുരിലേക്കുള്ള ട്രെയിനാണു രാജ്ബാര്‍ഹി റെയില്‍വേ സ്റ്റേഷനില്‍നിന്നു “സ്വയം” യാത്ര തിരിച്ചത്. ട്രെയിന്‍ എന്ജിന് യാദൃശ്ചികമായി ഓട്ടോമോഡിലേക്കു പോയതാണു യാത്രയ്ക്കു കാരണമായത്. ഏതാനും മിനിറ്റുകള്ക്കുശേഷമാണു ടിക്കറ്റ് കളക്ടര്‍ അന്വാര് ഹുസൈന് അപകടം തിരിച്ചറിഞ്ഞത്. ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്താനുള്ള അദ്ദേഹത്തിന്റെ ശ്രമം വിഫലമായി. തുടര്‍ന്നു ആറു കമ്പാര്‍ട്ട്മെന്റുകള്‍ ഉള്ള ട്രെയിനിന്റെ മൂന്ന് കമ്പാര്ട്ട്മെന്റുകളിലെത്തി ചങ്ങല വലിച്ചെങ്കിലും ട്രെയിന്നിന്നില്ല. അവസാനം വാക്വം ബോക്സ് ഏറെ പണിപ്പെട്ടു തുറന്നാണു ട്രയിന്‍ നിര്‍ത്തിയത്.