ദുബായ്: ദുബായില്‍ ഡ്രൈവിങ് സ്‌കൂളുകളെയും അദ്ധ്യാപകരെയും സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കുന്നു. ഡ്രൈവര്‍മാരുടെ പരിശീലനത്തിന്റെ ഓരോ ഘട്ടവും നിരീക്ഷിക്കുന്നതാണ് പുതിയ നിയമങ്ങള്‍. പണത്തിന്റെ മൂല്യത്തിനനുസരിച്ചുള്ള പഠനം തങ്ങള്‍ക്ക് ലഭിക്കുന്നില്ലാ എന്നുള്ള പരിശീലനത്തിനെത്തുന്നവരുടെ പരാതിയെ തുടര്‍ന്നാണ് പുതിയ നിയമങ്ങള്‍ പ്രാബല്യത്തിലാക്കുന്നത്.

റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്‌സ് അഥോറിറ്റി നടപ്പാക്കുന്ന സംവിധാനം എല്ല പഠിതാക്കളുമായും സുതാര്യമായ ഇടപാട് ഉറപ്പാക്കുന്നു. അടുത്ത വര്‍ഷം ആദ്യത്തില്‍ നടപ്പിലാകുന്ന സംവിധാനമനുസരിച്ച് പരിശീലന കാലയളവ് അടക്കം ഡ്രൈവിങ് സ്‌കൂളില്‍ നടക്കുന്ന ഓരോ കാര്യങ്ങളും ആര്‍.ടി.എ ലൈസന്‍സിങ് ഏജന്‍സിയുടെ ഉന്നത ഉദ്യോഗസ്ഥന്‍ പരിശോധിക്കുമെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

Loading...

പുതിയ സംവിധാനത്തില്‍ പരിശീലകന്റെയും പഠിതാവിന്റെയും ഓരോ നീക്കവും ഇ-നിരീക്ഷണത്തിന് വിധേയമാക്കും. കൂടാതെ ട്രാക്ക് റെക്കോര്‍ഡ്, ടൈമിങ്, ഹിസ്റ്ററി, ഓരോ ട്രെയ്‌നിങ് സെഷനിലെയും പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സൂക്ഷിക്കുകയും ചെയ്യുമെന്ന് ആര്‍.ടി.എ ലൈസന്‍സിങ് ഏജന്‍സിയിലെ മോണിറ്ററിങ് ആന്റ് എന്‍ഫോഴ്‌സമെന്റ് വിഭാഗം ഡയറക്ടര്‍ ജമാല്‍ ഹാഷിം അല്‍ സദ പറഞ്ഞു. നിലവില്‍ ആര്‍.ടി.എ ഇന്‍സ്‌പെക്ടര്‍മാര്‍ ഡ്രൈവിങ് സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.ട്രെയ്‌നിങ്, കരിക്കുലം, നയങ്ങള്‍ നടപ്പാക്കല്‍ തുടങ്ങി ഓരോ കാര്യവും പരിശോധിക്കാന്‍ മികച്ച ഇന്‍സ്‌പെക്ടര്‍മാര്‍ ഞങ്ങള്‍ക്കുണ്ട്.

ഡ്രൈവിങ് സ്‌കൂള്‍ സിസ്റ്റത്തിലേക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് പ്രവേശനം ലഭിക്കും. കൂടാതെ പരിശീലനത്തിനെത്തുന്നവരില്‍ നിന്ന് നേരിട്ടും വിവരങ്ങള്‍ ശേഖരിക്കും. എന്നാല്‍ സാങ്കേതിക വിദ്യയനുസരിച്ച് പരിഷ്‌കരിക്കുയാണ് പുതിയ സംവിധാനത്തില്‍ ചെയ്യുന്നത്.- അല്‍ സദാ കൂട്ടിച്ചേര്‍ത്തു. പണത്തിന്റെ മൂല്യം തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് പരിശീലനത്തിനെത്തുന്നവരുടെ പരാതിയെ തുടര്‍ന്നാണ് പുതിയ സംവിധാനത്തെ കുറിച്ച് ആലോചിച്ചത്. പഠിതാക്കള്‍ക്ക് ശരിയായ പരിശീനവും നല്‍കുന്ന പണത്തിന്റെ പൂര്‍ണ മൂല്യവും ലഭിക്കണം. പഠിതാവിന് പൂര്‍ണ തോതിലുള്ള പരിശീലനം നല്‍കുന്നുണ്ടോയെന്നാണ് നോക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിശീലകര്‍ അഞ്ചു മിനുട്ട് വൈകി തുടങ്ങുകയും അഞ്ച് മിനുട്ട് നേരത്തെ അവസാനിപ്പിക്കുകയും ചെയ്താല്‍ പഠിതാവിന് പണത്തിന്റെ യഥാര്‍ത്ഥ മൂല്യം ലഭിക്കില്ല. ഓരോ ക്ലാസ്സും 30 മിനുട്ട് വീതമായിരിക്കും. ഇത് പൂര്‍ണമായും ഉപയോക്താവിന് ലഭിക്കണം. ഇതില്‍ സമവായമില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രവര്‍ത്തനത്തില്‍ കൃത്രിമത്വം വരുത്തുന്ന ഇന്‍സ്ട്രക്ടര്‍മാരില്‍ നിന്ന് പിഴ ഈടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ സാങ്കേതിക വിദ്യ പരിശീലകരെ നിരീക്ഷിക്കാന്‍ മാത്രമല്ലെന്നും പഠിതാക്കളുടെ പുരോഗതി എത്രത്തോളമായെന്ന് അറിയാന്‍ കൂടിയാണെന്നും അല്‍ സദാ പറഞ്ഞു.