തിരുവനന്തപുരം: സംസ്ഥാനത്തു ചൂട് 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലേക്ക്; വരുംദിവസങ്ങളില്‍ ‘തീക്കാറ്റാ’കും അനുഭവമെന്നു കാലാവസ്ഥാ ശാസ്ത്രജ്ഞര്‍. സൂര്യാഘാതത്തിനു സാധ്യതയുള്ളതിനാല്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെ ജാഗ്രത വേണമെന്നു മുന്നറിയിപ്പ്.
അടുത്തയാഴ്ച വേനല്‍മഴ എത്തുമെന്നാണു പ്രതീക്ഷ.നിലവില്‍ ശരാശരി ചൂട് രണ്ടു മുതല്‍ നാലു ഡിഗ്രി വരെ കൂടിയിട്ടുണ്ട്. കോഴിക്കോട് 3.9 ഡിഗ്രിയും ആലപ്പുഴയില്‍ 1.4 ഡിഗ്രിയും കോട്ടയത്ത് 1.3 ഡിഗ്രിയും ഉയര്‍ന്നെന്നാണു തിരുവനന്തപുരം കാലാവസ്ഥാകേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.
വടക്കുകിഴക്കുനിന്നു വരണ്ട കാറ്റ് കൂടുതലായി എത്തുന്നതാണ് അന്തരീക്ഷ താപനില ഇനിയും കൂടുമെന്ന വിലയിരുത്തലിന് അടിസ്ഥാനം. തൃശൂര്‍ മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളില്‍ കൂടുതല്‍ ജാഗ്രത വേണം.
പലയിടത്തും ഒറ്റപ്പെട്ട മഴ കിട്ടിത്തുടങ്ങി. ചൂട് ഉയരുന്നതിനൊപ്പം മഴയ്ക്കുള്ള സാധ്യത കൂടുന്നുവെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ അഭിപ്രായം. സാധാരണയായി മാര്‍ച്ച് അവസാനത്തോടെ വേനല്‍ മഴയ്ക്ക് അനുകൂലമായ അന്തരീക്ഷ ഘടകങ്ങള്‍ രൂപപ്പെടുകയും ഏപ്രില്‍, മേയ് മാസങ്ങളില്‍ പെയ്യുകയുമാണു ചെയ്യുന്നതെന്നു കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ഡോ. സി എസ്. ഗോപകുമാര്‍ പറഞ്ഞു.
ചൂട് മുന്‍വര്‍ഷങ്ങളെക്കാള്‍ കൂടിയതാണ് ഇപ്പോഴത്തെ പ്രശ്‌നം. മഴ ശതമാനം കുറഞ്ഞതു തീവ്രത വര്‍ദ്ധിപ്പിച്ചു. വേനല്‍മഴയെ ആശ്രയിച്ചാണ് വരള്‍ച്ചയുടെ തീവ്രത നിര്‍ണയിക്കുക.
മൊത്തം വാര്‍ഷികമഴയുടെ 14 ശതമാനമാണ് വേനല്‍മഴയായി കിട്ടാറുള്ളത്. ഇത് 400 മി.മീ. വരെയുണ്ടാകും. വേനല്‍മഴ ചതിച്ചാല്‍ പ്രശ്‌നം ഗുരുതരമാകും.