കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട, കോളേജുകൾ ലക്ഷ്യമിട്ടു കൊണ്ടുവന്ന എംഡിഎംഎ അടക്കമുള്ള ലഹരിവസ്തുക്കൾ പിടികൂടി

കോഴിക്കോട് : പോലീസും എക്‌സൈസും പിടിമുറുക്കിയിട്ടും സംസ്ഥാനത്ത് ലഹരിക്കടത്തിന് യാതൊരു കുറവുമില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തെ ലോഡ്ജില്‍ നിന്ന് 22 ഗ്രാം എം.ഡി.എം.എയുമായി മൂന്നുപേരെ പിടികൂടി. കോളേജുകൾ ലക്ഷ്യമിട്ട് കൊണ്ടുവന്ന എംഡിഎംഎ അടക്കമുള്ള വീര്യം കൂടിയ ലഹരിവസ്തുക്കൾ ആണ് ഇവരുടെ പക്കലുണ്ടായിരുന്നത്. ഒരു ലക്ഷം രൂപ വിലവരു 22 ഗ്രാം എം.ഡി.എം പോലീസ് റൂമിൽ നിന്ന് കണ്ടെടുത്തിരുന്നു.

ചേവായൂര്‍ സ്വദേശി സാള്‍ട്ടണ്‍, കല്ലായി സ്വദേശി അനീഷ്, പന്നിയങ്കര സ്വദേശി നിശാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിന് പരിസരത്തുള്ള ലോഡ്ജില്‍ പോലീസ് പരിശോധന നടത്തിയത്. ഇവിടത്തെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രതികൾ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്.

Loading...

പാക്കറ്റുകളിലാക്കി വില്‍പ്പനയ്‌ക്ക് തയ്യാറാക്കിയ എം.ഡി.എം.എയാണ് ഇവരില്‍നിന്ന് പിടികൂടിയത്. കൂടാതെ മൂന്ന് ബൈക്കും 13500 രൂപയും എം.ഡി.എം.എ തൂക്കാനുള്ള ത്രാസും പ്രതികളില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. അതേസമയം തൃശൂർ കുന്നംകുളത്ത് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതികൾ ഉൾപ്പെടെ നാലുപേർ പൊലീസ് പിടിയിൽ. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും, കുന്നംകുളം പൊലീസും ചേർന്നാണ് നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്.

അഞ്ചു ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടിച്ചെടുത്തു. ആലപ്പുഴ അർത്തുങ്കൽ സ്വദേശിനി ഷെറിൻ, കൊല്ലം പട്ടിത്താനം സ്വദേശിനി സുരഭി, പാലക്കാട് കൂറ്റനാട് സ്വദേശികളായ ഷഫീഖ്, അനസ്, എന്നിവരാണ് പിടിയിലായത്. പൊലീസിന് ലഭിച്ച ഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ലോഡ്ജ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കുന്നംകുളം മേഖലയിൽ സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് വിൽപന നടത്താൻ വേണ്ടിയാണ് പ്രതികൾ ലഹരി മരുന്നു കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.