കൊച്ചിയിൽ ഫ്‌ളാറ്റിൽ ലഹരിക്കച്ചവടം, എക്‌സൈസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടി രക്ഷപ്പെട്ട് പ്രതികൾ

എറണാകുളം: ലഹരി പരിശോധനയ്‌ക്കെത്തിയ എക്‌സൈസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടി പ്രതി രക്ഷപ്പെട്ടു. കൊച്ചി വാഴക്കാലയിൽ ഫ്‌ളാറ്റിൽ ലഹരിക്കച്ചവടം നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് അന്വേഷണത്തിന് എത്തിയതായിരുന്നു എക്‌സൈസ് ഉദ്യോഗസ്ഥർ. കണ്ണൂർ കോളയാട് സ്വദേശി ചിഞ്ചു മാത്യു താമസിച്ചിരുന്ന ഫ്‌ളാറ്റിനുള്ളിലാണ് സംഭവങ്ങൾ ഉണ്ടായത്. ഇവിടെ നിന്ന് മുക്കാൽ കിലോ എംഡിഎംഎയും, അൻപത് ഗ്രാം ഹാഷിഷ് ഓയിലും കണ്ടെത്തിയിട്ടുണ്ട്.

രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിയിൽ പ്രതി കത്തി വീശിയതിനെ തുടർന്ന് എക്‌സൈസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് ഉദ്യോഗസ്ഥർ ഇവിടെ ഒരാഴ്ചയോളമായി നീരിക്ഷണം നടത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസം ചിഞ്ചു മാത്യു ബെംഗളൂരുവിൽ നിന്ന് മടങ്ങി എത്തിയതായി വിവരം കിട്ടിയിരുന്നു. എക്‌സൈസിന്റെ ഷാഡോ സംഘം ഇയാളെ പിടികൂടുന്നതിനായി ഫ്‌ളാറ്റിനുള്ളിലേക്ക് കയറിയതും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.

Loading...

തടയാൻ ശ്രമിച്ചതോടെ കയ്യിലുള്ള കത്തി ഉപയോഗിച്ച് ചിഞ്ചു സിവിൽ എക്‌സൈസ് ഓഫീസർ ടോമി എൻ ഡിക്ക് നേരെ തിരിയുകയായിരുന്നു. ടോമിയുടെ കൈവിരലിന് പരിക്കേറ്റു. മുറിയ്‌ക്ക് പുറത്തെത്തിയ പ്രതി എക്‌സൈസ് സംഘത്തെ പുറത്ത് നിന്ന് പൂട്ടി കടന്നു കളയുകയായിരുന്നു. താഴെ പാർക്ക് ചെയ്തിരുന്ന കാറിൽ ഇയാൾ കടന്നതായാണ് വിവരം. മുറിയിൽ നിന്ന് 750 ഗ്രാം എംഡിഎംഎ യും 50 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. കണ്ണൂർ കോളയാട് സ്വദേശിയാണ് ചിഞ്ചു മാത്യു.