“മലയാള സിനിമയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം നടക്കുന്നുണ്ട്, ദുല്‍ഖറും കുഞ്ചാക്കോ ബോബനും ആസിഫ് അലിയും അത്തരക്കാരല്ല”

മലയാള സിനിമയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം നടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി പലരും രംഗത്തെത്തിയിരുന്നു നിര്‍മ്മാതാക്കളുടെ സംഘടനയായി പ്രൊഡ്യൂസേഴ്‌സ് ആസോസിയേഷനായിരുന്നു ആദ്യം ഇത്തരം ഒരു വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ ഇത് ശരിവെച്ചു കൊണ്ട്. താര സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗമായ ബാബുരാജും രംത്തെത്തി. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ മഹേഷ്.

മലയാള സിനിമയില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരുണ്ടെന്ന് നടന്‍ മഹേഷ് പറഞ്ഞു. എല്ലാവരും അങ്ങനെയാണെന്ന് പറയാനാവില്ല. ദുല്‍ഖറും കുഞ്ചാക്കോ ബോബനും ആസിഫ് അലിയൊന്നും അങ്ങനെയുള്ളവരല്ലെന്നും മഹേഷ് പറഞ്ഞു. ചില യുവനടന്മാരുടെ ലൊക്കേഷനില്‍ അബദ്ധത്തിലോ മേക്കപ്പ് ചെയ്യാനോ കാരവനില്‍ കയറിയാല്‍ ഇതിന്റെ മണമാണ്. പുറത്തേക്ക് വരിക നമ്മള്‍ വലിച്ചതിന് തുല്യമായിട്ടാണ്. മലയാള സിനിമയെ നിയന്ത്രിക്കുന്നത് ലഹരി മാഫിയ ആണോ എന്ന് അറിയില്ല. പക്ഷേ 10 ശതമാനം യുവനടന്മാര്‍ എങ്കിലും ലഹരി ഉപയോഗിക്കുന്നുണ്ട്. അത് ഇല്ലാതാകണം. സിനിമാ മേഖല മുഴുവനായി ഇതിന്റെ പേരില്‍ പഴി കേള്‍ക്കുകയാണെന്നും മഹേഷ് പറഞ്ഞു.

Loading...

ഷെയിന്‍ നിഗം ഒരു കുഴപ്പക്കാരനാണെന്ന് തോന്നുന്നില്ല. പ്രായത്തിന്റെതായ പ്രശ്‌നങ്ങളുണ്ടാകാം. അല്ലെങ്കില്‍ അവന്‍ കൊച്ചി ഭാഷയില്‍ പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് അത്ര സുഖകരമായി തോന്നാത്തതാകാം. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുകയാണ് വേണ്ടതെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മഹേഷ് പറഞ്ഞു.

അതേസമയം മലയാള സിനിമാ സെറ്റുകളില്‍ ലഹരി ഉപയോഗം വ്യാപകമെന്ന നിര്‍മാതാക്കളുടെ ആരോപണത്തില്‍ തെളിവ് ഹാജരാക്കണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടിരുന്നു. സിനിമാ മേഖലയോടുള്ള അനുഭാവം കൊണ്ടാണ് സര്‍ക്കാര്‍ പക്വതയോടെ പ്രതികരിച്ചതെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

‘ലഹരി ഉപയോഗിത്തിന്റെ പേരില്‍ ഇന്‍ഡസ്ട്രിയെ മുഴുവന്‍ സംശയത്തിന്റെ പുകമറയില്‍ നിര്‍ത്തേണ്ട കാര്യമില്ല. കയ്യിലുള്ള വിവരങ്ങള്‍ കൃത്യമായി കൈമാറിയാല്‍ സര്‍ക്കാര്‍ വേണ്ടതു ചെയ്യും. അതല്ലാതെ സര്‍ക്കാര്‍ കാടടച്ചു വെടിവയ്ക്കുന്നില്ല എന്നത് സര്‍ക്കാരിന്റെ പക്വതയായിട്ടും സിനിമയെ അവര്‍ എത്രത്തോളം അനുഭാവപൂര്‍വം നോക്കിക്കാണുന്നു എന്നതിനു തെളിവായിട്ടുമാണ് ഞങ്ങള്‍ കാണുന്നത്’ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

മലയാള സിനിമയിലെ ചില പുതുതലമുറ താരങ്ങള്‍ സിനിമാ സെറ്റില്‍ ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന നിര്‍മാതാക്കളുടെ ആരോപണം വിവാദം സൃഷ്ടിച്ചിരുന്നു. സിനിമാ ലൊക്കേഷനുകളില്‍ പൊലീസ് തിരച്ചില്‍ നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

അതിനെ അനുകൂലിച്ചും വിയോജിച്ചും പലരും രംഗത്തെത്തുകയും ചെയ്തു. പരാതിയും തെളിവും തന്നാല്‍ നടപടിയെടുക്കാമെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞിരുന്നു.

സിനിമ മേഖലയില്‍ ന്യൂജെന്‍ തലമുറക്കാരില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നതായുള്ള നിര്‍മാതാക്കളുടെ ആരോപണം ശരിവച്ച് അമ്മ എക്‌സിക്യൂട്ടീവ് അംഗം ബാബുരാജ് രംഗത്തെത്തിയിരുന്നു. ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ മാത്രം സിനമാസംഘങ്ങളുണ്ട്. നടിമാരില്‍ പലരും ലഹരി ഉപയോഗിക്കുന്നവരാണെന്നും ബാബുരാജ് മനോരമ ന്യൂസിനോട് പറഞ്ഞു. ലഹരി ഉപയോഗിക്കാത്തവര്‍ ഒന്നിനും കൊള്ളില്ലെന്നാണ് ഇവരുടെ നിലപാട്. ഇത്തരക്കാരെ പുറത്താക്കുമെന്ന ചട്ടം കൊണ്ടുവന്നതും ഇക്കാരണത്താലാണ്.

പ്രശ്‌നങ്ങളുണ്ടായപ്പോള്‍ മാത്രമാണ് ഷെയിന്‍ ‘അമ്മ’യില്‍ അംഗമായത്. ലഹരിമരുന്ന് ഉപയോഗിക്കുന്നവരില്‍ പലരും ‘അമ്മ’യില്‍ അംഗങ്ങളല്ല. അവര്‍ക്ക് താല്‍പര്യവുമില്ലെന്നും ബാബുരാജ് പറഞ്ഞു. ഷെയിനിന്റെ വിഡിയോകള്‍ കണ്ടാല്‍ പലര്‍ക്കും പലതും മനസിലാകും. ഷെയിന്‍ നിഗം വിഷയത്തില്‍ ഇടപെടാന്‍ അമ്മയ്ക്ക് പരിമിതിയുണ്ടെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു.