ദുബൈ വാഹനാപകടം: ഭര്‍ത്താവ് മരിച്ച് പതിമൂന്നാം നാള്‍ ഭാര്യയും മരണത്തിന് കീഴടങ്ങി

ദുബൈ: ദുബൈയിലേക്ക് ഉല്ലാസയാത്രയ്‌ക്കെത്തിയ ഈ ദമ്പതികള്‍ ഒരിക്കലും കരുതിക്കാണില്ല ആ യാത്ര അവരുടെ ജീവിതം കവര്‍ന്നെടുക്കുമെന്ന്. ദമ്പതികള്‍ സഞ്ചരിച്ച മിനി ബസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ജനുവരി 22ന് ഉണ്ടായ അപകടത്തില്‍ ഭര്‍ത്താവ് ദിനേശ് കവാദ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ഗുരുതര പരിക്കുകളേറ്റ ഭാര്യ നീതു ജെയിന്‍ കവാദ് 13 ദിവസങ്ങള്‍ക്ക് ശേഷം എയര്‍ ആമ്പുലന്‍സില്‍ കൊണ്ടുപോകുമ്പോഴായിരുന്നു മരണം സംഭവിച്ചത്. ഡെസേര്‍ട്ട് സഫാരിക്ക് വേണ്ടി ടൂറിസ്റ്റ് ഏജന്‍സിയുടെ മിനി ബസില്‍ യാത്ര ചെയ്യുമ്പോള്‍ എമിറേറ്റ്‌സ് റോഡില്‍ അവീറിനടുത്തായാണ് അപകമുണ്ടായത്.

അപകടത്തില്‍ 23കാരന്‍ പാകിസ്താനി ഡ്രൈവറും സംഭവസ്ഥലത്ത് തന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്നു മറ്റ് ദമ്പതികള്‍ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. ദമ്പതികള്‍ സഞ്ചരിച്ച മിനി ബസില്‍ ട്രക്ക് ഇടിച്ചായിരുന്നു അപകടം. ദിനേഷ് കവാദ് മുന്‍പിലത്തെ സീറ്റിലായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഉടന്‍ തന്നെ മരണം സംഭവിക്കുകയായിരുന്നു.

കര്‍ണാടക സ്വദേശിയായ ദിനേശ് ബിസിനസുകാരനാണ്. ഈ ദമ്പതികള്‍ക്ക് രണ്ടു മക്കളാണ് ഉള്ളത്. ഒന്‍പതുവയസുള്ള മകളും 11 വയസുള്ള മകനും നാട്ടില്‍ മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പമാണ്. അപകടത്തില്‍ മരിച്ച ദിനേശിന്റെ മൃതദേഹം സ്വദേശമായ ബെല്ലാരിയില്‍ എത്തിച്ചിരുന്നു. റാഷിദ് ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ നീതുവിന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. അപകടവിവരം അറിഞ്ഞ് നീതുവിന്റെ സഹോദരനും ദിനേശിന്റെ സഹോദരനും മറ്റു ബന്ധുക്കളും ദുബൈയില്‍ എത്തി. യുവതിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുമോ എന്ന് 10 ദിവസത്തോളം കാത്തിരുന്നു. കൂടുതല്‍ മെച്ചപ്പെട്ട ചികില്‍സയ്ക്കായി യുവതിയെ ബെംഗളുരുവിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30നാണ് എയര്‍ ആംബുലന്‍സ് ദുബൈയില്‍ നിന്നും പുറപ്പെട്ടത്. വെന്റിലേറ്ററില്‍ ആയിരുന്നെങ്കിലും ഈ സമയം യുവതിയുടെ ആരോഗ്യസ്ഥിതി കുഴപ്പമില്ലാത്തതായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. യാത്ര പകുതി ദൂരം എത്തിയപ്പോഴാണ് യുവതിയുടെ ആരോഗ്യം മോശമായതും മരണത്തിന് കീഴടങ്ങിയതും.