ദുബായ്: ദുബായ് റോഡുകളെ കീഴടക്കാന്‍ ഡ്രൈവറില്ലാ വാഹനം വരുന്നു. ദുബായ് ആര്‍ടിഎ യുടെ ഡ്രൈവറില്ലാ വാഹനം റോഡില്‍ പരീക്ഷണയോട്ടം തുടങ്ങുന്നു. നാളെ മുതല്‍ ബുര്‍ജ് ഖലീഫക്ക് സമീപം ഡൗണ്‍ടൗണില്‍ പ്രത്യേകം തയാറാക്കിയ 700 മീറ്റര്‍ റൂട്ടിലാണ് പരീക്ഷണയോട്ടം നടക്കുക.

പരീക്ഷണം വിജയിച്ചാല്‍ മറ്റിടങ്ങളിലേക്കും ആളില്ലാ വാഹനത്തിന്റെ സര്‍വീസ് വ്യാപിപ്പിക്കുമെന്ന് ആര്‍ടിഎ ഡയറക്ടര്‍ ജനറല്‍ മതാര്‍ അല്‍ തായിര്‍ അറിയിച്ചു. 2030തോടെ ദുബായിലെ മൊത്തം വാഹനങ്ങളുടെ 25 ശതമാനം ഡ്രൈവറില്ലാതെ ഓടുന്നതാക്കി മാറ്റാനാണ് ആര്‍ടിഎ യുടെ തീരുമാനം.

Loading...

ദുബായ് യെ സ്മാര്‍ട്ട് സിറ്റിയാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് മാസങ്ങള്‍ക്ക് മുമ്ബ് ഡ്രൈവറില്ലാ വാഹനം ആര്‍ടിഎ അവതരിപ്പിച്ചത്. വേള്‍ഡ് ട്രേഡ് സെന്ററിലെ ഹാളുകള്‍ക്കിടയിലാണ് വാഹനം ആദ്യമായി സര്‍വീസ് നടത്തിയത്. ഓംനിക്സ് ഇന്റര്‍നാഷണലും ഈസി മൈലും ചേര്‍ന്ന് നിര്‍മിച്ച ഈസി 10 എന്ന് പേരുള്ള ഇലക്‌ട്രിക് വാഹനം നേരത്തെ നിശ്ചയിച്ച പാതയിലൂടെയാണ് ഓടുക. ഫൈനാന്‍ഷ്യല്‍ സെന്റര്‍ ഇന്റര്‍സെക്ഷന്‍ മുതല്‍ ഡൗണ്‍ടൗണിലെ വിദ ഹോട്ടല്‍ വരെയാകും റോഡിലെ പരീക്ഷണയോട്ടം. സൗജന്യമായി ഈ റൂട്ടില്‍ വാഹനത്തില്‍ യാത്ര ചെയ്യാം.
ഭാവിയില്‍ ബുര്‍ജ് ഖലീഫ, ദുബൈ മാള്‍, ദുബായ് ഓപറ, സൂഖ് അല്‍ ബഹര്‍ എന്നിവയെ ബന്ധിപ്പിച്ച്‌ സര്‍വീസ് തുടങ്ങും.