കോവിഡ് രോഗികളെ തിരികെ എത്തിച്ചു, എയര്‍ ഇന്ത്യ എക്‌സ്പ്രസിന് വിലക്കേര്‍പ്പെടുത്തി ദുബൈ

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ദുബൈ.കോവിഡ് രോഗികള്‍ക്ക് നിയമവിരുദ്ധമായി യാത്ര അനുമതി നല്‍കിയതാണ് വിലക്കിന് കാരണം.ഇന്ന് മുതല്‍ 15 ദിവസത്തേക്കാണ് വിലക്ക്.രണ്ട് തവണ എയര്‍ഇന്ത്യ എക്‌സ്പ്രസ് ഗുരുതരമായ പിഴവ് ആവര്‍ത്തിച്ചു എന്നും രോഗിയുടെയും മറ്റ് യാത്രക്കാരുടെയും ചികിത്സ ചിലവ് വിമാനകമ്പനി വഹിക്കണമെന്നും ദുബൈ അധികൃതര്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു.

കോവിഡ് പോസിറ്റീവ് ആയ യാത്രക്കാരെ രണ്ട് തവണ സുരക്ഷ ചട്ടങ്ങള്‍ ലംഘിച്ച് ദുബൈയില്‍ എത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ദുബൈ സിവില്‍ ഏവിയേഷന്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നോട്ടീസ് അയച്ചിരിക്കുന്നത്.ഈ മാസം നാലിനാണ് ജയ്പൂരില്‍ നിന്നും ദുബൈയില്‍ എത്തിയ വിമാനത്തിലാണ് കോവിഡ് പോസിറ്റീവ് റിസല്‍ട്ടുമായി യാത്രക്കാര്‍ ഉണ്ടായിരുന്നത്.രോഗിയുടെ പേര്,പാസ്‌പോര്‍ട്ട് നമ്പര്‍,വിമാനത്തിലെ സീറ്റ് നമ്പര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.നേരത്തെയും സമാനമായ സംഭവം ഉണ്ടായിരുന്നതിനാല്‍ സെപ്റ്റംബര്‍ രണ്ടിന് ദുബൈ അധികൃതര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.എന്നിട്ടും പിഴവ് ആവര്‍ത്തിച്ചതോടെയാണ് 15 ദിവസത്തേക്ക് വിമാനങ്ങള്‍ റദ്ദ് ചെയ്തത്.

Loading...

രോഗിയുടെയും ഒപ്പം യാത്രചെയ്തവരുടെയും ചികില്‍സാ ക്വാറന്റയിന്‍ ചെലവുകള്‍ എയര്‍ ലൈന്‍ വഹിക്കണം.ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് മിഡിലീസ്റ്റ് റീജണല്‍ മാനേജര്‍ മോഹിത് സെയിനിന് അയച്ച നോട്ടീസില്‍ അതോറിറ്റി വ്യക്തമാക്കി.ദുബൈയിലേക്കുള്ള വിമാനങ്ങള്‍ ഷാര്‍ജയിലേക്ക് റീ ഷെഡ്യൂള്‍ ചെയ്‌തേക്കും.