പ്രവാസികള്‍ക്ക് ആശ്വാസം, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ദുബായ് നീക്കി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ആയുള്ള വിലക്ക് ദുബായ് പിന്‍വലിച്ചു. ഇന്ന് മുതല്‍ സര്‍വീസുകള്‍ പുനരാരംഭിക്കും. കോവിഡ് പോസിറ്റീവ് സര്‍ട്ടിറഫിക്കറ്റ് ഉണ്ടായിട്ടും രണ്ട് യാത്രക്കാരെ ദുബായിലേക്ക് യാത്ര ചെയ്യാന്‍ അനുമതിച്ചതിനെ തുടര്‍ന്ന് ആയിരുന്നു എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ഒക്ടോബര്‍ രണ്ട് വരെ ദുബായ് വിലക്ക് ഏര്‍പ്പെടുത്തിയത്.

യുഎഇ നിയമം അനുസരിച്ച്, ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ യാത്രയ്ക്ക് 96 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സെപ്റ്റംബര്‍ രണ്ടിന് കോവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഒരാള്‍ സെപ്റ്റംബര്‍ നാലിന് ജയ്പുര്‍ – ദുബായ് വിമാനത്തില്‍ യാത്ര ചെയ്തിരുന്നു. നേരത്തെയും ഒരാള്‍ യാത്ര ചെയ്തിരുന്നതായി അധികൃതര്‍ പറഞ്ഞു.

Loading...

ദല്‍ഹിയിലെയും ജയ്പൂരിലെയും വിമാനത്താവളങ്ങളിലെ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള വിമാനത്തില്‍ കൊറോണ രോഗി യാത്രചെയ്യാന്‍ ഇടയായത്. ഇക്കാര്യം എയര്‍ ഇന്ത്യ എക്‌സ്പ്രസ് ദുബായെ അറിയിച്ചിരുന്നു.ഈ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലും വ്യോമയാനമന്ത്രാലയങ്ങള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയുടെയും അടിസ്ഥാനത്തിലാണ് വിലക്ക് നീക്കിയത്. കൃത്യവിലോപം കാട്ടിയ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ വ്യക്തമാക്കി.