ബസുകളിലെ ഇന്ധന ഉപഭോഗം കുറയ്ക്കാനൊരുങ്ങി ദുബായ്

ബസുകളിലെ ഇന്ധന ഉപഭോഗം സാങ്കേതികവിദ്യ ഉപയോഗിച്ച് കുറയ്ക്കാനൊരുങ്ങി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. പൊതുഗതാഗത ശൃംഖല വികസിപ്പിക്കാനും ഇന്ധന ഉപഭോഗം കുറയ്ക്കാനുമായി ‘സിറ്റി ബ്രെയിൻ’ സംവിധാനം ഈ വർഷം നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.

കൂടാതെ ബസിന്റെ യന്ത്രസംവിധാനം, കിലോമീറ്റർ അടിസ്ഥാനത്തിൽ ഇന്ധന ഉപഭോഗം, ഓൺബോർഡ് സുരക്ഷാ സംവിധാനങ്ങളുടെ അവസ്ഥ എന്നിവ ഉൾക്കൊള്ളുന്ന 47-ലേറെ അറിയിപ്പുകൾ സംവിധാനത്തിൽ ലഭ്യമാണ്. യാത്രാഘട്ടങ്ങളിലെ ബസ് തകരാറുകൾ 10 ശതമാനവും യാത്രക്കാരുടെ പരാതികൾ 15 ശതമാനവും കുറച്ചതായി പ്രാരംഭ പ്രവർത്തനഘട്ടത്തിൽ അറിയിച്ചു.

Loading...

റിമോട്ട് ബസ് പെർഫോമൻസ് മോണിറ്ററിങ് സെന്ററിലൂടെ ഇന്ധനഉപഭോഗം അഞ്ചുശതമാനം കുറയ്ക്കാൻ സാധിച്ചതായി ആർ.ടി.എ. ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. നൂതന സാങ്കേതികവിദ്യ ബസുകളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കും. ടെലിമാറ്റിക്‌സ് സംവിധാനത്തിലൂടെ 373 വോൾവോ ബസുകളുടെ പ്രകടനവും കാര്യക്ഷമതയും തത്സമയം നിരീക്ഷിക്കാൻ സാധിക്കും.

സിറ്റി ബ്രെയിൻ പദ്ധതിയിലൂടെ ബസ് യാത്രക്കാരുടെ എണ്ണം 17 ശതമാനം മെച്ചപ്പെടുത്തുകയും ശരാശരി കാത്തിരിപ്പ് സമയം 10 ശതമാനമായി കുറയ്ക്കുകയും ചെയ്യും. ഇതുവഴി യാത്രാസമയം അഞ്ചുശതമാനം കുറയ്ക്കാനും സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.