പ്രവാസികള്‍ ടിക്കറ്റ് നിരക്ക് സ്വയം വഹിക്കണം- മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ച് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്

വ്യാഴാഴ്ച മുതല്‍ കേരളത്തിലേക്ക് പ്രവാസികള്‍ എത്തിതുടങ്ങും. അബുദാബിയില്‍ നിന്ന് കൊച്ചിയിലേയ്ക്കും ദുബായില്‍ നിന്ന് കോഴിക്കോട്ടേയ്ക്കുമാണ് ആദ്യവിമാനങ്ങള്‍ സര്‍വീസ് നടത്തുക. പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശം ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പുറപ്പെടുവിച്ചു. ആദ്യ ഘട്ടത്തില്‍ ദുരിതത്തിലായ തൊഴിലാളികളെയാണ് കൊണ്ടുപോവുക. തുടര്‍ന്ന് വയോജനങ്ങള്‍, അടിയന്തരമായി ചികിത്സ ആവശ്യമുള്ളവര്‍, ഗര്‍ഭിണികള്‍, പ്രതിസന്ധിയിലായ സന്ദര്‍ശക വീസക്കാര്‍, ജോലി നഷ്ടമായവര്‍, മറ്റു ബുദ്ധിമുട്ടുകളനുഭവപ്പെടുന്നവര്‍ തുടങ്ങിയവരെ യാത്രയാക്കും. യാത്രയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നവരെ എംബസി/കോണ്‍സുലേറ്റ് ഇ-മെയിലിലൂടെയോ ടെലിഫോണിലൂടെയോ നേരിട്ട് ബന്ധപ്പെടും

യാത്ര ചെയ്യുന്നവര്‍ വിമാന ടിക്കറ്റ് നിരക്ക് സ്വയം വഹിക്കണമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. എന്നാല്‍, ടിക്കറ്റ് നിരക്ക് എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല. കൂടാതെ, ഇന്ത്യയിലെത്തിയാല്‍ ക്വാറന്റീന്‍ ആവശ്യങ്ങള്‍ക്കുള്ള ചെലവും വഹിക്കേണ്ടതാണ്. ആരോഗ്യ പ്രശ്‌നമുള്ളവര്‍ക്ക് വിമാന യാത്രയ്ക്ക് പ്രത്യേക സൗകര്യമെന്തെങ്കിലും വേണമെങ്കില്‍ അതിനുള്ള ചെലവും ഏറ്റെടുക്കണം. യാത്ര ചെയ്യുന്നവരുടെ പട്ടിക എംബസി/കോണ്‍സുലേറ്റ് തയ്യാറാക്കിയ ശേഷം ടിക്കറ്റ് സംബന്ധമായ വിവരം കൈമാറുന്നതായിരിക്കും.

Loading...

ഇന്ത്യയിലേയ്ക്ക് തിരിച്ചുപോകാന്‍ യുഎഇയില്‍ നിന്ന് ഇതുവരെ 2 ലക്ഷം പേര്‍ വെബ് സൈറ്റിലൂടെ റജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഇവരെയെല്ലാം കൊണ്ടുപോകുന്നതിനായി മതിയായ സമയം ആവശ്യമുണ്ട്. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാമൂഹിക അകലം പാലിക്കേണ്ടത് നിര്‍ബന്ധമായതിനാല്‍, ഇന്ത്യന്‍ എംബസി/കോണ്‍സുലേറ്റ് സന്ദര്‍ശനം ഒഴിവാക്കണമെന്നും നിര്‍ദേശിക്കുന്നു
കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ഇന്ത്യന്‍ എംബസിയെയും ,കോണ്‍സുലേറ്റിനെയും ബന്ധപ്പെടാം ,ബന്ധപ്പെടേണ്ട നമ്പര്‍ പ്രവാസി ഭാരതീയ സഹായത കേന്ദ്ര 80046342,എംബസി 0508995583,ഇന്ത്യന്‍ കോണ്‍സുലേറ്റ് 0565463903, 0543090575.