ദുബായ് രാജാവിന്റെ ആറാം ഭാര്യ ഭർത്താവിന്റെ സ്വത്തും കൊണ്ട് മക്കളുമായി ഇംഗ്ലണ്ടിലേക്ക് രക്ഷപ്പെട്ടു

ലണ്ടൻ: ദുബായ് രാജാവും യു.എ.ഇ പ്രധാനമന്ത്രിയുമായ ഷൈക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂമിന്റെ ആറാം ഭാര്യ ഹയ ബിൻത്ത് അൽ ഹുസൈൻ തന്റെ മക്കളെയും കൊണ്ട് ഇംഗ്ലണ്ടിലേക്ക് രക്ഷപ്പെട്ടതായി റിപ്പോർട്ട്. ഭർത്താവുമായി തെറ്റിപ്പിരിഞ്ഞതിന് പിന്നാലെയാണ് 31 മില്യൻ പൗണ്ടും (ഏകദേശം 270 കോടി രൂപ) തന്റെ രണ്ട് കുട്ടികളുമായി ഇവർ യു.എ.ഇ വിട്ടത്.

ജോർദാൻ രാജാവ് അബ്‌ദുള്ളയുടെ അർദ്ധ സഹോദരിയായ ഹയ നേരത്തെ ജർമനിയിൽ രാഷ്ട്രീയ അഭയം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ ഇംഗ്ലണ്ടിലേക്ക് തിരിച്ചതെന്നാണ് റിപ്പോർട്ട്.

Loading...

ഓക്‌സ്ഫോർഡ് സർവകലാശാലയിൽ നിന്നും പഠിച്ചിറങ്ങിയ ഹയ മേയ് 20 മുതലാണ് പൊതുവേദിയിൽ നിന്നും അപ്രത്യക്ഷമായത്. ഹയയെ ദുബായിൽ നിന്നും രക്ഷപ്പെടാൻ ജർമൻ സർക്കാർ ഉദ്യോഗസ്ഥർ സഹായിച്ചതായാണ് റിപ്പോർട്ട്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും വഷളാക്കി.

തന്റെ ഭാര്യയെ തിരിച്ച് അയയ്‌ക്കണമെന്ന് ഷൈക്ക് മഖ്‌തൂം ആവശ്യപ്പെട്ടിട്ടും ജർമൻ സർ‌ക്കാർ തയ്യാറായില്ല. ഇതും പ്രതിസന്ധിക്ക് ഇടയാക്കിയിട്ടുണ്ട്. ഇതിനോടകം തന്നെ ഷൈക്ക് മഖ്‌തൂമുമായുള്ള വിവാഹ ബന്ധം വേർ‌പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹയ നോട്ടീസ് നൽകിയതായും വിവരമുണ്ട്.

ഷൈക്ക് മഖ്‌തൂമിന്റെ മകൾ ലത്തീഫ യു.എ.ഇയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചതും ഇന്ത്യൻ തീരത്ത് വച്ച് പിടികൂടിയതും വാർത്തയായതിന് പിന്നാലെയാണ് പുതിയ സംഭവം.പിതാവിൽ നിന്നുള്ള ഉപദ്രവം സഹിക്കാൻ വയ്യാതെയാണ് താൻ ഒളിച്ചോടിയതെന്നാണ് ലത്തീഫയുടെ വാദം.

ലത്തീഫ ഇപ്പോൾ എവിടെയാണെന്നതിനെ സംബന്ധിച്ച് യാതൊരു വിവരവും ലഭ്യമല്ലെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ ആരോപണം. ഇന്ത്യൻ തീരത്ത് നിന്നും യു.എ.ഇയിലെത്തിച്ച ലത്തീഫയെ തടവിലാക്കിയിരിക്കുകയാണെന്നും ഇവർ ആരോപിക്കുന്നു.

എന്നാൽ ഇതിനോടൊന്നും യു.എ.ഇ ഭരണകൂടം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല