ദുബൈ മെട്രോയില്‍ യാത്രക്കാര്‍ക്കായി ’10 നിര്‍ദേശങ്ങള്‍’; ലംഘിച്ചാല്‍ കര്‍ശന പിഴ

ദുബൈ: മെട്രോയില്‍ കയറുമ്പോള്‍ യാത്രക്കാര്‍ക്കു ഇനി ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധക്കേണ്ടതായി വരും. ദുബൈ മെട്രോയിലാണ് യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട പത്തുകാര്യങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. തിരക്കിനിടയിലെ അശ്രദ്ധകള്‍ യാത്ര മുടക്കുമെന്നു മാത്രമല്ല, കീശ കാലിയാക്കുകയും ചെയ്യും. വൃത്തിയിലും പെരുമാറ്റത്തിലുമടക്കം മാന്യതപാലിച്ചാല്‍ പിടി വീഴാതെ ഈ ജനകീയ വാഹനത്തില്‍ യാത്രചെയ്യാം. റെയില്‍ ശൃംഖലയുടെ സിരാകേന്ദ്രമായ റാഷിദിയയിലെ ഓപ്പറേഷന്‍സ് കണ്‍ട്രോള്‍ സെന്ററില്‍ (ഒസിസി) മെട്രോയുടെ ഓരോ സ്പന്ദനവും തൊട്ടറിയുന്നു. ഡ്രൈവറില്ലാ മെട്രോയിലെ ഓരോ യാത്രക്കാരനും നിരീക്ഷണത്തിലാണ്. ചട്ടങ്ങള്‍ ലംഘിച്ചാല്‍ 100 മുതല്‍ 2000 ദിര്‍ഹം വരെയാണു പിഴ.

ക്ലാസ് മാറിയാല്‍ പിഴ

Loading...

വനിതാ കംപാര്‍ട്‌മെന്റില്‍ പുരുഷന്മാര്‍ കയറുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. മറ്റു കാര്‍ഡുകള്‍ ഉപയോഗിച്ച് ഗോള്‍ഡ് ക്ലാസില്‍ യാത്രചെയ്യുന്നതും നിയമ ലംഘനമാണ്. പരിശോധനാ ഉദ്യോഗസ്ഥര്‍ വരുമ്പോള്‍ കാര്‍ഡുകള്‍ കാണിക്കണം. കാര്‍ഡ് കാണിച്ചില്ലെങ്കില്‍ 100 ദിര്‍ഹമാണു പിഴ.

യാത്രയ്ക്കിടയില്‍ ഭക്ഷണം പാടില്ല

ട്രെയിനിലും പ്ലാറ്റ്‌ഫോമിലും ഭക്ഷണം കഴിക്കാനോ പാനീയങ്ങള്‍ കുടിക്കാനോ പാടില്ല. സാന്‍ഡ്‌വിച്ചോ മറ്റോ കയ്യിലുണ്ടെങ്കില്‍ ഗേറ്റ് കടക്കുംമുന്‍പോ യാത്ര പൂര്‍ത്തിയാക്കി പുറത്തിറങ്ങിയശേഷമോ കഴിക്കുക. ച്യുയിംഗവും അനുവദിക്കില്ല. നിയമം ലംഘിച്ചാല്‍ പിഴ 100 ദിര്‍ഹം. വെള്ളം കുടിക്കുന്നതിനും മറ്റും ഇടയ്ക്ക് ചില ഇളവുകള്‍ അനുവദിച്ചിരുന്നെങ്കിലും പലരും സീറ്റുകളും മറ്റും വൃത്തികേടാക്കിയതിനെ തുടര്‍ന്ന് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.

ലഗേജ് സ്ഥലങ്ങള്‍ ഒഴിച്ചിടുക

ട്രെയിനില്‍ ലഗേജ് വയ്ക്കാനുള്ള സ്ഥലങ്ങള്‍ യാത്രക്കാര്‍ കയ്യേറുന്നത് നിയമവിരുദ്ധമാണ്. തിരക്കുള്ള സമയങ്ങളില്‍ ഇതുപലപ്പോഴും തര്‍ക്കങ്ങള്‍ക്ക് ഇടയാകുന്നത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ലഗേജ് വയ്ക്കാനുള്ള സ്ഥലങ്ങള്‍ ഒഴിച്ചിടുക. സുഗമയാത്രയ്ക്ക് ഇതാവശ്യമാണ്. നിയമം ലംഘിച്ചാല്‍ 100 ദിര്‍ഹം പിഴ ചുമത്തും.

മാന്യമായി യാത്ര ചെയ്യുക

യാത്രയ്ക്കിടയില്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്. ദേഹത്തു തട്ടുകയോ ചവിട്ടുകയോ ചെയ്യുക, ഇതരയാത്രക്കാര്‍ക്ക് തടസമുണ്ടാക്കുംവിധം സാധനങ്ങള്‍ വയ്ക്കുക തുടങ്ങിയവ ശിക്ഷാര്‍ഹമാണ്. ട്രെയിനുകളില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും ശ്രദ്ധ പുലര്‍ത്തണം. ഓരോ 5 മിനിറ്റ് കൂടുമ്പോഴും ട്രെയിന്‍ ഉള്ളതിനാല്‍ തിരക്കു കൂട്ടേണ്ടതില്ല. നിയമലംഘകര്‍ക്ക് 100 ദിര്‍ഹമാണു പിഴ.

നിലത്ത് ഇരിക്കരുത്

സ്‌റ്റേഷനുകളിലും, ട്രെയിനുകളിലും അനുവദനീയമായ സ്ഥലങ്ങളില്‍ മാത്രം ഇരിക്കുക. നിലത്തും എസ്‌കലേറ്ററുകളുടെ വശങ്ങളിലും ഇരിക്കരുത്. ട്രെയിനുകളുടെ 2 കംപാര്‍ട്‌മെന്റുകള്‍ക്ക് ഇടയിലുള്ള ഭാഗത്ത് വഴിമുടക്കാതിരിക്കാനും ശ്രദ്ധിക്കുക. ചട്ടം ലംഘിച്ചാല്‍ പിഴ 100 ദിര്‍ഹം.

കാര്‍ഡുകള്‍ കൈമാറ്റം ചെയ്യരുത്

യാത്രയ്ക്കുള്ള നോല്‍കാര്‍ഡുകള്‍ കൈമാറ്റം ചെയ്യരുത്. ഒരാളുടെ പേരിലുള്ള ബ്ലൂ കാര്‍ഡ് വേറൊരാള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ 200 ദിര്‍ഹം പിഴ ചുമത്തും.

കച്ചവടം പാടില്ല

ട്രെയിനുകളിലും സ്റ്റേഷനുകളിലും കച്ചവടം നടത്തരുത്. ഏതെങ്കിലും ഉല്‍പന്നത്തിന്റെ വില്‍പന പ്രോല്‍സാഹിപ്പിക്കാന്‍ ശ്രമിക്കുന്നതും നിയമലംഘനമാണ്. അനാരോഗ്യകരമായ ഇത്തരം പ്രവണതകളില്‍ നിന്നു യാത്രക്കാര്‍ വിട്ടുനില്‍ക്കണം. പിഴ 200 ദിര്‍ഹം.

ഉറങ്ങാന്‍ ഉള്ള സ്ഥലമല്ല

മെട്രോ സ്റ്റേഷനുകളിലെ വിശ്രമകേന്ദ്രങ്ങളില്‍ ഉറങ്ങുന്നത് അനുവദനീയമല്ല. അടുത്തിരിക്കുന്ന യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും വിധം യാത്ര ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ 300 ദിര്‍ഹം പിഴ.

കേടുപാടുകള്‍ക്ക് നഷ്ടം ഈടാക്കും

സ്റ്റേഷനുകളിലെയോ ട്രെയിനുകളിലെയോ ഏതെങ്കിലും ഉപകരണങ്ങള്‍ക്കു കേടുപാടുകള്‍ വരുത്തിയാല്‍ 500 ദിര്‍ഹമാണു പിഴ. ട്രെയിനുകളിലെ ഉപകരണങ്ങള്‍ കേടുവരുത്തുന്നത് ട്രെയിനുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നു തിരിച്ചറിയണം.

ശ്രദ്ധയോടെ യാത്ര ചെയ്യുക, കീശ കാലിയാവും

യാത്രയ്ക്കിടെ ട്രെയിനിലെ ഇന്റര്‍കോമിലും മറ്റും അറിയാതെയാണെങ്കിലും അമര്‍ത്തുന്നത് ശിക്ഷാര്‍ഹമാണ്. അടിയന്തര സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കേണ്ട സംവിധാനങ്ങളാണിത്. തിരക്കുള്ള സമയങ്ങളില്‍ യാത്രചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കേണ്ട ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണ്. പിഴ 2000 ദിര്‍ഹം.

ഒസിസിയില്‍ കേന്ദ്രീകൃത നിരീക്ഷണം

ട്രെയിനുകളുടെ പൂര്‍ണസുരക്ഷ ഉറപ്പാക്കുന്ന കേന്ദ്രീകൃതനിരീക്ഷണനിയന്ത്രണ സംവിധാനങ്ങളാണ് ഓപ്പറേഷന്‍സ് കണ്‍ട്രോള്‍ സെന്ററില്‍ (ഒസിസി) ഉള്ളത്. ട്രെയിനുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള കൂറ്റന്‍ സ്‌ക്രീനിനു പുറമേ റെഡ് ലൈന്‍, ഗ്രീന്‍ ലൈന്‍ ട്രെയിനുകള്‍ക്കായി പ്രത്യേകം സ്‌ക്രീനുകളുണ്ട്. ഡ്രൈവറില്ലാ മെട്രോയുടെ നിയന്ത്രണത്തിനും നിരീക്ഷണത്തിനുമായി ദിവസവും 24 മണിക്കൂറും ജാഗരൂകരായി ജീവനക്കാരുണ്ടാകും. സിസി ടിവി ക്യാമറകള്‍, ട്രാക്കുകള്‍, സ്‌റ്റേഷനുകളിലെ വിവിധ ഓഫിസുകള്‍, വെളിച്ചഅഗ്‌നിശമന സംവിധാനങ്ങള്‍ തുടങ്ങിയവ നിരീക്ഷിക്കുന്നു. ഓരോ സ്‌റ്റേഷനിലെയും താപനില പോലും അറിയാനാകും. ഒസിസിയിലെ കൂറ്റന്‍ സ്‌ക്രീന്‍ വിഷ്വല്‍ കണ്‍ട്രോള്‍ പാനല്‍ (വിസിപി) എന്നാണറിയപ്പെടുന്നത്. ഒരു ഭിത്തി മുഴുവന്‍ സ്‌ക്രീനാണ്. ഇതിന്റെ ഒരുഭാഗം റെഡ്‌ലൈനിനും മറ്റേ ഭാഗം ഗ്രീന്‍ലൈനിനും ഉള്ളതാണ്. ഓരോ ട്രെയിന്റെയും നമ്പര്‍ ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും ഇതില്‍ നിന്നറിയാനാകും. റാഷിദിയ ഒസിസി വിവിധ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്ന കണ്‍ട്രോളര്‍മാരുടെ ആസ്ഥാനമാണ്. ട്രെയിന്‍ കണ്‍ട്രോളര്‍മാര്‍, സെക്യൂരിറ്റി കണ്‍ട്രോളര്‍മാര്‍, ഇന്‍ഫര്‍മേഷന്‍ കണ്‍ട്രോളര്‍മാര്‍, എന്‍ജിനീയറിങ് കണ്‍ട്രോളര്‍മാര്‍ എന്നിവരാണിവര്‍