ദുബായ്: കലയെ വഹിച്ചുകൊണ്ട് ദുബായ് മെട്രോ ദുബായി നഗരത്തിന് നവശോഭ നല്കുന്നു ലോകപ്രശസ്ത കലാകാരന്മാരുടെ കലാസൃഷ്ടികള്‍ ദുബായ് മെട്രോ ട്രെയിനുകള്‍ക്ക് പുതിയ മുഖം നല്കുന്നു. നിലവിലുള്ള നീല നിറത്തിന് പകരം പ്രമുഖ പെയിന്റിങ്ങുകളും ഗ്രാഫിക്കുകളും പ്രദര്‍ശിപ്പിച്ചുകൊണ്ട് മെട്രോകള്‍ യാത്ര തുടരും. ദുബായ് ആര്‍ട്ട് സീസണിന്റെ ഭാഗമായി ദുബായ് കള്‍ച്ചറുമായി സഹകരിച്ചാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. പുതുമനിറഞ്ഞ ഡിസൈനുകളുമായി നഗരത്തില്‍ മെട്രോകള്‍ ഓടിത്തുടങ്ങിയിട്ടുണ്ട്. അധികം വൈകാതെ മറ്റു ട്രെയിനുകളിലും ഇത്തരത്തില്‍ പെയിന്റിങ്ങുകളും കാലിഗ്രാഫി ചിത്രങ്ങളും പതിപ്പിക്കും. പ്രമുഖ യു.എ.ഇ. ചിത്രകാരനായ അബ്ദുര്‍റഹ്മാന്‍ അല്‍ റൈസി, അള്‍ജീരിയന്‍ ചിത്രകാരനായ റാച്ചിദ് കൊറൈച്ചി, സിറിയന്‍ വംശജനും ദുബായില്‍ താമസക്കാരനുമായ സഫ്വാന് ദാഹൂല് തുടങ്ങിയവരുടെ ചിത്രങ്ങളാണ് മെട്രോയില്‍ പതിച്ചിരിക്കുന്നത്.
രണ്ട് പതിറ്റാണ്ടുകൊണ്ട് ദാഹൂല് പൂര്‍ത്തിയാക്കിയ പരമ്പരയിലെ ചിത്രങ്ങളാണ് മെട്രോയ്ക്കായി ഉപയോഗപ്പെടുത്തുന്നത്. സൂചകങ്ങളും അടയാളങ്ങളും ഉപയോഗിച്ചുള്ള അറബി കാലിഗ്രാഫി ചിത്രങ്ങളാണ് കൊറൈച്ചിയുടെ ശേഖരത്തില്‍ നിന്ന് എടുത്തത്. ഇമാറാതി പാരമ്പര്യം എടുത്തുകാണിക്കും വിധത്തിലുള്ള ചിത്രങ്ങളാണ് അല്‍ റൈസിന്റെ സംഭാവന. ആഹ്ലാദത്തിന്റെ സഞ്ചരിക്കുന്ന പ്രതീകമായി മെട്രോ ട്രെയിനുകളെ മാറ്റാന്‍ ഇതുവഴി സാധിച്ചതായി ദുബായ് കള്‍ച്ചര്‍ ആക്ടിങ് ഡയറക്ടര്‍ ജനറല്‍ സഈദ് അല്‍ നബൂദ വ്യക്തമാക്കി.