ദുബായിലെ സർക്കാർ ഓഫീസില്‍ ഭരണാധികാരിയുടെ മിന്നല്‍ പരിശോധന; ഉഴപ്പൻമാരെ കൈയോടെപിടിച്ചു പുറത്താക്കി

ദുബായ്: ദുബായിലെ സർക്കാർ ഓഫീസിലെ ഓഫീസർമാരും ജീവനക്കാരും ഉഴപ്പുന്നത് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കൈയോടെ പിടിച്ചു. ഞായറാഴ്ച രാവിലെ ഓഫീസുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പിടിയിലായ ഉഴപ്പൻമാർക്കെതിരേ കർശന നടപടിയുമെടുത്തു. പലർക്കും പണിപോയി. ഒമ്പതു മുതിർന്ന ഉദ്യോഗസ്ഥരോടു വിരമിക്കാനും ഭരണാധികാരി ആവശ്യപ്പെട്ടു. സർക്കാർ സംവിധാനത്തിൽ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞതിനെത്തുടർന്ന് സിറ്റി സ്റ്റേറ്റ്‌സ് മാനേജ്‌മെന്റ് സംവിധാനം അഴിച്ചുപണിയാനും ഭരണാധികാരി നിർദേശിച്ചു.

ലാൻഡ് ഡിപ്പാർട്‌മെന്റ്, ഡിപ്പാർട്‌മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെന്റ് ഓഫീസുകളിലായിരുന്നു ഭരണാധികാരിയുടെ മിന്നൽ പരിശോധന. താൻ ഓഫീസുകളിൽ പരിശോധന നടത്തിയത് അദ്ദേഹംതന്നെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ദുബായ് വിമാനത്താവളത്തിലും അദ്ദേഹം പരിശോധന നടത്തി.

Loading...