‘നിങ്ങൾ ഒറ്റക്കല്ല’ പദ്ധതി നടപ്പിലാക്കി ദുബൈ പൊലീസ്

‘നിങ്ങൾ ഒറ്റക്കല്ല’ എന്ന പേരിൽ മനുഷ്യക്കടത്തിന്‍റെ ഇരകളെ ജീവിതം തിരിച്ചുപിടിക്കുന്നതിന് സഹായിക്കാൻ പദ്ധതി നടപ്പിലാക്കി ദുബൈ പൊലീസ്. മനുഷ്യക്കടത്തിനെതിരായ ദേശീയ സമിതി, സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ദുബൈ ഫൗണ്ടേഷൻ, ആൽ മക്തൂം ഫൗണ്ടേഷൻ, മറ്റ് വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി പ്രത്യേക ടീമിനെ സജ്ജമാക്കി. കുറ്റകൃത്യം തടയാനും ഇരകൾക്ക് മികച്ച പിന്തുണ നൽകാനും സമഗ്ര സമീപനം സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് മനുഷ്യാവകാശ വകുപ്പിലെ കേണൽ സുൽത്താൻ അൽ ജമാൽ പറഞ്ഞു.

ഹ്യൂമൺ ട്രാഫിക്കിങ് ക്രൈംസ് കൺട്രോൾ സെൻറർ എന്ന പേരിൽ 2009മുതൽ പൊലീസിന് കീഴിൽ പ്രത്യേക കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ വർഷം മനുഷ്യക്കടത്തിൽ ഉൾപ്പെട്ട അഞ്ചുപേർക്ക് കേന്ദ്രത്തിന്‍റെ സഹായം ലഭിച്ചിട്ടുണ്ട്. ഇത്തരം കേസുകളിൽ പരാതിയുമായി പൊലീസിൽ എത്തുന്ന ഇരക്ക് ആദ്യ നിമിഷം മുതൽ രാജ്യത്ത് നിന്ന് മടങ്ങുന്നത് വരെ സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്ന് കേണൽ സുൽത്താൻ അൽ ജമാൽ വ്യക്തമാക്കി. മനുഷ്യക്കടത്ത് കേസുകൾ തടയുകയും അന്വേഷിക്കുകയും ചെയ്യുന്നതിന്‍റെ ഭാഗമായാണ് ഇരകളുടെ പുനരധിവാസത്തിന് പൊലീസ് സാഹചര്യമൊരുക്കുന്നത്.

Loading...