പിതാവ് ആരെന്ന് ചോദിക്കുമ്പോൾ സൂപ്പര്‍മാനെന്ന് മറുപടി; അഞ്ചുവയസുകാരനെ തേടി മാതാപിതാക്കള്‍ എത്തിയില്ല

ഷോപ്പിങ് മാളില്‍ നിന്ന് പത്ത് ദിവസം മുൻപ് പോലീസിന് കിട്ടിയ കുഞ്ഞിനെ തേടി മാതാപിതാക്കൾ ആരും ഇതുവരെയും എത്തിയില്ല.അഞ്ചു വയസ്സുകാരനോട് പിതാവിനെക്കുറിച്ച് ചോദിക്കുമ്പോൾ നൽകുന്ന ഉത്തരം വിചിത്രമാണ്.ഉദ്യോഗസ്ഥർ പലവട്ടം മാറി മാറി ചോദിച്ചിട്ടും സൂപ്പർ മാൻ ആണ് തന്റെ പിതാവെന്നാണ് ഈ കുരുന്ന് മറുപടി നൽകുന്നത്.

മറ്റ് ഒരു വിവരം പോലും കുഞ്ഞിന് അറിയില്ല.ദുബായിലാണ് സംഭവം.കുട്ടിയെ മനഃപൂര്‍വം ഉപേക്ഷിച്ചതാകാമെന്നും കുഞ്ഞിനെ ഇങ്ങനെ പറയാൻ പറഞ്ഞുപഠിപ്പിച്ചതാകാമെന്നുമാണ്‌ പോലീസ് അനുമാനിക്കുന്നത്.

Loading...

ഏറെദിവസമായി രക്ഷിതാക്കളെ വിട്ടുകഴിയുന്ന കുഞ്ഞിന് മാനസികപ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാനും പോലീസ് ശ്രമം നടത്തുന്നുണ്ട്. ഇന്ത്യക്കാരനാണെന്ന് തോന്നിക്കുന്ന എന്നാല്‍ ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന കുട്ടിക്ക് കുടുംബത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ അറിയില്ല.

അല്‍ മുറാഖാബത്ത് പോലീസ് സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥരാണ് കുട്ടിയെ ഇപ്പോള്‍ പരിപാലിച്ചു പോരുന്നത്. രക്ഷിതാക്കള്‍ ഇനിയും തേടിയെത്തിയില്ലെങ്കില്‍ കുഞ്ഞിനെ സാമൂഹികക്ഷേമ സ്ഥാപനത്തിലേക്കോ, താല്‍ക്കാലികമായി വളര്‍ത്താന്‍ തയ്യാറായി മുന്നോട്ടുവരുന്നവര്‍ക്കോ കൈമാറാനാണ് തീരുമാനം എടുത്തിരിക്കുന്നത്.