150 ദിവസമായി വാപ്പച്ചി വീടിന് പുറത്തിറങ്ങിയിട്ട്, പേഴ്‌സണലി ചലഞ്ച് ചെയ്യാന്‍ ഇഷ്ടമാണ് വാപ്പച്ചിക്ക്, ദുല്‍ഖര്‍

മലയാളികളുടെ പ്രിയ താരങ്ങളാണ് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും. കൊവിഡ് കാലത്തെ ലോക്കഡൗണില്‍ പെട്ടിരിക്കുന്ന മമ്മൂട്ടിയെക്കുറിച്ച് പറയുകയാണ് മകന്‍ ദുല്‍ഖര്‍ സല്‍മാന്‍. കൊവിഡും ലോക്ക്ഡൗണും വന്നതിന് ശേഷം വാപ്പച്ചി വീടിന് പുറത്തിറങ്ങിയിട്ടില്ലെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയെക്കുറിച്ച് ദുല്‍ഖര്‍ പറഞ്ഞത്.150 ദിവസമായി മമ്മൂട്ടി ഗേറ്റിന് പുറത്തേക്കിറങ്ങിയിട്ടില്ലെന്നാണ് ദുല്‍ഖര്‍ പറയുന്നത്. കൊവിഡ് ലോക്ക് ഡൗണും നിയന്ത്രണങ്ങളും വന്നതോടെ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും കുടുംബത്തോടൊപ്പം കൊച്ചിയിലെ വീട്ടിലാണ് താമസിക്കുന്നത്. ഞാന്‍ 150 ദിവസം വീട്ടില്‍ നിന്ന് ഇറങ്ങിയിട്ടില്ല.

ഗേറ്റിനു പുറത്തു പോലും പോയിട്ടില്ല’ എന്നാണ് വാപ്പച്ചി പറയുകയെന്നും ഇങ്ങനെ പേഴ്‌സണലി എന്തെങ്കിലുമൊരു ചലഞ്ച് ചെയ്യാന്‍ ഒത്തിരി ഇഷ്ടമാണെന്നും മമ്മൂട്ടിയെക്കുറിച്ച് ദുല്‍ഖര്‍ പറയുന്നു. വെറുതെയൊരു ഡ്രൈവിനോ എന്തെങ്കിലുമൊന്നിനു പുറത്തു പോയ്ക്കൂടെ എന്ന് താന്‍ ചോദിച്ചിരുന്നെങ്കിലും അദ്ദേഹം വീട്ടില്‍ നിന്ന് പുറത്തിറങ്ങില്ലെന്ന കടുത്ത നിലപാടിലാണെന്നും ദുല്‍ഖര്‍ സല്‍മാന്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇത്രദിവസം ആയില്ലേ… ഇനി എത്ര ദിവസം വരെ പുഷ് ചെയ്യാന്‍ പറ്റുമെന്ന് നോക്കട്ടെ’ എന്നാണ് വാപ്പച്ചിയുടെ മറുപടിയെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. നമുക്കു ഓരോ ആളുകളെ കാണുമ്പോഴും അവരുടെ ഓരോ പ്രത്യേകതകള്‍ ഇഷ്ടപെടുമെന്നും വാപ്പച്ചിയുടെ സ്‌റ്റൈലും അഭിനയവും ഒക്കെ തനിക്ക് ഇഷ്ടമാണെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു. ജോഫിന്‍ ചാക്കോ സംവിധാനം ചെയ്യുന്ന ദി പ്രീസ്റ്റ് എന്ന സിനിമയുടെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുന്നതിനിടെയായിരുന്നു ലോക്ക് ഡൗണ്‍ വന്നത്.

Loading...