കോവിഡ് രോ​ഗികളുടെ മൃത​ദേഹത്തോട് കടുത്ത അനാദരവ്: മൃതദേഹം ബാ​ഗിലാക്കി കുഴിയിലേക്ക് വലിച്ചെറിഞ്ഞു: കർണ്ണാടകയിലെ വീഡിയോ പുറത്ത്

ബെംഗളൂരു: കർണ്ണാടകത്തിൽ കോവിഡ് ആശങ്കൾ ഒഴിയുന്നില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ രോ​ഗം ബാ​ധി​ച്ച്‌ 20 പേരാണ് മരിച്ചത്. മരിച്ചവരുടെ മൃതദേഹത്തോട് പോലും കനത്ത അനാദരവാണ് കാണിക്കുന്നുവെന്നാണ് റിപ്പോർട്ട്. കർണാടകയിലെ ബെല്ലാരിയിലാണ് കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങളോട് അനാദരവ് കാണിക്കുന്ന വീഡിയോ പുറത്തുവന്നത്. വീഡിയോ പുറത്തുവന്നതിനെ തുടർന്ന് കനത്ത പ്രതിഷേധമാണ് കർണ്ണാടക സർക്കാരിനെതിരെ പുറത്തുവരുന്നത്.

മനുഷ്യത്വരഹിതമായ രീതിയിൽ മൃതദേഹങ്ങൾ മറവു ചെയ്യുന്നതു വളരെയധികം വേദനിപ്പിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ ട്വിറ്ററിലൂടെ പ്രതികരിച്ചു. വീഡിയോ പങ്കുവെച്ചാണ് ശിവകുമാർ രൂക്ഷമായി പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.
പിപിഇ കിറ്റ് ധരിച്ച കുറച്ചുപേർ ബാഗുകളിലാക്കി കൊണ്ടുവന്ന മൃതദേഹങ്ങൾ വലിയ കുഴിയിലേക്കു വലിച്ചെറിയുന്നതാണു വിഡിയോയിൽ കാണുന്നത്.

Loading...

സർക്കാർ ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇത്തരത്തിലുള്ള നടപടികൾ അനുവദിക്കില്ലെന്ന് ഉറപ്പു വരുത്തണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു. സംഭവം കർണാടകയിൽ വൻ വിവാദമായതോടെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ‘ഇതാണോ സംസ്കാരം? സർക്കാർ കോവിഡ് പ്രതിസന്ധിയെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ളതിന്റെ പ്രതിഫലനമാണ് ഈ കാഴ്ച’ ശിവകുമാർ പറഞ്ഞു. അതേസമയം 24 മണിക്കൂറിനിടെ രോ​ഗം ബാ​ധി​ച്ച്‌ 20 പേരാണ് ​മരി​ച്ചത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ മ​ര​ണം 246 ആ​യി. 947 പേ​ര്‍​ക്കാ​ണ് കഴിഞ്ഞ ദിവസം രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. തെ​ല​ങ്കാ​ന​യി​ലും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ക​യാ​ണ്. 24 മണിക്കൂറിനിടെ 945 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 12,000 ക​ട​ന്നു. ഏ​ഴു മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തു.