കൈക്കൂലി വാങ്ങുന്നതിനിടെ ഇന്നലെ പിടിയിലായ കൃഷി ഓഫീസര്‍ എസ്ഒഎസ് മീറ്റിങ്ങിലും

കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് ഇന്നലെ കാക്കനാട് കളക്ട്രേറ്റില്‍ നിന്ന് കയ്യോടെ പിടികൂടിയ മൂവാറ്റുപുഴ കൃഷി ഫീല്‍ഡ് ഓഫീസര്‍ എന്‍.ജി ജോസഫ് ഞായറാഴ്ച എറണാകുളത്ത് നടന്ന സേവ് സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ യോഗത്തില്‍ നുഴഞ്ഞു കയറി. ഇയാളെ എസ്ഒഎസ് നേതൃത്വത്തിലുള്ളവര്‍ക്ക് അറിയില്ല. യോഗത്തില്‍ നിന്നും പോയ ശേഷം വൈകിട്ട് പലര്‍ക്കും വാട്ട്‌സപ്പില്‍ സന്ദേശങ്ങള്‍ അയച്ച് പരിചയപ്പെടാനും ഇയാള്‍ ശ്രമിച്ചു. കൈക്കൂലി കേസില്‍ വിജിലന്‍സ് അറസ്റ്റിലായി ചിത്രങ്ങള്‍ പുറത്തു വന്നതോടെയാണ് യോഗത്തിലെ സാന്നിധ്യവും സംശയാസ്പദമായത്.

വാണിജ്യ സമുച്ചയ നിര്‍മ്മാണത്തിന് സ്ഥലപരിശോധനാ റിപ്പോര്‍ട്ട് നല്‍കുന്നതിനാണ് മൂവാറ്റുപുഴ സ്വദേശിയായ യുവാവിനോട് ഇയാള്‍ ഒരുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഇന്നലെ ആദ്യ ഗഡുവായ അരലക്ഷം രൂപ കാക്കനാട് കളക്ട്രേറ്റില്‍ എത്താക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. കൈക്കൂലി നല്‍കാതെ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് ബോധ്യമായ യുവാവ് വിവരം വിജിലന്‍സിനെ അറിയിച്ചു. വിജിലന്‍സ് നല്‍കിയ ഫിനോഫ്തലിന്‍ പുരട്ടിയ 10000 രൂപയുമായി ജോസഫിന്റെ നിര്‍ദ്ദേശാനുസരണം കളക്ട്രേറ്റ് വളപ്പിലെത്തി.

Loading...

രണ്ടു മണിക്കൂറിലേറെ ഇരപതോളം ഉദ്യോഗസ്ഥര്‍ പല വേഷങ്ങളില്‍ കളക്ട്രേറ്റില്‍ കാത്തു നിന്നു. വിജിലന്‍സ് എസ്.പി കാര്‍ത്തിക്കടക്കം നേരിട്ടു പങ്കെടുത്ത ഓപ്പറേഷനായിരുന്നു. ഓഫീസിനുള്ളില്‍ വച്ച് കൈക്കൂലി വാങ്ങുന്നവരെ പിടികൂടുന്ന സംഭവങ്ങളുണ്ടെങ്കിലും സ്വകാര്യ വാഹനങ്ങളിലും പൊതുസ്ഥലത്തും വച്ച് അപൂര്‍വ്വമാണ്. ജോസഫ് കളക്ട്രേറ്റിലെ കാന്റീന് സമീപം വരാനാണ് നിര്‍ദ്ദേശിച്ചത്. ഇന്നലെ കളക്ട്രേറ്റില്‍ നടന്ന യോഗത്തില്‍ കളക്ടര്‍ മുഹമ്മദ് സഫറുല്ലയുടെ പ്രസംഗം കഴിഞ്ഞയുടന്‍ ജോസഫ് ഇറങ്ങിപ്പോന്നു.

കൈക്കൂലി വാങ്ങിയ ഉടന്‍ പാഞ്ഞു വന്ന് പിടികൂടിയത് ലുങ്കിയുടുത്ത വിജിലന്‍സ് ഉദ്യോഗസ്ഥരാണ്. പിടിവലി നടന്നതോടെ തെരുവു സംഘട്ടനമാണ് എന്നാണ് കാഴ്ചക്കാര്‍ ആദ്യം കരുതിയത്. വിജിലന്‍സാണ് എന്നു മനസിലായതോടെ ജോസഫ് ഫിനോഫ്തലിന്‍ പൂശിയ നോട്ടില്‍ തൊട്ട കൈ സ്വന്തം ഷര്‍ട്ടിലും ഉദ്യോഗസ്ഥരുടെ വസ്ത്രങ്ങളിലും തുടയ്ക്കാന്‍ ശ്രമം നടത്തി. ഏറെ നേരം നീണ്ട പിടിവലികള്‍ക്കു ശേഷമാണ് 55 വയസുകാരനായ ജോസഫിനെ അടക്കി നിര്‍ത്താനായത്. റിട്ടയര്‍മെന്റിനോട് അടുത്ത ഉദ്യോഗസ്ഥന്റെ മുന്‍ ഇടപാടുകളും ഇതോടെ സംശത്തിന്റെ നിഴലിലായി. പിന്നീട് കൈമുക്കി തെളിവെടുത്തു. ഇയാള്‍ പരാതിക്കാരനോട് സംസാരിക്കുന്ന ഫോണ്‍ സന്ദേശവും പ്രചരിക്കുന്നുന്നുണ്ട്. ”ചെക്കല്ല, ക്യാഷാണ് കൊണ്ടു വരേണ്ടത്. വൈഫ് ബാങ്കിലാണല്ലോ. ഇല്ലീഗലാണ് കൊടുക്കാന്‍ പാടില്ലെന്നാണ് വൈഫിന്റെ സ്റ്റാന്റ്. അതുകൊണ്ടാണ് വീട്ടിലേയ്ക്ക് എടുക്കാഞ്ഞത്. നീ വളര്‍ന്നു വരേണ്ട ഒരു ബിസിനസുകാരന്‍ എന്ന നിലയ്ക്ക് മുടക്കു വരേണ്ട എന്നു കരുതിയാണ് ഞാനെന്റെ സര്‍ട്ടിഫിക്കറ്റ് തരുന്നത്” എന്നാണ് ഫോണിലൂടെ ജോസ്ഫ് പറയുന്നത്.