കോവിഡ് രോഗിയെ ബൈക്കിലിരുത്തി കൊണ്ടുപോയ രേഖയ്ക്കും അശ്വിനും പറയാനുള്ളത്

ശ്വാസം കിട്ടാതെ പിടഞ്ഞ കോവിഡ് രോഗിയെ സ്വന്തം സുരക്ഷ പോലും നോക്കാതെ ബൈക്കിലിരുത്തി ആശുപത്രിയിലെത്തിയ ആലപ്പുഴ സ്വദേശികളായ രേഖ പി മോളും അശ്വിന്‍ കുഞ്ഞുമോനുമാണ് ഇപ്പോള്‍ കേരളത്തിന്റെ പ്രീയ താരങ്ങളായിരിക്കുന്നത്. ഡിവൈഎഫ്‌ഐ ആലപ്പുഴ ഭഗവതിക്കല്‍ യൂണിറ്റ് അംഗങ്ങളായ ഇരുവരും ആലപ്പുഴ പുന്നപ്ര പഞ്ചായത്തിലെ സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോവിഡ് രോഗികളെ താമസിപ്പിക്കുന്ന ഡിസിസി സെന്ററില്‍ കോവിഡ് രോഗികള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ എത്തിയതായിരുന്നു ഇന്ന് രാവിലെ.

ഈ സമയമാണ് പെട്ടെന്നൊരു രോഗിക്ക് ശ്വാസം കിട്ടാത്ത നിലവന്നത്. കേന്ദ്രത്തിലെ സന്നദ്ധപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ആംബുലന്‍സില്‍ വിവരമറിയിച്ചെങ്കിലും ആംബുലന്‍സ് എത്താന്‍ പത്തുമിനുട്ട് താമസിക്കുമെന്നതിനാല്‍ ഒട്ടും സമയം പാഴാക്കാതെ രോഗിയെ ബൈക്കിലിരുത്തി രേഖയും അശ്വിനും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആ നിമിഷം ആംബുലന്‍സിനായി കാത്തിരുന്നുവെങ്കില്‍ രോഗിയുടെ ജീവന്‍ നഷ്ടമായേനെ എന്നിടത്താണ് ഇവരുടെ ജാഗ്രതയുടെ വില ഒരു ജീവനോളം വലുതാവുന്നത്.

Loading...

രേഖയുടെ വാക്കുകള്‍: ‘ആലപ്പുഴ എന്‍ജിനിയറിങ് കോളേജിന്റെ വുമണ്‍സ് ഹോസ്റ്റലില്‍ ഭക്ഷണം എത്തിക്കാന്‍ പോയതാണ് പതിവു പോലെ ഞാനും അശ്വിനും. നേരത്തെ കോവിഡ് രോഗികളെ കിടത്തിയിരുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായി(സിഎഫ്എല്‍ടിസി) പ്രവര്‍ത്തിപ്പിച്ചിരുന്ന വുമണ്‍സ് ഹോസ്റ്റല്‍ ഇപ്പോള്‍ ലക്ഷണം ഇല്ലാത്ത കോവിഡ് രോഗികളെ ക്വാറന്റീന്‍ ചെയ്തിരിക്കുന്ന ഡോമിസിലറി കോവിഡ് സെന്ററാണ് (ഡിസിസി).

‘രാവിലെ 9മണിക്ക് ഭക്ഷണമെത്തിക്കാനാണ് ഞങ്ങള്‍ അകത്തു കയറിയത്. ഒരാള്‍ക്ക് ശ്വാസം കിട്ടുന്നില്ല എന്നാരോ പറഞ്ഞു. ഉടന്‍ ഓടിചെന്നപ്പോള്‍ ശ്വാസം വലിക്കാന്‍ പറ്റാത്ത വല്ലാത്ത അവസ്ഥയിലായിരുന്നു രോഗി. ഉടന്‍ തന്നെ ഡിസിസി സെന്ററിലെ സന്നദ്ധ പ്രവര്‍ത്തകര്‍ ആംബുലന്‍സ് വിളിച്ചെങ്കിലും എത്താന്‍ പത്തുമിനുട്ട് എടുക്കുമെന്നറിഞ്ഞു. അത്രനേരം കാത്തുനിന്നാല്‍ രോഗി ഡെത്താകുമെന്നുറപ്പായിരുന്നു. അതാണ് എങ്ങനെയെങ്കിലും കൊണ്ടുപോകാമെന്ന സാഹസത്തിനു മുതിര്‍ന്നത്. മൂന്നാമത്തെ നിലയില്‍ നിന്ന് കോണി വഴി ഇറക്കണമായിരുന്നു രോഗിയെ. കൂടെയുള്ള കോവിഡ് പോസിറ്റീവായ ചെറുപ്പക്കാരോട് സഹായിക്കാന്‍ അപേക്ഷിച്ചെങ്കിലും അവരാരും മുന്നോട്ടു വന്നില്ലെന്ന് മാത്രമല്ല അവരെല്ലാം വീഡിയോ എടുക്കുന്ന തിരക്കിലായിരുന്നു. തൊട്ടടുത്ത മുറിയിലുണ്ടായ വയസ്സായ ആളുടെ സഹായത്താല്‍ ഞങ്ങള്‍ മൂന്ന് പേരും കൂടിയാണ് താഴത്തെത്തിച്ചത്.

താഴത്തെത്തിയപ്പോഴേക്കും സെന്ററിലെ സന്നദ്ധപ്രവര്‍ത്തകരായ ചന്തുവും അതുലും ആംബുലന്‍സ് വിളിച്ചിരുന്നു. എന്നാല്‍ പത്തുമിനുട്ടെന്നത് രോഗിയുടെ ജീവന്‍ രക്ഷിക്കാനുള്ള വിലപ്പെട്ട സമയമാണ് അതാണ് രോഗിയെ ബൈക്കില്‍ കയറ്റി അടുത്തുള്ള പ്രൈവറ്റ് ആശുപത്രിയിലെത്തിച്ചത്. ‘രോഗിയെ നടുക്കിരുത്തി രേഖ പുറകിലിരുന്നു. അശ്വിന്‍ മുന്നിലിരുന്ന വണ്ടിയോടിച്ചു. നേരെ കൊണ്ടു പോയത് പ്രൈവറ്റ് ഹോസ്പിറ്റലലായിരുന്നു.ആദ്യം രോഗിയെ എടുക്കില്ലെന്ന പറഞ്ഞെങ്കിലും ആളുടെ അവസ്ഥ മനസ്സിലാക്കിയപ്പോഴാണ് അഡ്മിറ്റ് ആക്കിയത്. പിന്നീട് കോവിഡ് ഹോസ്പിറ്ററിലേക്ക് റഫര്‍ ചെയ്തു. രോഗിയുടെ നില ഇപ്പോള്‍ സ്റ്റേബിളാണ്’, രേഖ കൂട്ടിച്ചേര്‍ത്തു.