സ്വർണക്കടത്ത് കേസ് പ്രതിയുടെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ല; അർജുൻ ആയങ്കിക്ക് മറുപടിയുമായി ഡിവൈഎഫ്ഐ

അർജുൻ ആയങ്കിയുടെ ഫേസ്ബുക് പോസ്റ്റിന് മറുപടിയുമായി ഡിവൈ എഫ് ഐ സംസ്ഥാന നേതൃത്വം. സ്വർണക്കടത്ത് കേസ് പ്രതിയുടെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഡിവൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് . അർജുൻ ആയങ്കിക്കെതിരായ നിയമനടപടി തുടരും. കഴിഞ്ഞ ദിവസമാണ് ഡിവൈഎഫ്ഐക്ക് മുന്നറിയിപ്പുമായി അ‍ർജുൻ ആയങ്കി ഫേസ്ബുക്കിൽ കുറിപ്പിട്ടത്. വെറുതെ എന്നെക്കൊണ്ട് എല്ലാ കാര്യങ്ങളും പറയിപ്പിക്കരുതെന്നും തുറന്ന് പറഞ്ഞാൽ പിന്നാലെയുണ്ടാകുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്ക് ഡിവൈഎഫ്ഐ നേതൃത്വം ഉത്തരവാദിത്തം പറയേണ്ടി വരുമെന്നുമെന്നുമായിരുന്നു അർജുന്റെ മുന്നറിയിപ്പ്.

ഡിവൈ എഫ് ഐയുടെ ലേബലിൽ നടത്തിയ തെറ്റായ കാര്യങ്ങളാണ് തുറന്നുകാണിച്ചതെന്ന് ഡിവൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. പാർട്ടി ബന്ധമുള്ള ചിലർക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന ആരോപണം ഡിവൈ എഫ് ഐ തള്ളി. അർജുൻ ആയങ്കിയെ സംരക്ഷിക്കില്ലെന്ന ഡിവൈ എഫ് ഐ നിലപാടിൽ പ്രകോപിതനായാണ് ആരോപണങ്ങളെന്നും ഡിവൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് വ്യക്തമാക്കി. വിചാരണ ചെയ്യുന്ന സാഹചര്യം വന്നാൽ പ്രതികരിക്കാൻ നിർബന്ധിതനാകുമെന്നും അർജുൻ ആയങ്കി പറഞ്ഞിരുന്നു.

Loading...

അധോലോകത്തിൽ അതിഥികളായ അഭിനവ വിപ്ലവകാരികൾ ആരെന്ന് ചൂണ്ടിക്കാണിക്കാൻ നിൽക്കുന്നില്ല. അനാവശ്യമായി ഉപദ്രവിക്കാൻ നിന്നാൽ അതാർക്കും ഗുണം ചെയ്യില്ലെന്നും ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു. സ്വർണക്കടത്ത് ക്വട്ടേഷൻ കേസിൽ ഉൾപെട്ട് ജാമ്യത്തിൽ കഴിയുന്ന അർജുൻ ആയങ്കി മുന്നറിയിപ്പ് നൽകുന്നു. അർജുൻ ആയങ്കിക്കെതിരെ ഡിവൈഎഫ്ഐ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെയുള്ള പ്രതികരണം.