തുഷാര്‍ മറ്റ് പ്രതികളെപ്പോലെയല്ല, മുഖ്യമന്ത്രിയുടെ നടപടി പ്രശംസനീയമെന്ന് ഇ.പി ജയരാജന്‍

തിരുവനന്തപുരം : ദുബായിലുള്ള മറ്റ് പ്രതികളെപ്പോലെയല്ല തുഷാര്‍ വെള്ളാപ്പള്ളിയെന്ന് മന്ത്രി ഇ.പി ജയരാജന്‍. തുഷാറിന്റെ അറസ്റ്റില്‍ അസ്വഭാവികതയുണ്ട്. ദുബായില്‍ ജയിലിലുള്ള മറ്റ് മലയാളികള്‍ ചെത്‌യിട്ടുള്ളത് തുഷാറിനെതിരെയുള്ള തരത്തിലെ കുറ്റങ്ങളല്ലെന്നും ജയരാജന്‍ പറഞ്ഞു.

യു.എ.യിലെ ജയിലില്‍ വേറെയും മലയാളികളുണ്ട് എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ‘അവരെപ്പോലെയാണോ തുഷാര്‍ വെള്ളാപ്പള്ളി’ എന്ന് ഇ.പി ജയരാജന്‍ ചോദിച്ചത്.

Loading...

തുഷാറിന്റെ അറസ്റ്റിലും പിന്നീടുണ്ടായിട്ടുള്ള സംഭവങ്ങളിലും അസ്വഭാവികത കാണുന്നുണ്ട്. തുഷാര്‍ അവിടെ പോയപ്പോഴാണ് ചതിക്കുഴിയില്‍ വീണത്. ഇതൊക്കെ അറിയുന്ന ആര്‍ക്കും അതിലൊരു അസ്വഭാവികത തോന്നുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ തുഷാറിനു വേണ്ടി കത്തയച്ചതില്‍ തെറ്റില്ലെന്നും ബിജെപി നേതാവിന് വേണ്ടിയും കത്തയക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലേതെന്നും ജയരാജന്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നതിന് പകരം പ്രശംസിക്കുകയാണ് വേണ്ടതെന്ന് ജയരാജന്‍ പറഞ്ഞു. എല്ലാ മനുഷ്യരുടേയും സംരക്ഷണവും നീതിയും ഉറപ്പു വരുത്തുന്ന തരത്തിലായിരിക്കണം ഒരു മുഖ്യമന്ത്രിയുടെ ദൗത്യമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു മുഖ്യമന്ത്രി കേന്ദ്രവിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് കത്തയച്ചത്.

കസ്റ്റഡിയിലുള്ള തുഷാറിന്റെ ആരോഗ്യത്തിലും ക്ഷേമത്തിലും ആശങ്കയുണ്ടെന്നും നിയമപരമായി ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായവും തുഷാറിന് ലഭ്യമാക്കണമെന്നും കത്തില്‍ പിണറായി പറഞ്ഞിരുന്നു.