ന്യൂഡൽഹി: ഇന്ത്യ- നേപ്പാൾ അതിർത്തിയിൽ ഭൂചലനം. റിക്ടർ സ്കെയിൽ 5.3 തീവ്രത രേഖപ്പെടുത്തി.
ന്യൂഡൽഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഇതേത്തുടർന്ന് നേരിയ ഭൂചലനം അനുഭവപ്പെട്ടു. രാജ്യതലസ്ഥാനത്തിന് പുറമെ ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലുമാണ് ചൊവ്വാഴ്ച വൈകീട്ടോടെ പ്രകമ്പനം അനുഭവപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ടില്ല. യു.പി തലസ്ഥാനമായ ലഖ്നൗവിൽ ജനങ്ങൾ വീടുകളിൽനിന്ന് ഇറങ്ങിയോടി. ചണ്ഡീഗഢ്, നോയ്ഡ, ഗുരുഗ്രാം, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലെല്ലാം പ്രകമ്പനം അനുഭവപ്പെട്ടു.
ഇന്ത്യ – നേപ്പാൾ അതിർത്തിയിലെ വനപ്രദേശത്താണ് ഭൂചലനം ഉണ്ടായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.
2015 ൽ നേപ്പാളിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 9000ത്തോളം പേർ മരിച്ചിരുന്നു.
അടുത്തിടെ മുൻപ് ഭൂമിക്കുള്ളിൽ നിന്ന് ലാവ പോലെയുള്ള ദ്രാവകം നുരഞ്ഞ് പൊങ്ങിയത് ത്രിപുരയിലെ ജാലിഫ ഗ്രാമവാസികളെ പരിഭ്രാന്തരാക്കിയിരുന്നു. ജലിഫയിൽ റോഡരികിലെ ഇലക്ട്രിക് പോസ്റ്റിനരികിലാണ് ഇതാദ്യം പ്രത്യക്ഷപ്പെട്ടത്.
ഭൂകമ്പസാധ്യതയുടെ തീവ്രത കൂടിയ സീസ്മിക് V മേഖലയിൽ പെടുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പെടുന്നതാണ് ത്രിപുരയും. അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. വെള്ളമൊഴിച്ചെങ്കിലും ദ്രാവകം നുരഞ്ഞ് പൊങ്ങുന്നത് തുടർന്നു.
ഭൗമശാസ്ത്രജ്ഞരും മറ്റ് വിദഗ്ധരും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. വിശദമായ വിശകലനത്തിനായി സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. അവിടുത്തെ ഭ്രംശമേഖലയിലെ ഭൗമപാളികളുടെ ചലനമാകാം ഇത്തരം പ്രതിഭാസത്തിനിടയാക്കുന്നതെന്ന് വിദഗ്ധർ പറയുന്നു.അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. വെള്ളമൊഴിച്ചെങ്കിലും ദ്രാവകം നുരഞ്ഞ് പൊങ്ങുന്നത് തുടർന്നു.
അടുത്തിടെ ബംഗ്ലാദേശിലെ ചിറ്റഗോംഗിൽ ഇതേ പ്രതിഭാസം പ്രത്യക്ഷപ്പെട്ടിരുന്നു. ഏപ്രിലിൽ ബൈഷ്ണവ്പുരിലും ഗാഗ്രാബസ്തിയിലും ഭൂമിക്കടിയിൽ നിന്ന് ചൂടും പുകയുമുള്ള ലാവ പോലത്തെ ദ്രാവകം പതഞ്ഞു പൊങ്ങിയിരുന്നു.
ഈ ഭാഗത്ത് അഗ്നിപർവതമുണ്ടാകാൻ സാധ്യത കുറവാണെന്ന് ത്രിപുര സ്പേസ് ആപ്ലിക്കേഷൻ സെന്ററിലെ ശാസ്ത്രജ്ഞനായ അവിസേക് ചൗധരി പറഞ്ഞു. എന്നാൽ സംസ്ഥാന ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി മന്ത്രി സുദീപ് റോയ് ബർമൻ ത്രിപുരയിൽ മുമ്പുണ്ടായ ഭൂകമ്പങ്ങളെ സൂചിപ്പിക്കുകയും ആശങ്ക പങ്കുവെയ്ക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ചൈനയിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ സിച്വാനിൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായുണ്ടായ ശക്തമായ രണ്ടു ഭൂചലനങ്ങളിൽ 12 പേർ മരിച്ചു. 125 പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരിൽ ഏതാനും പേരുടെ നില ഗുരുതരമാണ്. അഗ്നിരക്ഷാ സേനയടക്കം നാനൂറോളം പേരാണ് രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത്.
തിങ്കളാഴ്ച രാത്രിയോടെ യിബിൻ നഗരത്തിലെ ചാങ്നിങ് മേഖലയിലാണ് ആദ്യചലനമുണ്ടായത്. 6.0 തീവ്രത രേഖപ്പെടുത്തി. ചൊവ്വാഴ്ചയാണ് 5.3 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ചലനമുണ്ടായതെന്ന് ദുരന്ത നിവാരണ മന്ത്രാലയം അറിയിച്ചു.
പരിക്കേറ്റവരിൽ ഏതാനും പേരുടെ നില ഗുരുതരമാണ്. അഗ്നിരക്ഷാ സേനയടക്കം നാനൂറോളം പേരാണ് രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത്.
ദുരിതാശ്വാസ ക്യാമ്പുകൾക്കായി അയ്യായിരത്തോളം ടെന്റുകൾ കെട്ടാനും മറ്റു സൗകര്യങ്ങളെത്തിക്കാനും സർക്കാർ ഉത്തരവിട്ടിരുന്നു. യിബിനെയും സുയോങ്ങിനെയും ബന്ധിപ്പിക്കുന്ന പ്രധാനപാതയിൽ വിള്ളൽ വീണതായും ചിലയിടങ്ങളിൽ ആശയവിനിമയ സംവിധാനം താറുമാറായതായും അധികൃതർ അറിയിച്ചു.