മണ്ണിരകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു… ഭൂമിക്കടിയിലെ കൊടും ചൂട് കാലാവസ്ഥ തകിടം മറിയുന്നതിന്റെ സൂചനയോ

കല്‍പ്പറ്റ : കാലാവസ്ഥ തകിടം മറിയുന്നതിന്റെ സൂചനകളുമായി രണ്ടാം പ്രളയത്തിന് ശേഷവും മണ്ണിരകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് ആവര്‍ത്തിക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ മഴ മാറി ആഴ്ചകള്‍ക്ക് ശേഷമാണ് മണ്ണിരകള്‍ ചത്തതെങ്കില്‍ ഇക്കുറി മഴ പൂര്‍ണ്ണമായും മാറും മുന്നേ തന്നെ മണ്ണിരകള്‍ ഇത്തരത്തില്‍ ചത്തൊടുങ്ങുകയാണ്.

പൂര്‍ണ്ണ സമയം പെയ്തിരുന്ന മഴ മാറിയതിന് ശേഷവും ഇടയ്ക്കിടെ മഴ പെയ്യുന്നുണ്ടെങ്കിലും ശക്തമായ ചൂട് തന്നെയാണ് മണ്ണിര കൂട്ടത്തോടെ ചാകാന്‍ കാരണം. മഴയ്ക്ക് ശേഷം കാലാവസ്ഥ തകിടം മറിയുന്നതോടെയാണ് മണ്ണിര കൂട്ടത്തോടെ ചാകുന്നത്.

നെല്‍വയലുകള്‍ വ്യാപകമായി തരംമാറ്റി മറ്റു കൃഷികളിലേയ്ക്ക് മാറിയതോടെ മണ്ണിന്റെ ജലസംഭരണ ശേഷിയില്‍ മാറ്റം വന്നു. മഴ നിലച്ചതിന് പിന്നാലെ വെയില്‍ എത്തിയതോടെ മണ്ണിലെ ഈര്‍പ്പം കുറഞ്ഞു. ഈര്‍പ്പം കുറഞ്ഞ മണ്ണില്‍ മണ്ണിരകള്‍ക്ക് ജീവിക്കാനാകില്ല.

ചൂടു കുറഞ്ഞ രാത്രി കാലങ്ങളില്‍ ഇവ മണ്ണിന് പുറത്തെത്തി സുരക്ഷിത സ്ഥാനങ്ങള്‍ തേടിപ്പോകും. എന്നാല്‍, സുരക്ഷിത സ്ഥാനത്തേയ്ക്ക് എത്തുന്നതിന് മുന്‍പ് നേരം പുലരുകയും വെയില്‍ എത്തുകയും ചെയ്യുന്നയോടെയാണ് ഇവ ചാകുന്നത്.