വീണ്ടും എബോള ഭീതി: ജാഗ്രതാ മുന്നറിയിപ്പു നൽകി കോംഗോ ഭരണകൂടം

കോംഗോ വീണ്ടും എബോള ഭീതിയിൽ. വീണ്ടും വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ് കോം​ഗോയിൽ. എബോള ബാധിച്ച് ഒരാൾ മരിച്ചതിന് പിന്നാലെയാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എബോള സ്ഥിരീകരിച്ചതായി പ്രഖ്യാപിച്ചിരിക്കുന്നത്. ബാൻഡകയിൽ നിന്നുള്ള 31 കാരനാണ് എബോള ബാധിച്ച് മരിച്ചത്. ഏപ്രിൽ 5 മുതൽ രോഗലക്ഷണങ്ങൾ കണ്ടുവന്ന ഇയാളെ ഒരാഴ്ചയോളം വീട്ടിൽ ചികിത്സിച്ചതിനു ശേഷമാണ് ആശുപത്രി സംവിധാനത്തിനു കീഴിൽ ചികിത്സയ്ക്ക് എത്തിച്ചത്.

പിന്നീട് എബോള ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റിയെങ്കിലും തൊട്ടടുത്ത ദിവസം തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ആരോഗ്യ പ്രവർത്തകരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. എബോളയുടെ ഉറവിടം സംബന്ധിച്ച അന്വേഷണം നടന്നുവരികയാണെന്ന് ഗ്ലോബൽ ഹെൽത്ത് ഏജൻസി അറിയിച്ചു. 2018 നു ശേഷം ആറാം തവണയാണ് കോംഗോയിൽ എബോള സ്ഥിരീകരിക്കുന്നത്.

Loading...