എക്യൂമെനിക്കല്‍ ഫെഡറേഷന്‍ പ്രാര്‍ത്ഥനാദിനം ഭക്തിനിര്‍ഭരമായി

ന്യൂയോര്‍ക്ക്: സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ലോക പ്രാര്‍ത്ഥനാദിനം ഭക്തിപുരസരം ആചരിച്ചു. ഈവര്‍ഷം പ്രാര്‍ത്ഥനയില്‍ അനുസ്മരിച്ച രാജ്യം ബഹാമസായിരുന്നു.

എല്‍മോണ്ടിലെ സെന്റ് വിന്‍സെന്റ് ഡി പോള്‍ മലങ്കര കത്തോലിക്കാ പള്ളിയില്‍ നടന്ന പ്രാര്‍ത്ഥനാദിനത്തിന് യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത മുഖ്യാതിഥിയായി. കേരളീയ വേഷമണിഞ്ഞ വനിതകളും വൈദീകരുമടങ്ങിയ സദസ് അദ്ദേഹത്തെ എതിരേറ്റു.

Loading...

തുടര്‍ന്ന് വാദ്യസംഗീതം പ്രിയങ്ക തോമസിന്റെ നേതൃത്വത്തില്‍ ആകര്‍ഷകമായി. ഗ്രേസി വര്‍ഗീസ് പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. സിസ്റ്റര്‍ കാഞ്ചന എസ്.ഐ.സി ബൈബിള്‍ പാരായണവും വിശദീകരണവും നടത്തി.

മറിയാമ്മ ഏബ്രഹാമിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച സ്‌കിറ്റ് ഏറെ പ്രശംസ നേടി. തുടര്‍ന്ന് ബഹാമസിനെപ്പറ്റിയുള്ള സ്ലൈഡ് ഷോ രാജ്യത്തിന്റെ സംസ്‌കാരവും ജീവിതവും തുറന്നുകാട്ടി.

ഫെഡറേഷന്‍ പ്രസിഡന്റ് റവ സാമുവേല്‍ ഉമ്മന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സിബു ജേക്കബ് സ്വാഗതം ആശംസിച്ചു. വൈ.എം.സി.എ പോലുള്ള സംഘടനകളിലൂടെ എങ്ങനെ ദൈവവേല ചെയ്യാമെന്നതിനെപ്പറ്റി മെത്രാപ്പോലീത്ത സംസാരിച്ചു.

കഴിഞ്ഞവര്‍ഷത്തെ പ്രസിഡന്റ് റവ ജോജി മാത്യു, 2015ലെ അത്മായ വൈസ് പ്രസിഡന്റ് റെജി വലിയകാലാ, സെന്റ് വിന്‍സെന്റ് ഡി പോള്‍ ചര്‍ച്ച് വികാരി റവ. സത്യന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഗീവര്‍ഗീസ് മാത്യു നന്ദി പറഞ്ഞു. ട്രഷറര്‍ ജിന്‍സണ്‍ പത്രോസ്, ജോ. സെക്രട്ടറി കോശി, പ്രോഗ്രാം കണ്‍വീനര്‍ ഏബ്രഹാം സി. തോമസ്, വിമന്‍സ് ഫോറം നേതാവ് മിനി ഉമ്മന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.