പത്തനംതിട്ട /കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിലീവേഴ്സ് ചര്‍ച്ച് ആസ്ഥാനത്തടക്കം വിവിധ സ്ഥാപനങ്ങളില്‍ ഇഡി റെയിഡ്. ഷാജ് കിരണ്‍ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് റെയിഡ് നടക്കുന്നത്. 50 ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് ബിലീവേഴ്സ് ചര്‍ച്ചിന്റെ ആസ്ഥാനത്തും വിവിധ സ്ഥാപനങ്ങളിലുമായി റെയ്ഡി നടത്തുന്നത്.
കുറ്റപ്പുഴയിലെ സഭാ ആസ്ഥാനം, ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ്, സഭ മാനേജര്‍ സിജോ പന്തപ്പള്ളിയുടെ വസതി എന്നിവടങ്ങളിലാണ് ഇഡി സംഘം റെയ്ഡ് നടത്തുന്നത്.
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പുറത്ത് വിട്ട ഷാജ് കിരണിന്റെ ശബ്ദരേഖയുടെ പശ്ചാത്തലത്തിലാണ് ഇഡി അന്വേഷണം നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും പണം ബിലീവേഴ്സ് ചര്‍ച്ച് വഴി അമേരിക്കയിലേക്ക് കടത്തി എന്നാണ് ഷാജ് കിരണിന്റെ ശബ്ദരേഖയില്‍ പറയുന്നത്.
സ്വപ്ന ശബ്ദരേഖ പുറത്ത് വിട്ടതിന് പിന്നാലെ കേരളത്തില്‍ നിന്ന് പണം അമേരിക്കയിലേക്ക് കടത്തിയതിന് യോഹ്നാനെതിരെ അമേരിക്കന്‍ കോടതിയില്‍ നടന്ന കേസും വലിയ ചര്‍ച്ചയായിരുന്നു. ബിലീവേഴ്സ് ചര്‍ച്ചിന്റെ തിരുവല്ലയിലെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 350 കോടി രുപ അമേരിക്കയിലേക്ക് മാറ്റിയതാണ് കേസ്.
സ്വപ്ന പറയുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഷാജ് കിരണുമായി ഒരു ബന്ധവും ഇല്ലെന്നും ബിലീവേഴ്സ് ചര്‍ച്ച് പ്രതികരിച്ചിരുന്നു. സഭയെ അപകീര്ത്തിപ്പെടുത്തുവനാണ് ഷാജ് കിരണ്‍ ശ്രമിക്കുന്നതെന്നുമായിരുന്നു ആരോപണം.