തോമസ് ഐസക് സാക്ഷിയെന്ന് ഇഡി; ബുധനാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും

കൊച്ചി. ഇഡിക്കെതിരെ തോമസ് ഐസക് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇഡിയോട് ഹൈക്കോടതി വിശദീകരണം ചോദിച്ചു. സ്വകാര്യത മാനിക്കണമെന്നും അത് മറികടക്കരുതെന്നും കോടതി നിര്‍ദേശിച്ചു. ഹര്‍ജി ബുധനാഴ്ച പരിഗണിക്കും. അത് വരെ നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശം.

തോമസ് ഐസകിനോട് ഇഡി ആവശ്യപ്പെട്ട രേഖകളുടെ അടിസ്ഥാനത്തിലാണ് സ്വകാര്യതയുടെ ലംഘനം ഹൈക്കോടതി കണ്ടെത്തിയത്. ആദ്യം ചോദ്യം ചെയ്യലിന് ഹാജരാകുവാന്‍ നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെടാത്ത പല കാര്യങ്ങളും രണ്ടാമത്തെ നോട്ടീയില്‍ ഉള്ളതായി കോടതി കണ്ടെത്തി.

Loading...

ഫെമ നിയമത്തിന്റെ ലംഘനം ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും ചട്ടപ്രകാരമാണ് നോട്ടീസ് നല്‍കിയതെന്നും ഇഡി കോടതിയെ അറിയിച്ചു. അതേസമയം തോമസ് ഐസക്കിനെ സാക്ഷിയായിട്ടാണ് വിളിപ്പിച്ചിരിക്കുന്നതെന്നും ഇഡി വ്യക്തമാക്കി.

എന്നാല്‍ കൃത്യമായ വിശദീകരണം നല്‍കാതെയാണ് സമന്‍സ് അയച്ചതെന്നും എന്ത് കുറ്റമാണ് ചെയ്തതെന്ന് ചോദിക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു. സാക്ഷിയാക്കിയ വ്യക്തിയോട് ചോദിക്കുന്നത് പോലെയല്ല പ്രതിയോടെന്ന പോലെയാണ് ചോദിച്ചതെന്നും തോമസ് ഐസക്ക് പറയുന്നു. ബുധനാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ ഇഡി നല്‍കുന്ന വിശദീകരണത്തെ ആശ്രയിച്ചായിരിക്കും കോടതിയുടെ ഇടപെടല്‍.